Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൾ മുറിയൽ: വേഗം നടപടിയെന്ന് ടെലികോം മന്ത്രാലയം

call

ന്യൂഡൽഹി ∙ കോളുകൾ മുറിയുന്നതിനും കോൾ കിട്ടാത്തതിനും കഴിയും വേഗം പരിഹാരമുണ്ടാക്കുമെന്നു ടെലികോം മന്ത്രാലയം. ‘കോൾ ഡ്രോപ്’ ഉൾപ്പെടെയുള്ള അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ നിർദേശമാണു മന്ത്രാലയത്തെ ഉണർത്തിയത്. കോളുകൾ പൂർത്തിയാക്കാൻ തനിക്കുതന്നെ കഴിയുന്നില്ലെന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഏറ്റവും മികച്ച സാ‌ങ്കേതികവിദ്യ ഉപയോഗിച്ചു പ്രശ്നപരിഹാരം കാണാനും അദ്ദേഹം നിർദേശം നൽകി.

വൈകാതെ, കോൾ ഡ്രോപ്, കണക്ടിവിറ്റി പ്ര‌ശ്നങ്ങൾക്കു സാങ്കേതിക പരിഹാരം കാണാനാവുമെന്നാണു പ്രതീക്ഷയെന്നു ടെലികോം മന്ത്രി മനോജ് സിൻഹ പറഞ്ഞു. എന്നാൽ, ടെലികോം ടവറുകൾക്കെതിരായ മനോഭാവം മാറണം. അവ ആരോഗ്യത്തിനു ഹാനികരമല്ലെന്നു ജനങ്ങൾക്കു ബോധ്യപ്പെടണം. കോൾ ഡ്രോപ്പിനു കാരണം ടവറുകൾ കുറവായതു മാത്രമല്ലെങ്കിലും അതൊരു മുഖ്യ കാരണമാണ്.
അടിസ്ഥാന പ്രശ്നങ്ങൾ ഗണ്യമായി കുറയുന്നുവെന്നു കഴിഞ്ഞ മാസങ്ങളിലെ ട്രായ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നുവെന്നു മന്ത്രി അവകാശപ്പെട്ടു. ടെലികോം കമ്പനികൾ പ്രശ്നപരിഹാരമുണ്ടാക്കുന്നതു വരെ മന്ത്രാലയത്തിന്റെ സൂക്ഷ്മനിരീക്ഷണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

കോൾ മുറിയലിനു പരിഹാരം കാണാൻ അടുത്ത കാലത്തു സർ‌ക്കാർ പല നടപടികൾ സ്വീകരിച്ചിരുന്നു. സേവനദാതാക്കളിൽ നിന്നു പിഴയീടാക്കാനുള്ള ശ്രമമായിരുന്നു മുഖ്യം. എന്നാൽ, സേവനനിലവാരം മെച്ചപ്പെടുത്തുന്നതിനു ട്രായ് മാനദണ്ഡങ്ങൾ നിർദേശിച്ചതിനിടെ ഈ നീക്കം ഉപേക്ഷിക്കേണ്ടി വന്നു. 5ജി സേവനവും ടെലികോം രംഗത്ത് 10,000 കോടി രൂപ നിക്ഷേപവും ലക്ഷ്യമിട്ടു പുതിയ ഡിജിറ്റൽ കമ്യൂണിക്കേഷൻസ് നയം സർക്കാർ പുറത്തിറക്കിയതു കഴിഞ്ഞ ദിവസമാണ്.