Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഖ്യം തന്ത്രം: വേഗം കൂട്ടി കോൺഗ്രസ്

Indian National Congress (INC)

ന്യൂഡൽഹി∙ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിനു മുൻകയ്യെടുത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രം രൂപീകരണത്തിനു കോൺഗ്രസ് വേഗം കൂട്ടി. ഐക്യത്തിൽ വിള്ളൽ വീഴാതിരിക്കാൻ പ്രധാനമന്ത്രിയായി പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കോൺഗ്രസ് തൽക്കാലം ഉയർത്തിക്കാട്ടില്ല. 

എന്നാൽ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയായാൽ രാഹുൽ തന്നെ പ്രധാനമന്ത്രിയെന്ന അവകാശം ഉന്നയിക്കുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 

ബിജെപി 230 സീറ്റ് വരെ നേടിയാലും കേവല ഭൂരിപക്ഷത്തിനുള്ള (272) എണ്ണം തികയ്ക്കാനുള്ള സഖ്യ കൂട്ടുകെട്ട് അവർക്കു ലഭിക്കില്ലെന്നു കോൺഗ്രസ് കണക്കുകൂട്ടുന്നു. പ്രാദേശിക കക്ഷികളുമായി സഖ്യം ചേർന്ന് നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്നകറ്റുക എന്ന തന്ത്രമാവും രാഹുൽ പയറ്റുക. ഇതിനായി സംസ്ഥാന ഘടകങ്ങളുടെ അഭിപ്രായം രാഹുൽ തേടി. 

പ്രതിപക്ഷ നിരയിൽ ബിജെപി വിരുദ്ധ കക്ഷികളെ അണിനിരത്തുക കോൺഗ്രസിന്റെ പ്രഥമ ലക്ഷ്യം. എന്നാൽ ശിവസേന, നിതീഷ് കുമാറിന്റെ ജെഡിയു എന്നിവയെ അകറ്റി നിർത്തും. ആം ആദ്മി പാർട്ടിയുമായി സഖ്യം വേണ്ടെന്ന നിലപാട് പാർട്ടി ഡൽഹി ഘടകം രാഹുലിനെ അറിയിച്ചു. 

യുപിയിൽ സീറ്റ് വിഭജന ചർച്ച ഉടൻ

യുപിയിൽ എസ്പി, ബിഎസ്പി സഖ്യത്തിന് ഏകദേശ ധാരണയായി. സീറ്റ് വിഭജന ചർച്ചകൾ വൈകാതെ ആരംഭിക്കും. ബിഹാറിൽ ആർജെഡിയുമായി കൈകോർക്കും. ബംഗാളിൽ തൃണമൂൽ, സിപിഎം എന്നിവയിൽ ആർക്കൊപ്പം പോകണമെന്ന കാര്യത്തിൽ സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം നിർണായകമാകും. 

മഹാരാഷ്ട്രയിൽ എൻസിപി ബന്ധം തുടരും. യുപി, ബിഹാർ, ബംഗാൾ, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ സഖ്യങ്ങളിൽ പ്രാദേശിക കക്ഷികൾക്കു മുൻഗണന നൽകും.  

പ്രിയങ്ക മൽസരിച്ചേക്കും

ലോക്സഭയിലേക്കു പ്രിയങ്ക ഗാന്ധിയെ മൽസരിപ്പിക്കുന്ന കാര്യം പാർട്ടിയുടെ സജീവ പരിഗണനയിലെന്നു സൂചന. സോണിയഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിൽനിന്നു മൽസരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തം. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കു മേൽനോട്ടം വഹിക്കുന്ന കോൺഗ്രസ് യുദ്ധമുറയ്ക്കു മുതിർന്ന നേതാവ് ജയറാം രമേശ് നേതൃത്വം നൽകും.

കെപിസിസി തീരുമാനം ഉടൻ

കെപിസിസി പ്രസിഡന്റ് തീരുമാനം ഉടനുണ്ടാകുമെന്ന് ഉന്നത പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഇക്കാര്യം രാഹുൽ ഗാന്ധിയുടെ സജീവ പരിഗണനയിലാണ്. കെപിസിസി പ്രസിഡന്റിനൊപ്പം യുഡിഎഫ് കൺവീനറെക്കൂടി പ്രഖ്യാപിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

ബിജെപിയെ കടന്നാക്രമിക്കാൻ തന്ത്രം; പ്രവർത്തക സമിതി ഇന്ന് 

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാട്, അസമിലെ ദേശീയ പൗരത്വ റജിസ്റ്റർ എന്നീ വിഷയങ്ങളിൽ ബിജെപിയെ കടന്നാക്രമിക്കുന്നതിനുള്ള തന്ത്ര രൂപീകരണം ലക്ഷ്യമിട്ടു കോൺഗ്രസിന്റെ പ്രവർത്തക സമിതി യോഗം ഇന്ന്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇരു വിഷയങ്ങളും കോൺഗ്രസ് മുഖ്യ പ്രചാരണായുധമാക്കും. 

മറ്റു പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ഉറപ്പാക്കാനുള്ള മാർഗവും തേടും. സംസ്ഥാനങ്ങളിലെ സഖ്യ രൂപീകരണ നീക്കങ്ങളും ഇന്നു ചർച്ചയ്ക്കെടുക്കും.