Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ: സുപ്രീം കോടതി വിധിയുടെ പ്രസക്തിയെന്ത്? ആശയക്കുഴപ്പത്തിന് അവസാനം

aadhar--people

ആധാർ സംബന്ധിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധിന്യായത്തിന്റെ ഗുണഭോക്താക്കൾ ആധാറിൽ ഇനിയും റജിസ്റ്റർ ചെയ്യാത്ത പുതുതലമുറയാണ്. ആധാറിനായി വ്യക്തിഗത വിവരങ്ങൾ നൽകിയവർക്ക് അതിലൂടെ എന്തെങ്കിലും നഷ്ടപ്പെടാനുണ്ടെങ്കിൽ ഇതിനോടകം അതു സംഭവിച്ചിട്ടുണ്ടാവും. അവർക്കുവേണ്ടി ഒന്നും ചെയ്യാൻ കഴിയുന്നതല്ല ഈ വിധി. ഇക്കാരണം കൊണ്ടു തന്നെ ഭരണഘടനാപരമായ നാഴികക്കല്ലായി ഇതിനെ വിശേഷിപ്പിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. കാരണം, ഇത്തരം വിധികൾക്കു മുൻകാല പ്രാബല്യം ഇല്ല. 

ആധാർ വിവരങ്ങൾ പുറത്തുനൽകിയെന്ന് ആർക്കെതിരെ ആരോപണം ഉയർന്നാലും അവർ കോടതികളിൽ ഇനി സ്വീകരിക്കാൻ പോവുന്ന നിലപാട് ഊഹിക്കാൻ കഴിയും. ‘അത് ഞങ്ങൾ സുപ്രീം കോടതി വിധിക്കു മുൻപു നൽകിയതാണ്; വിധിക്കു ശേഷം ഒരു വിവരവും പുറത്തു നൽകിയിട്ടില്ല’. എന്നാൽ, ഒരുകാര്യം കാണാതിരിക്കാൻ കഴിയില്ല. ആധാറുമായി ബന്ധപ്പെട്ടു രാജ്യത്തെ സാധാരണ ജനങ്ങൾ നേരിടുന്ന പല ആശയക്കുഴപ്പങ്ങളും അവസാനിപ്പിക്കാൻ വിധിന്യായത്തിനു കഴിയും. സാധാരണക്കാരന്റെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് അടുത്തകാലത്ത് ഏറ്റവുമധികം പണം ചോർത്തിയ സൈബർ കുറ്റകൃത്യത്തിന്റെ ചതിക്കുഴി ഒരുക്കിയതും ആധാർ സംബന്ധിച്ചു ജനങ്ങൾക്കുണ്ടായ ആശയക്കുഴപ്പമാണ്. 

ബാങ്ക് ഉദ്യോഗസ്ഥർ എന്ന വ്യാജേന നിക്ഷേപകനെ ഫോണിൽ വിളിച്ചു ‘നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല, അത് ഉടൻ ചെയ്തില്ലെങ്കിൽ എടിഎം കാർഡ് ഉപയോഗിക്കുന്നതിൽ പോലും തടസ്സമുണ്ടാവുമെന്ന്’ അറിയിച്ചാണ് ഇരകളുടെ അക്കൗണ്ട് നമ്പറും രഹസ്യവിവരങ്ങളും തട്ടിപ്പുകാർ ചോർത്തിയത്.

ഒരു വ്യക്തിയുടെ ആധാർ വിവരങ്ങൾ ഇപ്പോൾ ആരുടെയെല്ലാം കൈകളിൽ എത്തിയിട്ടുണ്ടെന്ന കാര്യത്തിൽ ഭൂരിപക്ഷം ജനങ്ങൾക്കും സംശയമുണ്ട്; അങ്ങനെ സംഭവിക്കില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും. ഏതായാലും, ആധാർ വിവരങ്ങൾ സംബന്ധിച്ചുണ്ടാവുന്ന കഷ്ടനഷ്ടങ്ങൾക്കു നിയമപരമായി പരിഹാരം തേടാൻ ഈ വിധിന്യായം ഓരോ വ്യക്തിയെയും അധികാരപ്പെടുത്തുന്നത് കുറ്റകൃത്യങ്ങൾ കുറയാൻ ഒരു പരിധിവരെ സഹായിക്കും. ആധാർ ഏജൻസിയായ യുഐഡിഎഐയ്ക്കു മാത്രമേ, ഇതുവരെ ഇത്തരം കേസുകൾ നടത്താൻ കഴിയുമായിരുന്നുള്ളു. ജനപ്രാതിനിധ്യ സഭകളുടെ പ്രത്യേക അവകാശമായി കണക്കാക്കുന്ന ‘പണ ബിൽ’ ഇപ്പോഴത്തെ ആധാർ വിധിന്യായത്തോടെ പുതിയ ചില ചർച്ചകൾക്കു വഴിതുറന്നിട്ടുണ്ട്. 

ആധാർ ബില്ലിനെ പണ ബിൽ ‘പോലെ’ കണക്കാക്കുന്ന ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ അഭിപ്രായത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ ഇഷ്ടം തോന്നുന്നത് ആധാർ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ആധാറിനെ പണ ബിൽ ആക്കിയതു ഭരണഘടനയോടു കാണിച്ച തട്ടിപ്പാണെന്നും അഭിപ്രായപ്പെട്ട ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നിലപാടിനോടാണ്.  ഭരണഘടന ഉറപ്പുനൽകുന്ന സംരക്ഷണങ്ങൾ സാങ്കേതിക വളർച്ചയുടെ പേരിൽ ഒഴിവാക്കാനാവില്ലെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഉച്ചത്തിൽ മുഴങ്ങിക്കേൾക്കുന്നുണ്ട്.

നിയമനിർമാണ വ്യവസ്ഥയിൽ പുതിയൊരു തരം ബില്ലുകൾ കൂടി ഇതോടെ സൃഷ്ടിക്കപ്പെടുകയാണ്. പണ ബില്ലുകളും പണ ബില്ലുകൾ പോലെയുള്ള ബില്ലുകളും. ജനപ്രാതിനിധ്യസഭ അവതരിപ്പിക്കുന്ന ബില്ലുകൾ സ്പീക്കർ ധനബില്ലായി രേഖപ്പെടുത്തി കൈമാറിയാൽ ഒപ്പുവയ്ക്കാനുള്ള അവസരം മാത്രമാണു രാഷ്ട്രപതിക്കുള്ളത്. എന്നാൽ, ആധാർ ബില്ലിനു സമാനമായ ബില്ലുകൾ ഭാവിയിൽ പണ ബില്ലു ‘പോലെ’ എത്തുമ്പോൾ അതു മടക്കാനുള്ള പുതിയൊരു അവസരം നിയമപരിജ്ഞാനമുള്ള രാഷ്ട്രപതിമാർക്കു തുറന്നുകിട്ടുന്നുണ്ട്.

കുറ്റാന്വേഷണത്തിന് ആധാർ വിവരങ്ങൾ ലഭ്യമാക്കുന്നതിനെ ഒട്ടും സഹായിക്കാത്ത വിധിയാണിത്. സ്വകാര്യത ഏതൊരു വ്യക്തിയുടെയും അവകാശമാക്കുന്ന പുതിയകാല നിയമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്ന നിലപാടാണ് ഇവിടെ ഭരണഘടനാ ബെഞ്ച് പിന്തുടരുന്നത്. പുതിയ കീഴ്‌വഴക്കങ്ങൾ സൃഷ്ടിക്കുന്ന, വ്യക്തിവിവര പരിരക്ഷയുടെ നിർവചനങ്ങളിൽ കാലികമായി ഇടപെടുന്ന ഭരണഘടനാ ബെഞ്ചിന്റെ വിധിന്യായം, ആധാർ വിവരച്ചോർച്ച തടയാൻ എങ്ങനെ സഹായകരമാവുമെന്നു കാത്തിരുന്നു കാണാം. ഇക്കാര്യത്തിലാണല്ലോ സാധാരണക്കാരന്റെ ഏറ്റവും വലിയ ആശങ്ക നിലനിൽക്കുന്നത്.