Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ സ്ത്രീകൾക്ക് ആജീവനാന്ത വിലക്ക്: സർക്കാർ

sabarimala-nada-opens

ന്യൂഡൽഹി∙ പ്രായം എടുത്തു പറയുന്നുണ്ടെങ്കിലും ഫലത്തിൽ ആജീവനാന്ത വിലക്കാണ് ശബരിമലയിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് മുൻപാകെ സംസ്ഥാന സർക്കാരിന്റെ വാദം. വേറെ ധാരാളം ക്ഷേത്രങ്ങളുള്ളപ്പോൾ, ശബരിമല ദർശനത്തിനു സ്ത്രീകൾ നിർബന്ധം പിടിക്കുന്നതെന്തിനെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചോദ്യമുന്നയിച്ചു.

എന്നാൽ, ശബരിമല അയ്യപ്പനിൽ വിശ്വാസമുള്ളതുകൊണ്ടാണ് അവിടെ ദർശനം നടത്താൻ സ്ത്രീകൾ താൽപര്യപ്പെടുന്നതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാക്കാൽ പറഞ്ഞു.

നിശ്ചിത പ്രായഗണത്തിലുള്ള സ്ത്രീകൾക്കു ശബരിമലയിൽ വിലക്ക്ഏർപ്പെടുത്തിയിരിക്കുന്നത് ചോദ്യം ചെയ്ത് ഇന്ത്യൻ യംഗ് ലോയേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ ഇനി ഈ മാസം 24നു വാദം തുടരും.

 ‘സർക്കാരിന്റെ നിലപാട് അന്തിമം’

നേരത്തെ പല തവണ നിലപാടു മാറ്റിയ സംസ്ഥാന സർക്കാർ ഇപ്പോൾ പറയയുന്നത് അന്തിമ നിലപാടായി കണക്കാക്കുകയാണെന്ന് കോടതി വ്യക്തമാക്കി. പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണു നിലപാടെന്നു സർക്കാരിനുവേണ്ടി ജയ്ദീപ് ഗുപ്ത വാദിച്ചപ്പോഴാണ് കോടതി ഇതു പറഞ്ഞത്. പത്തു മുതൽ 50 വയസുവരെ പ്രായക്കാർക്കാണ് വിലക്കെങ്കിലും ഒരാൾ എത്ര വയസുവരെ ജീവിക്കുമെന്നു മുൻകൂട്ടി അറിയാൻ സാധിക്കാത്ത സ്ഥിതിക്ക് അതിനെ ആജീവനാന്ത വിലക്കായി കണക്കാക്കണമെന്ന് ജയ്ദീപ് ഗുപ്ത പറഞ്ഞു.

വിലക്ക് കേരള ഹിന്ദു പൊതു ആരാധനാ സ്ഥല ചട്ടത്തിന്റെയല്ല, ദേവസം ബോർഡ് പുറത്തിറക്കിയ നോട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിലാണെന്നും അഭിഭാഷകൻ വിശദീകരിച്ചു. ശബരിമലയിലേത് ഭരണഘടനയുടെ 17ാം വകുപ്പിൽ പറയുന്ന ‘അയിത്ത’മായി വിശാലാർഥത്തിൽ പരിഗണിക്കണമെന്ന് ഹർജിക്കാരെ പിന്തുണച്ചു ചിലർ ഉന്നയിച്ച നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘യുക്തിസഹമല്ലാത്ത നിലപാട്’

ഒരു വിഭാഗത്തിന്റെ ക്ഷേത്രമാണ് ശബരിമലയെന്നും, നൈഷ്ഠിക ബ്രഹ്മചാരിയാണ് ശബരിമല അയ്യപ്പെന്ന അടിസ്ഥാന തത്വത്തിന് വിരുദ്ധമാണ് 10 – 50 പ്രായഗണത്തിലുള്ള സ്ത്രീകളുടെ പ്രവേശനമെന്നും ദേവസ്വം ബോർഡിനുവേണ്ടി അഭിഷേക് സിങ്‌വി വാദിച്ചു. ശബരിമലയിൽ ഏതു മതസ്ഥർക്കും പ്രവേശനമുണ്ട്.

സ്ത്രീകളെ ഒഴിവാക്കുകയെന്നതല്ല ഉദ്ദേശ്യം. നാൽപത്തൊന്നു ദിവസത്തെ വ്രതമെടുക്കാൻ ശാരീരിക കാരണങ്ങളാൽ സാധിക്കില്ലാത്തവർക്കാണ് വിലക്ക്.

എന്നാൽ, ആർത്തവമാണ് കാരണമെങ്കിൽ അതിലൂടെ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിനു സഹായകരമോ യുക്തിക്കു നിരക്കുന്നതോ അല്ല നിലവിലെ പ്രായപരിഗണനയെന്ന് കോടതി പറഞ്ഞു. ആർത്തവത്തിന്റെ പേരിലല്ല, സന്താനോൽപാദനം സാധ്യമാവുന്ന കാലമെന്ന പരിഗണനയിലാവാം പ്രായം പറഞ്ഞുള്ള ഒഴിവാക്കലെന്നും കോടതി പറഞ്ഞു.

പ്രവേശനത്തിനുള്ള വ്യവസ്ഥയല്ല, വിലക്കാണ് ശബരിമലയിൽ നിർദ്ദേശിച്ചിരിക്കുന്നതെന്നു കോടതി പറഞ്ഞപ്പോൾ സിങ്‌വി എതിർത്തു. പ്രവേശനം സംബന്ധിച്ച വ്യവസ്ഥ തന്നെയാണ് നിർദ്ദേശിച്ചിട്ടുള്ളതെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ, പ്രവേശനം പാടില്ലെന്നു പറയുമ്പോൾ അതിന്റെ കാരണം കൃത്യമായി പറയാൻ‍ ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. ഏതു ക്ഷേത്രത്തിൽ പോകണമെന്നത് വ്യക്തിപരമായ ഭക്തിയെ ആശ്രയിക്കുന്ന സംഗതിയാണെന്നും വിശദീകരിച്ചു.

‘അയിത്തം തന്നെ’

ആർത്തവത്തിന്റെ പേരിൽ ഒഴിവാക്കപ്പെടുമ്പോൾ അവിടെ അശുദ്ധിയാണ് ആരോപിക്കുന്നതെന്നും ഫലത്തിലത് അയിത്തമായി കണക്കാക്കാമെന്നും അമിക്കസ് ക്യൂറി രാജു രാമചന്ദ്രൻ വാദിച്ചു. ദലിതർക്കു തുല്യമായ ഒഴിവാക്കപ്പെടലാണ് സ്ത്രീകൾ‍ നേരിടുന്നത്. ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന അടി

സ്ഥാന തത്വങ്ങൾക്കു വിരുദ്ധമാണ് ശബരിമലയിലെ വ്യവസ്ഥയെന്ന് ഇടപെടൽ അപേക്ഷകനായ എസ്.പരമേശ്വരൻ നമ്പൂതിരിക്കുവേണ്ടി വിൽസ് മാത്യൂസും ഭരണഘടനാപരമായ ധാർമികതയ്ക്കു വിരുദ്ധമായ ആചാരങ്ങൾ അംഗീകരിക്കാൻ പാടില്ലെന്ന് ഹർജിക്കാരെ അനുകൂലിച്ച പി.വി.സുരേന്ദ്രനാഥും വാദിച്ചു. സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ക്ഷേത്രവും കേരളത്തിലില്ലേയെന്ന് ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മൽഹോത്ര ചോദിച്ചു. ദേവസ്വം ബോർഡിനുവേണ്ടി ബീനാ മാധവനും ഹാജരായി.