Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാഗിങ് കേസ്: അന്വേഷണം മുടങ്ങി; പ്രതി ചേർക്കപ്പെട്ടവരെ ചോദ്യം ചെയ്തില്ല

വണ്ടിപ്പെരിയാർ∙ ഗവ. പോളിടെക്നിക് ഒന്നാം വർഷ വിദ്യാർഥിനിയെ റാഗ് ചെയ്തെന്ന പരാതിയിൽ പൊലീസ് അന്വേഷണം മുടങ്ങി. മൂന്നിനാണ് പെൺകുട്ടി ഹോസ്റ്റലിൽ റാഗിങ്ങിന് ഇരയായത്. ഹോസ്റ്റൽ വാർഡനും മൂന്നു വിദ്യാർഥിനികൾക്കുമെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. എന്നാൽ രണ്ട് ആഴ്ച പിന്നിട്ടിട്ടും പ്രതി ചേർക്കപ്പെട്ടവരെ ചോദ്യം ചെയ്തിട്ടില്ല. പ്രതി ചേർത്ത കുട്ടികളും ഹോസ്റ്റൽ വാർഡനും കോളജിൽ തുടരുന്നതായി മറ്റു വിദ്യാർഥികൾ പറയുന്നു. ടിസിയും സ്വഭാവ സർട്ടിഫിക്കറ്റും ഹാജരാക്കിയില്ലെന്ന കാരണത്താൽ പരാതിക്കാരിയായ വിദ്യാർഥിനിയെ കോളജിൽ നിന്നു പുറത്താക്കിയിരുന്നു.

ആന്റി റാഗിങ് സെല്ലിനു രണ്ടാം ഘട്ട മൊഴി നൽകാനായി കോളജിൽ എത്തിയ പെൺകുട്ടിയെയും പിതാവിനെയും എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞുവച്ചതായും മൊഴി നൽകുന്നതു തടസപ്പെടുത്തിയതായും പരാതിയുണ്ട്. കോളജിൽ റാഗിങ് നടന്നിട്ടില്ലെന്ന് പോളിടെക്നിക്കിലെ അന്വേഷണ സമതി ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആന്റി റാഗിങ് സെല്ലിനു റിപ്പോർട്ട് നൽകിയിട്ടുണ്ട്.

അതേസമയം, റാഗിങ്ങിനു നേതൃത്വം നൽകിയ വിദ്യാർഥിനികൾ എസ്എഫ്ഐ പ്രവർത്തകരായതിനാൽ സിപിഎം നേതൃത്വത്തിന്റെ സമർദത്തെ തുടർന്നാണ് പൊലീസ് അന്വേഷണം നിലച്ചതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

related stories