Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടക കോൺഗ്രസിൽ വീണ്ടും പോര്; ബിജെപി അധ്യക്ഷനെ കണ്ട് മന്ത്രി

BS Yeddyurappa ബി.എസ്.യെഡിയൂരപ്പ

ബെംഗളൂരു ∙ കർണാടകയിൽ കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന മന്ത്രി രമേഷ് ജാർക്കിഹോളി ബിജെപി സംസ്ഥാന അധ്യക്ഷൻ യെഡിയൂരപ്പയെ സന്ദർശിച്ചു; 20 എംഎൽഎമാരുമായി കോൺഗ്രസ് വിട്ട് എത്തിയാൽ ഉപമുഖ്യമന്ത്രിപദം നൽകാമെന്നു യെഡിയൂരപ്പ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. രാജിവയ്ക്കുന്നവർക്കെല്ലാം ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നൽകുമെന്നും ഉറപ്പു കൊടുത്തത്രേ.

കോൺഗ്രസ് – ജെഡിഎസ് സഖ്യസർക്കാരിലെ ശേഷിക്കുന്ന ഒൻപതു മന്ത്രിസ്ഥാനങ്ങൾ പ്രഖ്യാപിക്കാത്തതിൽ രമേഷിനും സഹോദരൻ സതീഷ് ജാർക്കിഹോളി എംഎൽഎയും നേരത്തെ ഇടഞ്ഞിരുന്നു.

സതീഷിനു മന്ത്രിസ്ഥാനവും കൂടുതൽ പദവിയുമുൾപ്പെടെ ഒട്ടേറെ ആവശ്യങ്ങൾ മുന്നോട്ടുവച്ചു കലാപമുണ്ടാക്കിയപ്പോൾ നേതാക്കൾ അനുനയിപ്പിക്കുകയായിരുന്നു.  ഇപ്പോൾ മന്ത്രിസഭാ വികസനം ഉടനുണ്ടാകുമെന്ന സൂചന വന്നതോടെ സമ്മർദം ശക്തമാക്കാനാണു ബിജെപിയുമായി ചർച്ച നടത്തിയതെന്നാണു നിഗമനം.  ബെളഗാവി തട്ടകമാക്കിയ ജാർക്കിഹോളി സഹോദരന്മാർ അഞ്ചുപേരാണ്. രമേഷിനും സതീഷിനും പുറമെ ഏറ്റവും ഇളയ ലഖനും കോൺഗ്രസിൽ; രണ്ടു പേർ ബിജെപിയിലും. കുടുംബത്തിനു വൻ കരിമ്പു വ്യവസായവും ഉണ്ട്.