ADVERTISEMENT

‘‘ഇത് കേരളത്തിലെ ഒരു മിടുക്കി പെൺകുട്ടി നട്ടുവളർത്തിയ പേര തൈയാണ്. താങ്കൾക്കു നൽകിയതാണ്’’– 2021ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പേര  ചെടി കൈമാറിക്കൊണ്ട് സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതിയിൽ ഈ ചെടി പൂക്കാൻ തയാറാവുകയാണെന്ന് പറഞ്ഞ് ഒരു ചിത്രവും സുരേഷ് ഗോപി പുറത്തുവിട്ടിരുന്നു.

ഇപ്പോഴിതാ, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയ പ്രധാനമന്ത്രി തനിക്ക് പേര ചെടി നൽകിയ പെൺകുട്ടിയെ നേരിട്ട് കണ്ടിരിക്കുന്നു! പത്തനംതിട്ട കുളനട സ്വദേശിനി ജയലക്ഷ്മിയാണ് മറ്റൊരു തൈയുമായി പ്രധാനമന്ത്രിയെ നേരിട്ട് കണ്ടത്. ജൈവകൃഷിയെ രാജ്യത്തുടനീളം പ്രോത്സാഹിപ്പിക്കണമെന്ന സ്വപ്നങ്ങളുമായി നടക്കുന്ന പെൺകുട്ടിയുമായി പ്രധാനമന്ത്രി അൽപനേരം സംസാരിച്ചു. ഇരുവരും ചേർന്നുള്ള ചിത്രം പ്രധാനമന്ത്രി തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. ജയലക്ഷ്മിയെ കണ്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു.

സ്വന്തം വീട്ടുമുറ്റത്താണ് ജയലക്ഷ്മി ജൈവ കൃഷിയിടം വികസിപ്പിച്ചത്. കുട്ടി കർഷകയെ 'കർഷക തിലകം' പുരസ്കാരം നൽകി സർക്കാർ ആദരിച്ചിരുന്നു. ജയലക്ഷ്മിയെക്കുറിച്ച് അറിഞ്ഞ പ്രധാനമന്ത്രി, സുരേഷ്ഗോപി വഴി അഭിനന്ദന കത്ത് കൊച്ചുമിടുക്കിക്ക് കൈമാറുകയും ചെയ്തു. ജയലക്ഷ്മിയെ പൊന്നാടയണിയിച്ച് ആദരിച്ച സുരേഷ്ഗോപി പ്രധാനമന്ത്രിയുടെ ആ കത്ത് വായിച്ചുകേൾപ്പിക്കാൻ മറന്നില്ല.

ജയലക്ഷ്മി നൽകിയ ചെടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറി സുരേഷ്ഗോപി (Photo: X/@TheSureshGopi)
ജയലക്ഷ്മി നൽകിയ ചെടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറി സുരേഷ്ഗോപി (Photo: X/@TheSureshGopi)

തുടർന്ന് സുരേഷ്ഗോപിക്ക് ഒരു പേര ചെടി കൈമാറി. പറ്റുമെങ്കിൽ ഇത് താൻ ഡൽഹിക്ക് കൊണ്ടുപോവുകയും പ്രധാനമന്ത്രിയെ ഏൽപിക്കുകയും ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. പിറ്റേന്ന് തന്നെ സുരേഷ്ഗോപി ആ തൈ മോദിക്ക് കൈമാറുകയായിരുന്നു. തന്റെ സമ്മാനം പ്രധാനമന്ത്രിക്ക് എത്തുമെന്ന് കരുതിയില്ലെന്നും വളരെ സന്തോഷമുണ്ടെന്നും ജയലക്ഷ്മി അന്ന് പറഞ്ഞിരുന്നു. ഇപ്പോൾ സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതും ഒപ്പം പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് മറ്റൊരു ചെടി കൈമാറാൻ കഴിഞ്ഞതിന്റെയും സന്തോഷത്തിലാണ് ഈ കൊച്ചുമിടുക്കി.

പ്രധാനമന്ത്രി നൽകേണ്ട പേരയ്ക്ക ചെടി സുരേഷ്ഗോപിയുടെ കൈയിൽ ഏൽപ്പിക്കുന്ന ജയലക്ഷ്മി (Screengrab:SURESHGOPI FAN CUTZ ROOPESH KUNHIMAVILA)
പ്രധാനമന്ത്രിക്ക് നൽകേണ്ട പേരയ്ക്ക ചെടി സുരേഷ്ഗോപിയുടെ കൈയിൽ ഏൽപ്പിക്കുന്ന ജയലക്ഷ്മി (Screengrab:SURESHGOPI FAN CUTZ ROOPESH KUNHIMAVILA)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com