Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ കരാറിലൂടെ പ്രധാനമന്ത്രി രാജ്യത്തെ ഒറ്റിക്കൊടുത്തു: രാഹുൽ

Rafale-fighter-jets

ന്യൂഡൽഹി∙ റഫാൽ ഇടപാടിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കാൻ ആവശ്യപ്പെട്ടത് ഇന്ത്യാ സർക്കാർ തന്നെയെന്ന ഫ്രാൻസിന്റെ മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് സർക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തി. 

പ്രധാനമന്ത്രി ഇന്ത്യയെ ഒറ്റിക്കൊടുത്തതായി തെളിഞ്ഞെന്നു കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. 

പ്രധാനമന്ത്രി നേരിട്ടാണു റഫാൽ ഇടപാടിന് അടച്ചിട്ട വാതിലുകൾക്കു പിന്നിൽ വച്ചു നേതൃത്വം നൽകിയതെന്ന് അദ്ദേഹം ആരോപിച്ചു. വെളിപ്പെടുത്തലിന് ഒലോൻദിനോട് അദ്ദേഹം നന്ദിയും പറഞ്ഞു. 

ദേശസുരക്ഷ അപകടത്തിലാക്കിയ കള്ളക്കളിയാണ് സർക്കാർ നടത്തിയതെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ആരോപിച്ചു.

മോദി സർക്കാർ കള്ളം പറഞ്ഞ് ജനതയെ തെറ്റിദ്ധരിപ്പിച്ചതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.  സർക്കാരിന്റെ കള്ളി വെളിച്ചത്തായെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയും ട്വീറ്റു ചെയ്തു. 

റഫാൽ ഇടപാടിലൂടെ വിമാനങ്ങൾക്കു പകരം കുറേ കള്ളങ്ങൾ മാത്രമാണ് നമുക്കു കിട്ടിയതെന്നു കോൺഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു.