Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാം ഏബ്രഹാം വധം: ഭാര്യയ്ക്ക് 22 വർഷവും കാമുകന് 27 വർഷവും തടവുശിക്ഷ

sam-sofia-arun കൊല്ലപ്പെട്ട സാം ഏബ്രഹാം, ഭാര്യ സോഫിയ, അരുൺ കമലാസനൻ

മെൽബൺ (ഓസ്ട്രേലിയ)∙ ഭർത്താവ് സാം ഏബ്രഹാമിനെ കാമുകനൊപ്പം ചേർന്നു വിഷം കൊടുത്തു കൊന്ന കേസിൽ മലയാളിയായ സോഫിയയ്ക്ക് 22 വർഷവും കാമുകൻ അരുൺ കമലാസനന് 27 വർഷവും തടവു ശിക്ഷ. അരുണിന് 23 വർഷത്തിനു ശേഷവും സോഫിയയ്ക്കു 18 വർഷത്തിനു ശേഷവും മാത്രമേ പരോൾ അനുവദിക്കാൻ പാടുള്ളൂ എന്നും വിക്ടോറിയ സുപ്രീം കോടതി വിധിച്ചു.

സമാനമായ മറ്റൊരു കേസ് തന്റെ ഔദ്യോഗിക ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നു ജഡ്ജി പോൾ കോഗ്ലാൻ മുക്കാൽ മണിക്കൂറോളം നീണ്ട വിധി പ്രസ്താവത്തിൽ പറഞ്ഞു. സോഫിയയ്ക്ക് ഇപ്പോഴും പശ്ചാത്താപം ഉള്ളതായി കരുതുന്നില്ല. വിധികേൾക്കാൻ പ്രതികളെയും ഹാജരാക്കിയിരുന്നു. ഒൻപതു വയസ്സുള്ള മകന്റെ ഭാവിയെ കരുതി കടുത്ത ശിക്ഷ ഒഴിവാക്കണമെന്നു സോഫിയ (32) അപേക്ഷിച്ചിരുന്നത് പരാമർശിച്ച കോടതി, കുട്ടി സോഫിയയുടെ സഹോദരിയോടൊപ്പമാണെന്നു ചൂണ്ടിക്കാട്ടി. സാമിന്റെ കൊലപാതകത്തിൽ സോഫിയയുടെ പങ്കു വ്യക്തമല്ലെങ്കിലും അവരുടെ അറിവോടെയാണു കൊലപാതകം നടന്നതെന്നതിൽ സംശയമില്ലെന്നു നിരീക്ഷിച്ചു.

യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്ന, പുനലൂർ കരുവാളൂർ ആലക്കുന്നിൽ സം ഏബ്രഹാം (34) ഭാര്യയ്ക്കും മകനുമൊപ്പം താമസിച്ചിരുന്ന മെൽബണിലെ വീട്ടിലെ കിടപ്പുമുറിയിൽ 2015 ഒക്ടോബർ 14ന് ആണു മരിച്ച നിലയിൽ കാണപ്പെട്ടത്. ഹൃദയാഘാതം മൂലമാണു മരിച്ചതെന്നു ബന്ധുക്കളെ വിശ്വസിപ്പിച്ചു മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു.

ആന്തരികാവയവങ്ങളിൽ അമിതമായ തോതിൽ സയനൈഡ് കലർന്നിട്ടുള്ളതായി പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതിനെ തുടർന്നു വിക്ടോറിയ രഹസ്യപൊലീസ് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ ഒൻപതു മാസത്തിനുശേഷം 2016 ഓഗസ്റ്റ്‌ 12ന് ആണു സോഫിയയെയും കാമുകൻ അരുണിനെയും (34) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 29ന് ആരംഭിച്ച വിചാരണ രണ്ടാഴ്ച കൊണ്ടു പൂർത്തിയായി.

related stories