Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിയാക്കാത്തതിന് ഇടഞ്ഞ് നേതാക്കൾ; വലഞ്ഞ് കർണാടക കോൺഗ്രസ്

Indian National Congress

ബെംഗളൂരു ∙ മന്ത്രിസ്ഥാനം ലഭിക്കാത്തതിനെച്ചൊല്ലി കർണാടക കോൺഗ്രസിൽ കലഹം രൂക്ഷം. മുതിർന്ന നേതാവ് രാമലിംഗറെഡ്ഡിയെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അണികൾ റോഡ് ഉപരോധിച്ചു. കോൺഗ്രസ് വിടാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതായി മന്ത്രിസ്ഥാനം നഷ്ടപ്പെട്ട രമേഷ് ജാർക്കിഹോളി ആവർത്തിച്ചു.

കോൺഗ്രസ് നിയമസഭാകക്ഷിനേതാവ് സിദ്ധരാമയ്യയുടെ അടുത്ത ആളല്ലാത്തതിനാലാണു തന്നെ ഒഴിവാക്കിയതെന്നാണു അഖിലേന്ത്യ വീരശൈവ മഹാസഭ പ്രസിഡന്റ് കൂടിയായ ശാമന്നൂർ ശിവശങ്കരപ്പയുടെ ആരോപണം. അതൃപ്തരെ അനുനയിപ്പിക്കാനുള്ള ചർച്ചകൾക്കായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇന്നു വൈകിട്ട് ബെംഗളൂരുവിലെത്തും.

മന്ത്രിമാരുടെ പ്രകടനം വിലയിരുത്തി ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം പുനഃസംഘടന ഉണ്ടാകുമെന്നും അപ്പോൾ രാമലിംഗറെഡ്ഡിക്ക് അവസരം നൽകുമെന്നും പിസിസി അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. രമേഷ് ജാർക്കിഹോളിക്ക് എഐസിസി സെക്രട്ടറി സ്ഥാനം നൽകുമെന്നും സൂചനയുണ്ട്. കോൺഗ്രസിലെ അസ്വസ്ഥത മുതലാക്കാൻ ബിജെപി നീക്കം ശക്തമാക്കിത്തുടങ്ങിയിട്ടുണ്ട്.