Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല പുരുഷാധിപത്യത്തിന്‍റെയും സ്ത്രീ വിവേചനത്തിന്‍റെയും അടയാളമാക്കുന്നത് ദൗര്‍ഭാഗ്യകരം

രാജീവ് ചന്ദ്രശേഖർ, രാജ്യസഭാംഗം
Sabarimala-1

2018 എന്റെ ഇരുപത്തിയഞ്ചാമത്തെ ശബരിമല തീർഥാടന വർഷം ആകേണ്ടതായിരുന്നു. വളരെ കുഞ്ഞിലേ തുടങ്ങിയ ആചാരമായിരുന്നു വർഷത്തിലൊരിക്കൽ ശബരിമല കയറി അയ്യപ്പന്റെ മുന്നിലെത്തി പ്രാർഥിക്കുക എന്നത്. പഠനത്തിനും ജോലിക്കുമായി അമേരിക്കയിലേയ്ക്ക് പോയ കാലത്തു കുറച്ചു നാൾ ഇത് മുടങ്ങി. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ വീണ്ടും മല ചവിട്ടി തുടങ്ങി. പതിനെട്ടു വർഷം മല ചവിട്ടുക എന്ന കടമ്പ കടന്ന് ഞാൻ ഒരു ഗുരുസ്വാമി കൂടിയാണ്. ഈ വർഷം ആദ്യം ഓഗസ്റ്റ് / സെപ്റ്റംബർ മാസങ്ങളിൽ വെള്ളപ്പൊക്കം കാരണം യാത്ര തടസ്സപ്പെട്ടു, പിന്നെ ഇപ്പോൾ ഭക്തജനങ്ങളുടെ സമരം കാരണവും.

കേരളത്തിലെ പല ക്ഷേത്രങ്ങളെയുംപോലെ ശബരിമലയിലും തനതായ പുരാണങ്ങളും പാരമ്പര്യവും ആചാരങ്ങളും ഉണ്ട്. മാസത്തിൽ അഞ്ചു ദിവസം മാത്രം തുറക്കുന്നതാണ് ഒരു പ്രത്യേകത - ഓരോ മലയാള മാസത്തിലും ആദ്യ ദിവസം നട തുറക്കും. രണ്ടാമത്തേത്, എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാർക്കും ആരാധനയ്ക്ക് അവസരമുള്ളപ്പോൾ, ഇവിടുത്തെ ആചാരം അനുസരിച്ചു പത്തു വയസ്സിനും അമ്പതു വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ആചാരപരമായ നിയന്ത്രണങ്ങളുണ്ട്.

ഭഗവാന്റെ നാമം ജപിച്ച് പണക്കാരനെന്നോ ദരിദ്രനെന്നോ വലിയവനെന്നോ ചെറിയവനെന്നോ ഭേദഭാവവും ഇല്ലാതെ ജന ലക്ഷങ്ങളുടെകൂടെ മല കയറിയപ്പോൾ, എല്ലാം ഒരേ ശരണ വഴിയിലൂടെ ഒരു ലക്ഷ്യത്തിലേക്കു മാത്രം നടത്തിയപ്പോൾ, ഇത്രയും കാലം ഒരു പ്രശ്നങ്ങളും ഭഗവൽ സന്നിധിയിൽ ആർക്കും ഉണ്ടായിട്ടില്ല. കുറച്ചു വർഷം മുൻപ് എന്റെ അമ്മയെ എനിക്കു ഭഗവാന്റെ സന്നിധിയിലേക്കു കൊണ്ടുപോകാൻ കഴിഞ്ഞു. ഞാൻ നിറവേറ്റിയ ഒരു വലിയ കടമയായിരുന്നു അത്.

പതിനായിരക്കണക്കിന് ജനമാണ് സ്ത്രീകളുടെ നേതൃത്വത്തിൽ പുറത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും മേലുള്ള അർഥശൂന്യമായ ഇടപെടലായാണ് അവർ ഈ വിധിയെയും സർക്കാർ ഇടപെടലിനെയും കാണുന്നത്. അയ്യപ്പനെയും ശബരിമലയെയും അടുത്ത് അറിയാതെ ദൂരെ ഇരുന്നു വീക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവിടുത്തെ ആചാരങ്ങളെ സ്ത്രീവിവേചനത്തിന്റെ സങ്കുചിതമായ വീക്ഷണത്തിലൂടെയേ കാണാൻ കഴിയൂ. വിശ്വാസവും ഭരണഘടനയും തമ്മിലുള്ള സംവാദങ്ങൾ തീർച്ചയായും ഒഴിവാക്കാനാകാത്തതാണ്. അതുപോലെ ആചാരങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കുവാനുള്ള ചർച്ചകൾ ഉണ്ടാകേണ്ടതും അനിവാര്യവുമാണ്‌.

Sabarimala

മുത്തലാക്ക് വിഷയത്തിലും മുസ്‌ലിം പള്ളികളിലെ സ്ത്രീപ്രവേശന വിഷയത്തിലും നമ്മൾ അത് കണ്ടതാണ്. തീർച്ചയായും എന്തുകൊണ്ട് ഇവിടെ അത് പാടില്ല എന്ന ചോദ്യം വരും. വിശ്വസിക്കാനുള്ള സ്വാതന്ത്ര്യവും വിവേചനമില്ലാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും- രണ്ടും ഭരണഘടന തന്നെ ഉറപ്പു തരുന്നതാണ്. എന്റെ രാഷ്ട്രീയ കാഴ്ചപ്പാട് സ്ത്രീ സമത്വത്തിലും എല്ലാ ജന വിഭാഗങ്ങൾക്കും ഒരുപോലെ അവകാശ സംരക്ഷണം നൽകണം എന്നതിലും അടിയുറച്ചു നിൽക്കുന്നതാണ്. എന്നിട്ടും എന്തുകൊണ്ട് ഞാൻ ശബരിമലയിൽ ആചാര ലംഘനത്തിന് എതിര് നിൽക്കുന്നു എന്ന് പറയാം.

ഉത്തരം വളരെ ലളിതമാണ് - ഇത് ഒരു വിവേചനമല്ല, ഇത് അയ്യപ്പനെ ആരാധിക്കുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും വിശ്വാസമാണ്. അയ്യപ്പനിൽ ഉള്ള വിശ്വാസമാണ്. അതുകൊണ്ട് ചർച്ചകൾ സ്വാഗതം ചെയ്യുമ്പോൾ, അതിൽ നാം ശ്രദ്ധാപൂർവം ഗവേഷണവും പഠനവും നടത്തിയശേഷം വേണം തീരുമാനത്തിലെത്താൻ. ഹിന്ദു പാരമ്പര്യങ്ങളിലും ക്ഷേത്ര ആചാരങ്ങളിലും രേഖപ്പെടുത്താതെ കിടക്കുന്ന ധാരാളം ആചാര പദ്ധതികളുണ്ടാകും. പക്ഷെ ഇസ്‌ലാം മതവും ക്രൈസ്‌തവ മതവും ഈ അടുത്തകാലത്തായി ഉണ്ടായ മതങ്ങളായതു കൊണ്ട് തന്നെ കൂടുതൽ ക്രോഡീകരിച്ചിട്ടുണ്ട്.

sabarimala-kodimaram

ഹിന്ദു പാരമ്പര്യങ്ങൾ അങ്ങനെ അല്ല. ആയിരക്കണക്കിന് വർഷങ്ങളായി വായ്‌മൊഴികളിലൂടെയും കേട്ടറിവുകളിലൂടെയും തലമുറ തലമുറ കൈമാറി വന്നതുകൂടെയാണ്. ഓരോ ഹിന്ദു ആരാധന മൂർത്തിക്കും തനതായ പാരമ്പര്യവും ആചാരങ്ങളും ഉണ്ട്. ക്രിസ്ത്യൻ, ഇസ്‌ലാം മതങ്ങളിൽ അവരുടെ ആരാധനാലയങ്ങൾ പ്രാർഥിക്കുവാൻ ഉള്ള സ്ഥലങ്ങൾ മാത്രമാണ്. ഹൈന്ദവ രീതിയിൽ ക്ഷേത്രങ്ങൾ അതാത് ദേവതകളുടെ വാസഗൃഹം കൂടിയാണ്. പുരുഷന്മാർക്ക് നിയന്ത്രണങ്ങളുള്ള ധാരാളം ക്ഷേത്രങ്ങൾ ഇവിടെ ഉണ്ട്. സ്ത്രീകൾക്കു മാത്രം പ്രവേശനമുള്ള ക്ഷേത്രങ്ങളാണ് അവ. അത് പോലെ തിരിച്ചും. ഇതൊക്കെയും അതാത് ക്ഷേത്രങ്ങളിലെ ദേവതകളെ ബന്ധപ്പെടുത്തിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പുരുഷാധിപത്യത്തിന്റെയോ വനിതാ വിവേചനത്തിന്റെയോ ചിഹ്നമായി ശബരിമല ആചാരങ്ങളെ തരംതാഴ്ത്തുന്നത് തെറ്റും ദൗർഭാഗ്യകരവും അപകടകരവുമാണ്. ഇത് ലക്ഷക്കണക്കിന് വരുന്ന വിശ്വാസികൾ ഹൈന്ദവ ധർമത്തിന് നേരെയുള്ള കടന്നുകയറ്റമായാണ് കാണുക. ഇതാണ് ശബരിമല കേസിലെ സുപ്രീം കോടതി വിധിയിൽ പോരായ്മകൾ സൃഷ്ടിക്കുന്നത്. സുപ്രീം കോടതിയുടെ ഈ വിധി ആഴത്തിലുള്ള പഠനത്തിൽനിന്ന് ഉണ്ടായതിനു പകരം വളരെ ധൃതി പിടിച്ച ഒരു ഡൽഹിവികാരം ആയാണ് പലരും കാണുന്നത്. മുത്തലാക്ക് വിധിയെ ബാലൻസ് ചെയ്യാൻ കൊണ്ടുവന്നതു പോലെയുള്ള ഒരു പ്രതീതി പലരിലും ഈ വിധി സൃഷ്ടിച്ചു കഴിഞ്ഞു.

sabarimala

അയ്യപ്പ ഭക്തന്മാരായിരുന്നില്ല ഈ കേസ് കൊടുത്തത്. എന്നാൽ, കേരള സർക്കാരും ദേവസ്വം ബോർഡും ഹർജിക്കാരെ പിന്തുണയ്ക്കാൻ രാഷ്ട്രീയമായി പ്രതിജ്ഞാബദ്ധരായിരുന്നു. അതിനാൽ ശബരിമലയുടെ പാരമ്പര്യത്തെ പ്രതിരോധിക്കാൻ വേണ്ടതൊന്നും കോടതിയിൽ ചെയ്തില്ല. ശബരിമല പാരമ്പര്യവും വിശ്വാസവുമൊക്കെ സംരക്ഷിക്കാൻ പരിശ്രമിച്ചവരുടെ വാദങ്ങൾക്കോ ഉയർത്തിയ പ്രശ്നങ്ങൾക്കോ സുപ്രീം കോടതിയിലെ ഭൂരിപക്ഷ ബെഞ്ചിന്റെ വിധിയിൽ പരാമർശം പോലും ലഭിച്ചതുമില്ല. ഹിന്ദുത്വ പാരമ്പര്യങ്ങളുടെ മേൽ കടന്നു കയറുന്ന ഇത്തരം ക്രൂരശക്തികൾക്കെതിരെ ജാഗ്രത പുലർത്തുന്നത് സംബന്ധിച്ച് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിയോജനക്കുറിപ്പാണ് ശരിക്കും ന്യായമായുള്ളത്.

കേരള ഹിന്ദുക്കൾക്കിടയിൽ ജാതി ഭേദമെന്യേ വലിയ അമർഷവും ദേഷ്യവും വിഷമവുമാണ് ഈ വിധി സൃഷ്ടിച്ചിരിക്കുന്നത്. അവരുടെ പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും പുറത്തുള്ളവരോ അല്ലെങ്കിൽ അത് വ്യക്തമായി മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ലാത്തവരോ ആയ ചില വ്യക്തികൾ ആ വിശ്വാസങ്ങൾക്കു മേൽ കടന്നു കയറാൻ ശ്രമിക്കുന്നതായാണ് അവർ കരുതുന്നത്. ഈ വികാരത്തെ അവഗണിക്കുന്നത് അക്ഷന്തവ്യവും അപകടകരവുമായ തെറ്റാണ്.വിഭജനത്തിന്റെയും പ്രീണനത്തിന്റെയും മാത്രം രാഷ്ട്രീയം കളിക്കുന്ന നിലവിലെ സംസ്ഥാന സർക്കാർ ആണ് സ്ഥിതിഗതികൾ ഇത്രമേൽ വഷളാക്കുന്നത്. മുഖ്യമന്ത്രി യാഥാർഥ്യബോധത്തോടെ പെരുമാറുമെന്നും പുനഃപരിശോധനാ ഹർജിക്കു പോകുമെന്നും പ്രതീക്ഷിക്കുന്നു.

വിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തിൽ അവിശ്വാസികൾക്കു പൊതുതാൽപര്യ ഹർജികൾ സമർപ്പിക്കാൻ അനുവദിച്ചുകൊണ്ട്, മുൻ ചീഫ് ജസ്റ്റിസ് ഗുരുതരമായ പിഴവാണ് വരുത്തിയത്. വിവേചനമില്ലാത്ത ഭരണഘടനാ അവകാശത്തിന് മുസ്‌ലിം വനിതകൾ കോടതിയെ സമീപിക്കുകയാണെങ്കിൽ, കോടതി അതിൽ ഇടപെടണം. അതേപോലെ സ്ത്രീകൾ ആയ അയ്യപ്പ ഭക്തകളാണ് കോടതിയിൽ കേസ് കൊണ്ട് വന്നതെങ്കിലും അത് പരിഗണിക്കണമായിരുന്നു. ഈ വിധി കാരണം ഉണ്ടായ പ്രശ്നങ്ങൾ നോക്കുക. ബഹുഭാര്യാത്വമോ ഹിജാബോ പോലുള്ള വിഷയങ്ങൾ എടുത്തുയർത്തി ഹിന്ദുക്കളോ ക്രിസ്ത്യാനികളോ കോടതിയിൽ പോയാൽ എന്താകും സ്ഥിതി. ക്രിസ്ത്യൻ മതത്തിലെ എന്തെങ്കിലും ഒന്ന് ഇഷ്ടമല്ല എന്ന് പറഞ്ഞു ഹിന്ദുക്കൾ കോടതിയിൽ പോകാൻ തുടങ്ങുന്ന സാഹചര്യം വന്നാൽ എന്താകും സ്ഥിതി. ബഹുമാനപ്പെട്ട സുപ്രീം കോടതി ഈ വിധി പുനഃപരിശോധിക്കണം എന്നുള്ള കാര്യത്തിൽ എനിക്കു രണ്ടഭിപ്രായം ഇല്ല. അത് ഹിന്ദുക്കളും അയ്യപ്പ ഭക്തരും തീർച്ചയായും അർഹിക്കുന്നുണ്ട്.