Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുലിനെ മുന്നിൽ നിർത്തി വിശാല സഖ്യം വേണം: രമേശ് ചെന്നിത്തല

Congress leaders ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ചചെയ്യാൻ ചേർന്ന കോൺഗ്രസ് വിശാല പ്രവർത്തക സമിതി യോഗത്തിനെത്തുന്ന കേരള നേതാക്കളായ ടി.എൻ. പ്രതാപൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ എംപി, പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ എന്നിവർ. ചിത്രം ∙ മനോരമ

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ വിശാല സഖ്യത്തിന്റെ നേതൃത്വം കോൺഗ്രസ് ഏറ്റെടുക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രി പദവിയിലേക്കു കോൺഗ്രസിന്റെ മുഖം രാഹുൽ ഗാന്ധിയാവണമെന്നും പ്രവർത്തക സമിതി യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ പരമാവധി സീറ്റുകൾ വിജയിക്കണം. താഴേത്തട്ടിൽ ബിജെപി നടത്തുന്ന സൂക്ഷ്മ പ്രചാരണത്തെ മറികടക്കാനുള്ള പ്രചാരണ തന്ത്രങ്ങൾക്കു പാർട്ടി രൂപം നൽകണം. പരമ്പരാഗത ശൈലി മാറ്റി, സാങ്കേതിക വിദ്യ ഉൾപ്പെടെയുള്ളവ ഫലപ്രദമായി വിനിയോഗിച്ചു പ്രചാരണ രംഗത്തു മേൽക്കൈ നേടണം. പ്രചാരണത്തിൽ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ഹിന്ദിയിലും ഇംഗ്ലിഷിലുമായി നടത്തിയ പ്രസംഗത്തിൽ രമേശ് ചൂണ്ടിക്കാട്ടി.

35 പേർ പ്രസംഗിച്ച യോഗത്തിൽ കേരളത്തിൽ നിന്നുള്ള ഏക പ്രസംഗകനായിരുന്നു രമേശ്. അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവർക്കൊപ്പം പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി വേദി പങ്കിട്ടു. സമിതി അംഗങ്ങളായ ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, സ്ഥിരം ക്ഷണിതാവ് പി.സി.ചാക്കോ, കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, പ്രഫഷനൽ കോൺഗ്രസ് അധ്യക്ഷൻ ശശി തരൂർ, മൽസ്യത്തൊഴിലാളി കോൺഗ്രസ് അധ്യക്ഷൻ ടി.എൻ.പ്രതാപൻ, എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എന്നിവർ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തു. കുട്ടനാട്ടിലെ മഴക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തിരക്കിലായതിനാൽ പാർട്ടി പാർലമെന്ററി കക്ഷി സെക്രട്ടറി കൊടിക്കുന്നിൽ സുരേഷ് യോഗത്തിൽ പങ്കെടുത്തില്ല.