Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എതിരാളികൾക്ക് ആയുധം നൽകി ശ്രീധരൻപിള്ള; വെട്ടിലായത് ബിജെപി

P.S. Sreedharan Pillai പി.എസ്. ശ്രീധരൻ പിള്ള

തിരുവനന്തപുരം∙ രാഷ്ട്രീയലക്ഷ്യം അതേപടി പുറത്തുവന്ന പ്രസംഗത്തിലൂടെ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള എതിരാളികൾക്ക് ആയുധം നൽകി. കഴിഞ്ഞ 17 മുതൽ 22 വരെ ശബരിമല നട തുറന്ന സമയത്തെ സമരം ‘ബിജെപി പ്ലാൻ ചെയ്തു നടപ്പാക്കിയതാണ’ന്നാണു യുവമോർച്ചയുടെ കോഴിക്കോട്ടെ യോഗത്തിൽ ശ്രീധരൻപിള്ള പറഞ്ഞത്. യുവതികൾ കയറിയാൽ നട അടയ്ക്കുമെന്ന  തന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നിൽ തന്റെ ഉപദേശവും പ്രോത്സാഹനവുമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്ത്രി അതു നിഷേധിച്ചെങ്കിലും ശബരിമല കലാപഭൂമിയാക്കി രാഷ്ട്രീയനേട്ടം കൊയ്യാനാണു ബിജെപി ശ്രമിക്കുന്നതെന്ന ആരോപണവുമായി സിപിഎമ്മും കോൺഗ്രസും രംഗത്തെത്തി.

പാർട്ടിയിലെ രണ്ടു പ്രബലവിഭാഗങ്ങളുടെ പിന്തുണയില്ലാതെ സംസ്ഥാന പ്രസിഡന്റായ ശ്രീധരൻപിള്ള ശബരിമല വിഷയം തന്ത്രപരമായി ഉപയോഗിച്ചു ബിജെപിയിൽ സ്വീകാര്യത നേടി വരികയായിരുന്നു. യുവതീപ്രവേശത്തെ ആർഎസ്എസ് ആദ്യം അനുകൂലിച്ചിരുന്നതിനാൽ പ്രതിഷേധത്തിനു മടിച്ചുനിന്ന ബിജെപിയെ അതിലേക്കു കൊണ്ടുവരുന്നതിന് അദ്ദേഹം മുൻകൈയെടുത്തു. കേരളത്തിലെത്തിയ ദേശീയ അധ്യക്ഷൻ അമിത് ഷാ ഇതിന് അഭിനന്ദിക്കുകയും ചെയ്തു.

യുവമോർച്ചയുടെ പരിപാടിയുടെ പ്രസംഗം സംഘടനയിൽ തന്നെയുള്ളവർ ഫെയ്സ്ബുക് ലൈവായി നൽകിയതാണെന്നും അതിനു രഹസ്യസ്വഭാവമില്ലെന്നുമാണു ബിജെപിയും ശ്രീധരൻപിള്ളയും അവകാശപ്പെടുന്നത്. എന്നാൽ ശബരിമലയെ വച്ചുള്ള ബിജെപിയുടെ രാഷ്ട്രീയപദ്ധതിയുടെ വ്യക്തമായ സൂചന പ്രസംഗത്തിലുണ്ട്. വിശ്വാസികളുടെ അവകാശസംരക്ഷണം എന്നതിനപ്പുറം പാർട്ടിക്കു വളരാനുള്ള ‘സുവർണാവസര’മാണിതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ബിജെപിക്ക് ഇക്കാര്യത്തിലുള്ള ആത്മാർഥത എതിരാളികൾക്കു ചോദ്യം ചെയ്യാനുള്ള അവസരമായി ഇത്.

സന്നദ്ധരായിരിക്കാൻ ബിജെപി നിർദേശം

തിരുവനന്തപുരം∙ ശബരിമല നട ഇന്നു രാത്രി അടയ്ക്കുന്നതു വരെ പ്രവർത്തകർ സമരസന്നദ്ധരായി ഉണ്ടാകണമെന്നു ബിജെപിയുടെയും ആർഎസ്എസിന്റെയും രഹസ്യനിർദേശം. യുവതികൾ ദർശനം നടത്തുന്ന സ്ഥിതി ഉണ്ടായാൽ ഗതാഗതം അടക്കം സ്തംഭിപ്പിക്കുന്ന പ്രതിഷേധത്തിലേക്കു നീങ്ങാനാണു പരിപാടി.