യുദ്ധത്തിന് പിന്നാലെ ഭക്ഷണദൗർലഭ്യം; ഗാസയുടെ വിശപ്പുമാറ്റുന്നത് ഇലച്ചെടി; ‘ഖോബിസ’യെ അറിയാം
Mail This Article
യുദ്ധവിമാനങ്ങളും ടാങ്കുകളും ആക്രമണം നടത്തുന്ന ഗാസയിൽ വിശപ്പും വേട്ടയ്ക്കിറങ്ങുന്നു. കഴിഞ്ഞ 5 മാസമായി തീവ്രയുദ്ധം നടക്കുന്ന ഗാസയിൽ ഒറ്റപ്പെടൽ മൂലം ഭക്ഷണ ദൗർലഭ്യം കടുക്കുകയാണ്. കുട്ടികൾ ഉൾപ്പെടെ അനേകം പലസ്തീൻകാർ ഭക്ഷണദൗർലഭ്യം മൂലം മരിച്ചെന്നാണു റിപ്പോർട്ടുകൾ.
ഇതിനിടെ ഗാസയിലെ ആളുകളുടെ പ്രധാനഭക്ഷണസ്രോതസ്സായി മാറിയിരിക്കുന്നത് ഖോബിസ എന്നു തദ്ദേശീയമായി അറിയപ്പെടുന്ന ഒരു കാട്ടുചെടിയാണ്. കോമൺ മാലോ വീഡ് എന്നാണ് ഇതിന്റെ ഇംഗ്ലിഷ് നാമം. വരണ്ട ഭൂപ്രദേശങ്ങളിൽ വ്യാപകമായി വളരുന്നതാണ് ഈ ചെടി. യുദ്ധം തുടങ്ങി ഗാസയിലേക്കുള്ള ഭക്ഷണവിതരണം തടസ്സപ്പെട്ടതു മുതൽ ഈ ചെടി ജനങ്ങൾക്ക് ഭക്ഷണമായി മാറുകയായിരുന്നു. യുദ്ധത്തിൽ തകർന്ന ചന്തകളിൽ വിൽക്കുന്ന ഒരു പ്രധാന ഭക്ഷ്യവസ്തു ഇതുതന്നെയാണ്.
Read Also: കശ്മീരിലുമുണ്ടൊരു ദുരൂഹഗുഹ; ഇതിനുള്ളിൽ മറ്റൊരു രാജ്യത്തേക്കുള്ള തുരങ്കപാത!
സൂപ്പുണ്ടാക്കിയും സാലഡുണ്ടാക്കിയുമാണ് പ്രധാനമായി ഖോബിസ ഉപയോഗിക്കുന്നത്. കോമൺ മാലോ ചെടിയുടെ ഇലകളിൽ 21 ശതമാനം പ്രോട്ടീനും 15.2 ശതമാനം ഫാറ്റുമാണ് അടങ്ങിയിട്ടുള്ളത്. 60 സെന്റിമീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഈ ചെടികളിൽ പൂക്കളും പിടിക്കാറുണ്ട്. ലോകത്ത് പലയിടങ്ങളിലും ഈ ചെടി വളരാറുണ്ട്. വടക്കൻ ആഫ്രിക്ക, പശ്ചിമ ഏഷ്യ, കോക്കസസ് മേഖല, മംഗോളിയ, യൂറോപ്പ് തുടങ്ങിയ മേഖലകളിലാണ് ഇവ വളരുന്നത്.
വടക്കൻ ഗാസയിലാണു ഭക്ഷണക്ഷാമം ഏറ്റവും രൂക്ഷം. ഇവിടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ കുറഞ്ഞത് 20 പേർ ഭക്ഷണക്ഷാമത്തിൽ മരിച്ചെന്നാണു റിപ്പോർട്ട്. തെക്കൻ ഗാസയിലും ക്ഷാമം മൂലമുള്ള ബാലമരണങ്ങളുണ്ടാകുന്നെന്ന് യുനിസെഫ് അറിയിച്ചു. റഫായിലെ ആശുപത്രിയിൽ കഴിഞ്ഞ 5 ആഴ്ചകൾക്കിടെ 20 ശിശുക്കളാണു മരിച്ചത്.സൈപ്രസിൽ നിന്നു കടൽവഴിയുള്ള സഹായം ഈ വാരാന്ത്യത്തോടെ തുടങ്ങുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു. അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന റഫായിലും ഭക്ഷണക്ഷാമമുണ്ട്.