Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരികുമാറിന്റെ സര്‍വീസ് ബുക്ക്: കള്ളനോടും കൈക്കൂലി; സസ്പെൻഷനൊന്നും പുത്തരിയല്ല!

Sanal death protest ഡിവൈഎസ്പി പിടിച്ചുതള്ളിയതിനെത്തുടർന്നു റോഡിലേക്കു വീഴവേ കാറിടിച്ചു കൊല്ലപ്പെട്ട സനലിന്റെ മൃതദേഹവുമായി നാട്ടുകാർ നെയ്യാറ്റിൻകരയിൽ ദേശീയപാതയിലെ കൂട്ടപ്പനയിൽ റോഡ് ഉപരോധിക്കുന്നു.

തിരുവനന്തപുരം∙ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ടു സസ്പെൻഷനിലായ നെയ്യാറ്റിൻകര ഡിവൈഎസ്പി ബി.ഹരികുമാർ മുൻപ് കസ്റ്റഡിയിലിരുന്ന കള്ളനെ വിട്ടയയ്ക്കാൻ അയാളുടെ ഭാര്യയിൽ നിന്നു കൈക്കൂലി വാങ്ങിയ ‘ഓഫിസർ’. ഇതടക്കം സസ്പെൻഷനും അച്ചടക്ക നടപടിയും സർവീസിൽ ഇഷ്ടം പോലെ. നാലു  മാസം മുൻപു മറ്റൊരു കേസിൽ ഇദ്ദേഹം ഉൾപ്പെടെ മൂന്നു ഡിവൈഎസ്പിമാരെ ഉടൻ സ്ഥലംമാറ്റി അന്വേഷണം നടത്താനുള്ള റേഞ്ച് ഐജി മനോജ് ഏബ്രഹാമിന്റെ ശുപാർശ പൊലീസ് ആസ്ഥാനത്തു മുക്കിയിട്ടുമുണ്ട്.

ഫോർട്ട് സിഐ ആയിരിക്കെയാണു സംസ്ഥാനാന്തര വാഹനമോഷ്ടാവായ ഉണ്ണിയെ വിട്ടയയ്ക്കാൻ കൈക്കൂലി വാങ്ങി ഹരികുമാർ സസ്പെൻഷനിലായത്. തമ്പാനൂർ പൊലീസായിരുന്നു അന്നു പ്രതിയെ സാഹസികമായി പിടികൂടിയത്. പ്രതിയുടെ ഭാര്യ സഹായം തേടി സിഐയെ സമീപിച്ചു. ഇദ്ദേഹം ചോദിച്ച കൈക്കൂലി നൽകാൻ നിവൃത്തിയില്ലാതെ ഒടുവിൽ അവർ മാല പണയം വച്ചു പണം നൽകി. സിഐ പ്രതിയെ വിട്ടയയ്ക്കുകയും ചെയ്തു.

ഇതു വാർത്തയായതോടെ അന്നത്തെ ദക്ഷിണമേഖലാ എഡിജിപി: എ.ഹേമചന്ദ്രൻ അന്വേഷണത്തിന് ഉത്തരവിട്ടു. പണയം വച്ച മാല സ്വർണക്കടയിൽ നിന്നു തൊണ്ടിയായി കണ്ടെത്തിയാണു ഹരികുമാറിനെ അന്നു സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി ആളെ വിദേശത്തേക്കു കടത്തുന്നെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുമ്പ് അവിടെ നിന്നും മാറ്റിയിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എംഎൽഎയെ സ്വാധീനിച്ച് ആലുവ ഡിവൈഎസ്പി കസേര തരപ്പെടുത്തി.

ഈ സർക്കാർ വന്നതോടെ പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്റെയും എൻജിഒ യൂണിയന്റെയും ജില്ലാ നേതാക്കളുടെ അടുപ്പക്കാരനായി. അതുവഴി സിപിഎം ജില്ലാ നേതാവിനെ സ്വാധീനിച്ചാണു നെയ്യാറ്റിൻകരയിൽ കസേര ഒപ്പിച്ചത്. അതിനു ശേഷം ഓഫിസേഴ്സ് അസോസിയേഷൻ നേതാവുമായി ചേർന്ന് ഇതേ ബാച്ചിലെ ഡിവൈഎസ്പിമാരുടെ സ്ഥലംമാറ്റം സംഘടിപ്പിച്ചു കൊടുക്കുന്ന പ്രധാനിയായി. മിക്ക ദിവസവും ഉച്ചകഴിഞ്ഞു വിശ്രമത്തിനായി നെയ്യാറ്റിൻകരയിൽ നിന്നു നഗരത്തിലെ നന്ദാവനം എആർ ക്യാംപിലെത്തുന്ന ഹരികുമാർ അവിടെയാണ് അസോസിയേഷൻ നേതാക്കളുമായി കാര്യങ്ങൾ ചർച്ച ചെയ്തിരുന്നത്.

ഈ വർഷം സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് നടന്ന ഹൈദരാബാദിൽ ഓഫിസേഴ്സ് അസോസിയേഷന്റെ ഏതാനും നേതാക്കളെ വിമാനത്തിൽ കൊണ്ടുപോയത് ഇദ്ദേഹത്തിന്റ ശ്രമഫലമായിട്ടാണെന്ന് ഇന്റലിജൻസ് കണ്ടെത്തി. വെള്ളറടയിൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രാദേശിക സിപിഎം നേതാവിനെ പ്രതിയാക്കി എസ്ഐ കേസ് എടുത്തിരുന്നു. എന്നാൽ എസ്ഐയെ തന്റെ ഓഫിസിൽ വിളിച്ചു വരുത്തി ഇദ്ദേഹം ആ എഫ്ഐആർ വലിച്ചുകീറിയെന്നും ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. സേനയിൽ പൊലീസ് കോൺസ്റ്റബിളായി കയറിയ ഹരികുമാർ 2003 ലാണ് എസ്ഐ പരീക്ഷ എഴുതി പൊലീസുകാരുടെ ക്വോട്ടയിൽ ഓഫിസറായത്.