Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉണരുകയാണ് ശബരിമല

മഹാപ്രളയം വരുത്തിയ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ മണ്ഡല – മകരവിളക്കു തീർഥാടനത്തിനും മാസപൂജകൾക്കും ശബരിമല നട തുറക്കുന്നത്. രൂക്ഷമായ വെള്ളപ്പൊക്കം കാരണം നിറപുത്തരി, ചിങ്ങമാസ പൂജകൾക്കു തീർഥാടകർക്കു സന്നിധാനത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല. തീർഥാടനപുണ്യത്തിലേക്ക് അയ്യപ്പക്ഷേത്രനട നവംബർ പതിനാറിനാണു തുറക്കുന്നത്. ഈ വേളയിൽ മലകയറുന്ന ലക്ഷക്കണക്കിനു തീർഥാടകർക്കു സുരക്ഷിത യാത്രയും സുഗമദർശനവും ഒരുക്കേണ്ടതു സംസ്‌ഥാനത്തിന്റെ കടമതന്നെ. 

പ്രളയത്തിന്റെ കഷ്ടതകളിൽനിന്ന് ഈ പുണ്യഭൂമി കരകയറുകയാണ്. മണ്ണിനടിയിൽ പൂണ്ടുപോയ ത്രിവേണി പാലം കണ്ടെത്താൻ കഴിഞ്ഞു. അണക്കെട്ട് അടച്ചതിനാൽ നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. ഗതിമാറി ഒഴുകിയ പമ്പാനദിയെ പഴയ സ്ഥാനമായ ത്രിവേണി പാലത്തിന് അടിയിൽക്കൂടി തിരിച്ചുവിടാനും അയ്യപ്പന്മാർക്കു നടന്നു സന്നിധാനത്തേക്കു പോകാനും താൽക്കാലിക സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞതിൽ ആശ്വസിക്കാം. 

വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെ പമ്പാ ത്രിവേണിയിൽ ഒരുക്കിയിരുന്ന അടിസ്ഥാന സൗകര്യങ്ങളെല്ലാം പ്രളയത്തിൽ ഒലിച്ചുപോയി. 350 ശുചിമുറികളുള്ള മൂന്നു ബ്ലോക്ക് കെട്ടിടം പൂർണമായും ഇല്ലാതായിക്കഴിഞ്ഞു. ചെറിയാനവട്ടത്തെ മാലിന്യ സംസ്കരണശാലയ്ക്കും നാശം നേരിട്ടു. ത്രിവേണിയിൽനിന്നു മാലിന്യ സംസ്കരണശാലയിലേക്കുള്ള പൈപ്പുലൈനുകളും നശിച്ചതുകൊണ്ട് അവിടെ ശുചിമുറികളൊന്നുമില്ലാത്ത അവസ്ഥയാണ്. ഇവയുടെ പുനർ നിർമാണത്തിനു സമയമെടുക്കുമെന്നതിനാൽ, പകരം ബയോടോയ്‌ലറ്റുകൾ സ്ഥാപിക്കാനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനം. അതിനുമുൻപ് മാലിന്യസംസ്കരണ ശാലയ്ക്കുണ്ടായ തകരാർ പരിഹരിക്കേണ്ടതുണ്ട്.

ത്രിവേണിയിൽ തീർഥാടകർ വിശ്രമിച്ചുവന്ന മണ്ഡപം, തിരക്കനുസരിച്ചു തീർഥാടകരെ ക്യു നിർത്തിയിരുന്ന നടപ്പന്തൽ, അന്നദാന മണ്ഡപം, ഹോട്ടൽ സമുച്ചയങ്ങൾ, അയ്യപ്പസേവാ സംഘം ഓഡിറ്റോറിയം തുടങ്ങിയവയെല്ലാം തകർന്നിട്ടുണ്ട്. സന്നിധാനത്തേക്കും പമ്പാ ഗണപതി കോവിലിലേക്കുമുള്ള വൈദ്യുതി വിതരണം പൂർണമായും നിലച്ചതു ഭാഗികമായി പുനഃസ്ഥാപിക്കാൻ കഴിഞ്ഞതുകൊണ്ട് 16 മുതൽ 21 വരെയുള്ള കന്നിമാസ പൂജയ്ക്ക് എത്തുന്നവർക്ക് ഇരുട്ടിൽ തപ്പിത്തടയാതെ മലകയറാം.

പ്രളയത്തിൽ ഒഴുകിവന്ന കല്ലും മണ്ണും അടിഞ്ഞുകൂടി ത്രിവേണിയിലെ പമ്പ്ഹൗസ് നശിക്കുകയും ട്രാൻസ്ഫോമർ ചെളിയിൽ പൂണ്ടുപോകുകയും പൈപ്പുകൾ നശിക്കുകയും ചെയ്തതുകൊണ്ട് ജലവിതരണം പൂർണമായും മുടങ്ങിക്കിടക്കുകയാണ്. ഇതു പുനരാരംഭിക്കാനുള്ള പണികൾ തുടങ്ങിയത് ആശ്വാസകരമാണ്. ഉരുൾപൊട്ടി എത്തിയ കല്ലും മണ്ണും നിറഞ്ഞു കുന്നാർ ഡാം നികന്നിട്ടുണ്ട്. മണ്ണു മുഴുവൻ നീക്കിയാലേ സന്നിധാനത്തേക്കു വെള്ളം എത്തിക്കാൻ കഴിയൂ. കുന്നാർ ഡാമിലെ മണ്ണ് നീക്കിയില്ലെങ്കിൽ തീർഥാ‌ടനകാലത്ത് അതിരൂക്ഷമായ ജലക്ഷാമമാവും ഉണ്ടാവുക.  

പ്രളയമുണ്ടാക്കിയ കെടുതികളിൽനിന്നു തിരിച്ചുവരാൻ  യുദ്ധകാലാടിസ്ഥാനത്തിലുള്ള കഠിന പരിശ്രമം ഉണ്ടായേതീരൂ. പുനരുദ്ധാരണ പദ്ധതിക്കു രൂപം നൽകി നടപ്പാക്കാൻ ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ഫണ്ടിൽനിന്ന് അതിനുള്ള പണം നൽകാനാണു മുഖ്യമന്ത്രി നിർദേശിച്ചിട്ടുള്ളത്. എന്നാൽ, അതിനുള്ള സാമ്പത്തികശേഷിയില്ലാത്ത സാഹചര്യത്തിലാണ് ദേവസ്വം ബോർഡെന്നു പറയുന്നു.

ഇതിനു പുറമേയാണു റോഡുകൾക്കുണ്ടായ നാശം. പേമാരിയിൽ ശബരിമലയിലേക്കുളള പ്രധാന പാതയായ മണ്ണാരക്കുളഞ്ഞി–പമ്പ റോഡ് എട്ടിടത്താണ് ഇടിഞ്ഞ് അപകടാവസ്ഥയിലുള്ളത്. ഇതിൽ രണ്ടെണ്ണമൊഴികെയുള്ളവയുടെ പണികളെല്ലാം പൊതുമരാമത്തു വകുപ്പാണു ചെയ്യേണ്ടത്. പമ്പയിലെ രണ്ടു ജോലികൾ ചെയ്യേണ്ടതു ദേവസ്വം ബോർഡും. വശം ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായതിനാൽ അടുത്ത തീർഥാടനത്തിനു നിലയ്ക്കൽ വരെ മാത്രമായി അയ്യപ്പന്മാരുടെ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെ‌ടുത്തിയിട്ടുണ്ട്.

തീർഥാടനകാലത്തിലേക്ക് ഇനിയധികം ദൂരമില്ല. തീർഥാടകക്ഷേമം കുറ്റമറ്റ രീതിയിൽ നടപ്പാക്കേണ്ടതു നമ്മുടെ കടമയാണ്. സർക്കാരും ദേവസ്വം ബോർഡും ഭക്തരും ഒരുമയോടെ പ്രവർത്തിച്ച് അതു സാധ്യമാക്കിയേതീരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.