Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെലികോം നയത്തിന് കരടായി: രണ്ടു വർഷത്തിനകം 40 ലക്ഷം തൊഴിൽ

SPECTRUM-PTI-NEW

ന്യൂഡൽഹി ∙ സാങ്കേതിക വിപ്ലവം ലക്ഷ്യമിട്ടു ദേശീയ ടെലികോം നയം. 2022ൽ 40 ലക്ഷം തൊഴിലവസരങ്ങൾ, 2020ന് അകം 5ജി ശൃംഖല, രാജ്യം മുഴുവൻ 50 എംബിപിഎസ് (സെക്കൻഡിൽ 50 മെഗാബിറ്റ്) വേഗമുള്ള ഇന്റർനെറ്റ്  തുടങ്ങിയ ലക്ഷ്യങ്ങൾ ഉൾപ്പെടുന്ന ‘ദേശീയ ഡിജിറ്റൽ കമ്യൂണിക്കേഷൻ നയം 2018’ന്റെ കരടാണ് അവതരിപ്പിച്ചിരിക്കുന്നത്. ജനങ്ങളുടെ നിർദേശങ്ങൾകൂടി പരിഗണിച്ചാകും അന്തിമ നയം പ്രഖ്യാപിക്കുക.  

ടെലികോം മേഖലയിൽ 6.5 ലക്ഷം കോടി രൂപയുടെ പുതിയ നിക്ഷേപവുമുണ്ടാകും. രാജ്യത്തെ 50% വീടുകളിലും ബ്രോഡ്ബാൻഡ് ഇന്റര്‍നെറ്റും പോർട്ടബിലിറ്റി ലാൻഡ്‌ലൈൻ സേവനവും ലഭ്യമാക്കും. 2020ൽ എല്ലാ ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിച്ചുള്ള ഭാരത്‌നെറ്റ് ശൃംഖലയിൽ ഒരു ജിഗാബിറ്റ് വേഗത്തിൽ ഇന്റർനെറ്റ് ലഭ്യമാക്കും. 2022ൽ ഇതു 10 ജിഗാബിറ്റായി ഉയർത്തും. 1024 മെഗാബിറ്റാണ് ഒരു ജിഗാബിറ്റ്. 

വൈഫൈ തരംഗം

ജൻ വൈഫൈ പദ്ധതിയിലൂടെ ഗ്രാമമേഖലകളിൽ 20 ലക്ഷം വൈഫൈ ഹോട്ട്സ്പോട്ടുകൾ; നഗർനെറ്റ് പദ്ധതിയിലൂടെ നഗരങ്ങളിൽ 10 ലക്ഷം വൈഫൈ ഹോട്ട്സ്പോട്ടുകൾ. 

ജിഡിപി വിഹിതം കൂടും, 2 % 

നിലവിൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) ആറു ശതമാനമാണു ടെലികോം മേഖലയുടെ സംഭാവന. ഇത് എട്ടുശതമാനമായി ഉയർത്തുക പുതിയ നയത്തിന്റെ ലക്ഷ്യം.  

നിർമിതബുദ്ധി, റോബട്ടിക്സ്...

നിർമിതബുദ്ധി, റോബട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), ക്ലൗഡ് കംപ്യൂട്ടിങ്, മെഷീൻ ടു മെഷീൻ (എംടുഎം) തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾക്ക് ഊന്നൽ. 10 ലക്ഷത്തോളം പേർക്കു പുതിയ സാങ്കേതികവിദ്യകളിൽ പരിശീലനം.

അഞ്ചു മടങ്ങ്  ഇന്റർനെറ്റ് വേഗം

നിലവിൽ ഇന്ത്യയിലെ ശരാശരി ഇന്റർനെറ്റ് വേഗം 9.01 എംബിപിഎസ് (ലോക റാങ്കിങ് 109). രണ്ടു വർഷത്തിനകം 50 എംബിപിഎസ് ആണു ലക്ഷ്യം. ലോകത്ത് ഒന്നാമതുള്ള നോർവേയിലെ വേഗം 62.07 എംബിപിഎസ്.  ഇന്ത്യയിൽ ബ്രോഡ്ബാൻഡ് വേഗം 20.72 എംബിപിഎസ് ഉണ്ടെന്നാണ് അവകാശവാദം; ലോക റാങ്കിങ് 67. ഒന്നാമതുള്ള സിംഗപ്പൂരിൽ വേഗം 161.53 എംബിപിഎസ്.