Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാലറി ചാലഞ്ചിലെ വിസമ്മതപത്ര വ്യവസ്ഥ തള്ളി സുപ്രീം കോടതി; സർക്കാരിനു തിരിച്ചടി

supreme-court-flag

ന്യൂഡൽഹി ∙ സാലറി ചാലഞ്ചിൽ പങ്കെടുക്കാത്ത സർക്കാർ ജീവനക്കാർ വിസമ്മതപത്രം നൽകണമെന്ന വ്യവസ്ഥ സുപ്രീം കോടതിയും തള്ളി. വിസമ്മതപത്ര വ്യവസ്ഥ ശരിയല്ലെന്നും അതു സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിയിൽ പിഴവില്ലെന്നും ചൂണ്ടിക്കാട്ടിയാണു ജഡ്ജിമാരായ അരുൺ മിശ്ര, വിനീത് ശരൺ എന്നിവരുടെ ബെഞ്ച് സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളിയത്. 

പ്രളയാനന്തര പുനർനിർമാണത്തിന് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാൻ താൽപര്യമില്ലാത്തവർ വിസമ്മതപത്രം നൽകണമെന്ന വ്യവസ്ഥ സാലറി ചാലഞ്ചിലെ പങ്കാളിത്തം നിർബന്ധിതമാക്കുന്നുവെന്നാണു നേരത്തേ ഹൈക്കോടതി വിലയിരുത്തിയത്. എന്നാൽ, ശമ്പളം നല്ലൊരു കാര്യത്തിനു സംഭാവനയായി ചോദിക്കുക മാത്രമാണെന്നും ഇതു കഴിഞ്ഞ മാസം 15ലെ വിശദീകരണക്കുറിപ്പിലും കഴിഞ്ഞ 6നുള്ള സർക്കുലറിലും വ്യക്തമാക്കിയതാണെന്നും അപ്പീലിൽ സർക്കാർ വാദിച്ചു. 

സുപ്രീം കോടതി ജീവനക്കാരോടു സംഭാവന സ്വീകരിക്കുന്നതു സംബന്ധിച്ച സർക്കുലറിലും വിസമ്മതപത്ര വ്യവസ്ഥയുണ്ടെന്നു സർക്കാരിനുവേണ്ടി ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിങ് കൗൺസൽ ജി.പ്രകാശും വാദിച്ചു. അങ്ങനെയുണ്ടെങ്കിൽ അതും തെറ്റാണെന്നും ആരെങ്കിലും ചോദ്യം ചെയ്താൽ റദ്ദാക്കുമെന്നും കോടതി പറഞ്ഞു.

സംഭാവന സ്വമേധയാ നൽകേണ്ടതാണ്; പിടിച്ചുവാങ്ങാനാകില്ല. തരില്ലെന്നു വ്യക്തമാക്കണമെന്ന വ്യവസ്ഥ ശരിയല്ല. ദുരിതാശ്വാസ നിധിയിലേക്കു സുപ്രീം കോടതി ജഡ്ജിമാരും 25,000 രൂപ വീതം നൽകിയിട്ടുണ്ട്. പണം പ്രളയബാധിതർക്കായി ചെലവാക്കുമെന്ന് ഉറപ്പില്ല. വിശ്വാസ്യത ഉറപ്പാക്കേണ്ടതു സർക്കാരാണ് – കോടതി വാക്കാൽ പറഞ്ഞു. എൻജിഒ അസോസിയേഷൻ, ഓൾ‍  കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എന്നിവയ്ക്കുവേണ്ടി എം.ആർ.രമേശ് ബാബു ഹാജരായി. 

തിരിച്ചടി: മന്ത്രി ഐസക്

തിരുവനന്തപുരം ∙ സുപ്രീം കോടതി വിധി സർക്കാരിനു തിരിച്ചടി തന്നെയെന്നു സമ്മതിച്ചു ധനമന്ത്രി ടി.എം. തോമസ് ഐസക്.  സുപ്രീം കോടതി പറഞ്ഞാൽ അതിനപ്പുറം പോകാൻ കഴിയില്ല. മഹാഭൂരിപക്ഷവും സമ്മതപത്രം തന്നുകഴിഞ്ഞു. കേന്ദ്ര സർക്കാരും മറ്റു സംസ്ഥാനങ്ങളും ഇതേ തരത്തിൽ പിരിക്കുമ്പോൾ കേരളം ചെയ്തതു മാത്രം എങ്ങനെ വിരുദ്ധമാകും – മന്ത്രി ചോദിച്ചു.

∙ 'പണം നൽകാത്തവർ  വിസമ്മതപത്രത്തിലൂടെ സ്വയം അപമാനിതരാകുകയാണ്. അതിന്റെ  ആവശ്യമെന്ത്?' -  സുപ്രീം കോടതി

കോടതിച്ചെലവ് മുഖ്യമന്ത്രി നൽകണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം ∙ സാലറി ചാലഞ്ചിൽ പങ്കെടുക്കാത്തവർ വിസമ്മത പത്രം നൽകണമെന്ന വ്യവസ്ഥ എടുത്തു കളഞ്ഞ ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവച്ചതു കണക്കിലെടുത്തു മുഖ്യമന്ത്രിയുടെ ശമ്പളത്തിൽ നിന്നും കോടതിച്ചെലവിനുള്ള തുക ഈടാക്കണമെന്ന് രമേശ് ചെന്നിത്തല. സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ വൻതിരിച്ചടിയാണിത്. ഹൈക്കോടതിയിൽ നിന്നും വിമർശനം ഏറ്റുവാങ്ങിയിട്ടും സുപ്രീം കോടതിയിലെ നിയമയുദ്ധത്തിലേക്കു വിഷയത്തെ വലിച്ചിഴച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയാണ്. സർക്കാർ ജീവനക്കാരിൽ നിന്നും  ഇതിനകം വാങ്ങിയ വിസമ്മതപത്രം തിരികെ നൽകണം – രമേശ് ആവശ്യപ്പെട്ടു.

related stories