Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ പ്രശ്നസാധ്യതയെന്ന് കമ്മിഷണർ ഹൈക്കോടതിയിൽ

Sabarimala-Temple

കൊച്ചി ∙ ആചാരസംരക്ഷണത്തിന്റെ പേരിൽ ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടത്തുന്ന പ്രതിഷേധങ്ങളിൽനിന്നും വിട്ടുനിൽക്കാൻ രാഷ്ട്രീയപാർട്ടികൾക്കും അയ്യപ്പഭക്തരുടെ  സംഘടനകൾക്കും നിർദേശം നൽകണമെന്ന് ശബരിമല സ്പെഷൽ കമ്മിഷണർ. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണു കമ്മിഷണർ എം.മനോജ് ഇക്കാര്യം ആവശ്യപ്പെട്ടത്. ചിത്തിര ആട്ടത്തിരുനാളിനായി നട തുറന്ന ശേഷമുള്ള സംഭവങ്ങൾ വിവരിക്കുന്ന റിപ്പോർട്ടാണു കമ്മിഷണർ സമർപ്പിച്ചത്.

മണ്ഡല മകരവിളക്കു മഹോൽസവത്തിനായി 16 നു നട തുറന്നുകഴിഞ്ഞാൽ ദിവസം ഒരുലക്ഷത്തോളം പേർ വീതം ദർശനത്തിനെത്തും. സാമൂഹികവിരുദ്ധശക്തികൾ പ്രതിഷേധക്കാരെ മറയാക്കുമെന്ന് ആശങ്കയുണ്ട്. യുവതീപ്രവേശത്തിനെതിരെ പ്രതിഷേധം തുടരുന്നതു തീർഥാടനത്തെ ബാധിക്കും. പൊലീസിന്റെ തന്ത്രപരമായ ഇടപെടൽ മൂലമാണ് ഇതുവരെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായത്. ചില പാർട്ടികളും സംഘടനകളും ജനവികാരം ഉണർത്താൻ ശ്രമിക്കുന്നുണ്ട്. പൊലീസ് നടപടിയിൽ തീർഥാടകർക്കു പരുക്കേറ്റാൽ അതു ലഹളയ്ക്കു വഴിയൊരുക്കും–റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.

ഭക്തർക്കു കുടിവെള്ളവും ശുചിമുറി സൗകര്യവും ലഭ്യമാക്കിയില്ലെന്ന പരാതി അടിസ്ഥാനരഹിതമാണ്.  തീർഥാടകരുടെ വേഷത്തിൽ പ്രതിഷേധക്കാർ സന്നിധാനത്തു തമ്പടിക്കാതിരിക്കാനാണു മുറികൾ നൽകാതിരുന്നതെന്നും കമ്മിഷണർ വിശദീകരിക്കുന്നു. 6 ന് രാവിലെ 7.24 ന് ഒരു വ്യക്തിയും ഏഴരയോടെ ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയും മറ്റു ചിലയാളുകളും ഇരുമുടിക്കെട്ടില്ലാതെ പടി കയറിയെന്നും ഇത് ആചാരലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കൂടുതൽ സുരക്ഷയ്ക്ക് ഡിജിപി

തിരുവനന്തപുരം∙ മണ്ഡല –മകരവിളക്കു കാലത്തു ശബരിമലയിലെ സുരക്ഷ ശക്തമാക്കാൻ ഡിജിപി: ലോക്നാഥ് ബെഹ്റയുടെ നിർദേശം. തീവ്രവാദഗ്രൂപ്പുകളിൽ നിന്നും ദേശവിരുദ്ധ ശക്തികളിൽനിന്നും ഭീഷണിയുണ്ടെന്ന സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്നാണു ഡിജിപിയുടെ നിർദേശം. വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാലും വനത്തിലൂടെ സഞ്ചരിക്കേണ്ടതിനാലും തീർഥാടകരുടെ വേഷത്തിൽ കുഴപ്പക്കാർ എത്താനുള്ള സാധ്യതയുണ്ട്. ഇന്റലിജൻസും സ്പെഷൽ ബ്രാഞ്ചും പ്രത്യേക ശ്രദ്ധചെലുത്തണം.