Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെപിസിസി പ്രസിഡന്റ്: പേരു നിർദേശിക്കാൻ ഹൈക്കമാൻഡ്

Rahul Gandhi

ന്യൂഡൽഹി ∙ കെപിസിസി അധ്യക്ഷസ്ഥാനത്തേക്കു പേരുകൾ നിർദേശിക്കാൻ ഹൈക്കമാൻഡ് കേരള നേതാക്കളോട് ആവശ്യപ്പെട്ടു. പിസിസി അഴിച്ചുപണി വൈകിക്കരുതെന്നും നേതൃത്വത്തിനു താൽപ‌ര്യമുണ്ട്. എ ഗ്രൂപ്പിൽനിന്നു ബെന്നി ബഹനാൻ, ഐയിൽനിന്നു കെ.സുധാകരൻ, വി.ഡി.സതീശൻ എന്നിവരുടെ പേരുകളാണു ചർച്ച‌യിലുള്ളത്.

കഴിഞ്ഞവട്ടം പിസിസി പ്രസിഡന്റായി വി.എം.സുധീരനെ ഹൈക്കമാൻഡ് അടിച്ചേൽപിക്കുകയായിരുന്നെന്ന പരാതി ഗ്രൂപ്പുകൾക്കുണ്ടായിരുന്നു. ഇത്തവണ ആ പരാ‌തി ഉണ്ടാവാതിരിക്കാനാണു പേരു നൽകുകയെന്ന നിർദേശം. ഇതിനു പുറമേ പല പേരുകൾ നേ‌തൃത്വത്തിന്റെ നേരിട്ടുള്ള പരിഗണനയിലുമുണ്ട്.

എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.വി.തോമസ്, കൊടിക്കുന്നിൽ സുരേഷ്, കെ.മുരളീധരൻ എംഎൽഎ എന്നിവരാണ് ഇതിൽ ‍പ്രമുഖർ. നറുക്കു വീഴുന്നത്, ഈ പട്ടികയിൽനി‌ന്നുള്ള പൊതുസ്വീകാര്യനാവാം. പ്രാദേശിക – സാമുദായിക മാനദണ്ഡങ്ങൾ മലബാർ മേഖലയ്ക്കും ഈഴവ സമുദായത്തിനും മേൽക്കൈ നൽകുന്നുണ്ട്. ഈഴവ സമുദായം കോൺഗ്രസിൽനിന്ന് അകന്നു പോയതിനെ‌ക്കുറിച്ച് അടുത്തകാലത്തു നേതാക്കളുമായി രാഹുൽ നടത്തിയ ചർച്ചകളും ശ്രദ്ധേയം.

ചെങ്ങന്നൂർ തിരഞ്ഞെടുപ്പിനു മു‌ൻപ് അഴി‌ച്ചുപണി ചർച്ചകൾ നടക്കുന്നതു സംഘടനയെ ദുർബലമാക്കുമെന്ന നില‌പാട് കേര‌ള നേ‌‌താക്കൾക്കുണ്ട്. എന്നാൽ, രാഹുൽ ഗാന്ധി വേറിട്ടു ചിന്തിക്കുമോയെന്ന ആശങ്ക നേതാക്കൾക്കുണ്ട്. അടുത്തയാഴ്ച യാത്ര പൂർ‌ത്തിയാക്കുന്നതോടെ ഹസനു പകരം പുതിയ കെപിസിസി പ്രസിഡന്റിനെ അദ്ദേഹം പ്രഖ്യാപിച്ചേക്കുമെന്നു കരുതുന്നവരുണ്ട്. അടുത്ത വർഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഒഡീഷയിൽ പുതിയ പ്രസിഡന്റിനു പുറമേ മൂന്നു വർക്കിങ് പ്രസിഡന്റുമാരെക്കൂടി രാഹുൽ നിയോഗിച്ചിട്ടുണ്ട്. ഈ മാതൃക കേരളത്തിൽ പിന്തുടരുമോയെന്നു വ്യക്തമല്ല.

പുതിയ പ്രസിഡന്റ് ചെങ്ങന്നൂരിനുശേഷം?

ന്യൂഡൽഹി ∙ പുതിയ പ്രസിഡന്റിന്റെ നിയമനം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനുശേഷം ആയേക്കുമെന്ന് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂ‌ടിക്കാഴ്ചയ്ക്കുശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സൂചന നൽകി. ‘‘രാഷ്ട്രീയ – സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്തു, കെപിസിസി അഴിച്ചുപണി ചെങ്ങന്നൂർ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കുമെന്നു കരുതുന്നു.’’ – അദ്ദേഹം പറഞ്ഞു.

അഴിച്ചുപണിയുടെ ഭാഗമായി ഉമ്മൻ ചാണ്ടിയെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തണമെന്ന നിർദേശം നേതൃത്വത്തിൽനിന്ന് ഉയർന്നിട്ടുണ്ടെന്നറിയുന്നു. മുതിർന്ന നേതാവ് കെ.സുധാകരൻ രാഹുൽ ഗാന്ധിയുമായി ദീർഘനേരം ചർച്ച നടത്തി. ഇന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാഹുലിനെ സന്ദർശിക്കും.

ഡൽഹിയിൽ പാർട്ടി സ്കൂളിന് ആലോചന

ന്യൂഡൽഹി ∙ അഖിലേന്ത്യാതലത്തിൽ പാർട്ടി സ്കൂൾ നടത്തുന്നതിനെക്കുറിച്ചു പദ്ധതി റിപ്പോർട്ട് നൽകാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുതിർന്ന നേതാവ് കെ.സുധാകരനോടാവശ്യപ്പെട്ടു. കണ്ണൂരിൽ അടുത്ത മാസം പാർട്ടി സ്കൂൾ തുറക്കുന്ന കാര്യം സുധാകരൻ അറിയിച്ചപ്പോഴായിരുന്നു പ്രതികരണം.

കണ്ണൂരിൽ 300 പേർ വീതമുള്ള ബാച്ചുകളിലായി 2,000 പ്രവർത്തകരെ പരിശീലിപ്പിക്കുന്ന പാഠ്യപദ്ധതിയുടെ വിശദാംശങ്ങൾ രാഹുൽ ചോദിച്ചറിഞ്ഞു. ഡൽഹി രാജീവ് ഗാ‌ന്ധി പഠന‌കേന്ദ്രം ആസ്ഥാനമായി അഖിലേന്ത്യാ പാർട്ടി സ്കൂൾ തുടങ്ങാനുള്ള സാ‌ധ്യതയാണ് അദ്ദേഹം ആരായുന്നത്.