Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വീകരണമൊന്നും വേണ്ടെന്നു മന്ത്രി; അങ്ങനെയങ്ങു പോയാലോന്നു ജനം

തൃക്കരിപ്പൂർ (കാസർകോട്) ∙ മുത്തുക്കുട വേണ്ടെന്നു മന്ത്രി, ചൂടിയിട്ടു പോയാൽ മതിയെന്നു നാട്ടുകാർ. വലിയപറമ്പിലാണു മന്ത്രി ഇ.ചന്ദ്രശേഖരനും നാട്ടുകാരും ‘സ്വീകരണത്തെ’ച്ചൊല്ലി ഇടഞ്ഞത്. വലിയപറമ്പ് സ്മാർട് വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനത്തിനെത്തിയ മന്ത്രി സ്വീകരണത്തിനു കാത്തുനിൽക്കാതെ നേരെ വേദിയിലേക്കു പോയതാണു പ്രശ്നമായത്.

ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണു സംഭവം. വേദിയിൽ നിന്ന് ഏതാനും മീറ്റർ അകലെ മുത്തുക്കുടകളും വാദ്യമേളങ്ങളുമായി നാട്ടുകാർ മന്ത്രിയെ സ്വീകരിക്കാൻ കാത്തുനിന്നു. ഇത് അവഗണിച്ച മന്ത്രി കാർ നിർത്താതെ നേരെ വേദിയിലേക്കു പോയി. പൊരിവെയിലിൽ കാത്തുനിന്ന നാട്ടുകാർ ഇതോടെ ക്ഷുഭിതരായി.

മുത്തുക്കുടകളും ബാൻ‍ഡ് സെറ്റുകളും വലിച്ചെറിഞ്ഞ ശേഷം ഒരു സംഘമാളുകൾ വേദിക്കരികിലേക്ക് ഓടിയടുത്തു. ചിലർ മന്ത്രിയെ തടയാൻ മുന്നോട്ടാഞ്ഞു. മന്ത്രി ഉദ്ഘാടനം ചെയ്യേണ്ടെന്നും തിരിച്ചുപോകണമെന്നും സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ വിളിച്ചുപറഞ്ഞു. ജനങ്ങളെ മാനിക്കാത്ത ഇത്തരം ഭരണാധികാരികൾ അഹങ്കാരികളാണെന്നും കുറ്റപ്പെടുത്തി. ചടങ്ങിന്റെ അധ്യക്ഷനായ എം.രാജഗോപാലൻ എംഎൽഎയും കലക്ടറും ഈ സമയത്തു സ്ഥലത്തെത്തിയിരുന്നില്ല. അവരെത്തും വരെ നാട്ടുകാർക്കൊപ്പം ഇരുന്ന മന്ത്രി സ്വീകരണം ഒരുക്കിയത് അറിഞ്ഞില്ലെന്നു പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിൽ ക്ഷമാപണവും നടത്തി. 

∙ 'വാദ്യമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ മന്ത്രിമാരെ ആനയിക്കുന്നത് ഇടതുസർക്കാരിന്റെ നയങ്ങൾക്ക് എതിരാണ്. മന്ത്രിസഭ അധികാരമേൽക്കുന്നതിനു മുൻപു തന്നെ ഇതു സംബന്ധിച്ചു ധാരണ ഉണ്ടായിരുന്നു. മറ്റു മന്ത്രിമാർ ഇത്തരത്തിലുള്ള സ്വീകരണം ഏറ്റുവാങ്ങുന്നതിനെക്കുറിച്ച് എനിക്ക് അഭിപ്രായമില്ല.' – മന്ത്രി ഇ.ചന്ദ്രശേഖരൻ

related stories