Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരികുമാറിനെ രക്ഷപ്പെടാൻ സഹായിച്ച 2 പേർ അറസ്റ്റിൽ

satheesh-kumar നെയ്യാറ്റിൻകര സ്വദേശി സനലിന്റെ കെ‍ാലപാതകക്കേസിൽ അറസ്റ്റിലായ സതീഷ് കുമാർ.

തിരുവനന്തപുരം∙ നെയ്യാറ്റിൻകര കൊടങ്ങാവിള സ്വദേശി എസ്.സനലിനെ കാറിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഡിവൈഎസ്പി ബി. ഹരികുമാറിനെയും സുഹൃത്തും പണമിടപാടു സ്ഥാപന ഉടമയുമായ കെ.ബിനുവിനെയും രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേർ അറസ്റ്റിൽ. അന്വേഷണ മേൽനോട്ടച്ചുമതല ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിനു നൽകി. അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടു സനലിന്റെ ഭാര്യ വിജി ഇന്നു ഹൈക്കോടതിയെ സമീപിക്കും. ബിനുവിന്റെ മകൻ അനൂപ് കൃഷ്ണ, മാർത്താണ്ഡത്തിനു സമീപം തൃപ്പരപ്പിൽ അക്ഷയ ടൂറിസ്റ്റ് ഹോം നടത്തുന്ന നെടുമങ്ങാട് സ്വദേശി സതീഷ് കുമാർ എന്നിവരെയാണ് ക്രൈബ്രാഞ്ച് എസ്പി കെ.എം. ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരുവരെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ബിനുവിന്റെ വീട്ടിൽ നിന്നു ഹരികുമാർ ഇറങ്ങുമ്പോഴാണു കാർ പാർക്കിങ് സംബന്ധിച്ചു സനലുമായി തർക്കമുണ്ടാവുകയും അതുവഴി വന്ന കാറിനു മുന്നിലേക്കു തള്ളിയിടുകയും ചെയ്തത്. തുടർന്നു ഹരികുമാർ സ്വന്തം കാറിൽ ബിനുവിനെയും കൂട്ടി കടന്നുകളഞ്ഞു. യാത്രയ്ക്കിടെ മകൻ അനൂപിനെ വിളിച്ചു ബന്ധുവിന്റെ കാറുമായി വെള്ളറടയിൽ എത്താൻ ബിനു നിർദേശിച്ചു. അവിടെ നിന്ന് ഈ കാറിലായിരുന്നു ഇരുവരുടെയും യാത്ര. ഹരികുമാറിന്റെ കാർ കല്ലമ്പലം തോട്ടയ്ക്കാട്ടുള്ള സ്വന്തം വീട്ടിൽ എത്തിച്ചാൽ ശ്രദ്ധിക്കപ്പെടുമെന്നതിനാൽ കല്ലറ മിതൃമ്മലയിലെ കുടുംബവീട്ടിൽ കൊണ്ടു പോയിടാനും അനൂപിനോടു നിർദേശിച്ചു. ഈ കാർ കുടുംബവീട്ടിൽ നിന്നു ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു.

രാവിലെ ഏഴിന് ഹരികുമാറും ബിനുവും തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോമിൽ എത്തിയെന്നു പൊലീസ് അറിയിച്ചു. ഇവിടെ ഉടമ സതീഷുമൊത്ത് ഇരുവരും ഇടയ്ക്കിടെ ഒത്തുചേരാറുണ്ട്. പ്രതികൾ എത്തുന്നതിനു മുൻപു തന്നെ കൊടങ്ങാവിളയിൽ നടന്ന സംഭവം ചാനൽ വാർത്തകളിലൂടെ അറിഞ്ഞിരുന്നുവെന്നു സതീഷ് ക്രൈംബ്രാ‍‍ഞ്ചിനു മൊഴി നൽകി. തന്റെ ഫോൺ പൊലീസ് പിന്തുടരാൻ സാധ്യതയുണ്ടെന്നു ഹരികുമാർ പറഞ്ഞതനുസരിച്ച് തന്റെ ആധാർ കാർഡ് ഉപയോഗിച്ചു രണ്ട് സിം കാർഡ് എടുത്തു നൽകിയെന്നും സതീഷ് പറഞ്ഞു. ഒൻപതു മണിയോടെ പ്രതികൾ അവിടെ നിന്നു തിരിച്ചെന്നും കാർ ഓടിക്കാൻ തന്റെ സഹായിയെ വിട്ടുകൊടുത്തെന്നുമാണു സതീഷ് പറയുന്നത്.

ഹരികുമാറും ബിനുവും തമിഴ്നാട്ടിൽ തന്നെ ഉണ്ടെന്നു ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. സതീഷ് എടുത്തു കൊടുത്ത സിം കാർഡുകളും ഇവർ ഉപേക്ഷിച്ചതായാണു വിവരം.  പുതിയ സിം കാർ‍ഡ് എടുത്തിട്ടുണ്ടെന്നാണു സംശയം. ഇവർ സഞ്ചരിക്കുന്ന കാറിന്റെ നമ്പറും വിവരങ്ങളും തമിഴ്നാട് പൊലീസിനു കൈമാറി. ഇതിനിടെ ഹരികുമാറിന്റെ സഹോദരൻ ബി.മാധവൻ നായരെ ക്രൈംബ്രാഞ്ച് സംഘം വിളിച്ചുവരുത്തി. സംഭവശേഷം ഹരികുമാറുമായി ബന്ധമില്ലെന്നു ക്രൈംബ്രാഞ്ചിനു മൊഴി നൽകി യ മാധവൻ നായർ, സനലാണു കാറിനു മുന്നിലേക്കു ഹരികുമാറിനെ തള്ളിയിടാൻ ശ്രമിച്ചതെന്നും ആരോപിച്ചു.

നെയ്യാറ്റിൻകര കൊലപാതകം: കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് രമേശ്

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ യുവാവിനെ വാഹനത്തിന്റെ മുന്നിലേക്കു തള്ളിയിട്ടു ഡിവൈഎസ്പി കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാൻ സിപിഎമ്മും സർക്കാരും ശ്രമിക്കുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് സിബിഐക്കു വിടണമെന്ന കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

related stories