Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശ്വാസം, സർക്കാരിനും ഭക്തർക്കും

sabarimala-kodimaram

ന്യൂഡൽഹി ∙ ശബരിമല യുവതീപ്രവേശ വിഷയത്തിൽ സുപ്രീം കോടതി ഇന്നലെയെടുത്ത നിലപാട് പ്രത്യക്ഷത്തിൽ സംസ്ഥാന സർക്കാരിന് ആശ്വാസകരമാണ്. വിധി പ്രാബല്യത്തിൽത്തന്നെ എന്നു കോടതി നിലപാടെടുത്തിരിക്കുകയാണ്. ഇതേസമയം, പുനഃപരിശോധനാ ഹർജികൾ ചേംബറിൽ കേട്ടു തീരുമാനമെടുക്കുന്ന പതിവുരീതി സ്വീകരിക്കാതെ തുറന്ന കോടതിയിലേക്കു വിട്ടതു ഭക്തർക്കും ആശ്വാസം പകരുന്നു. വിധിയിൽ പുനരാലോചന ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഇതുയർത്തുന്നത്.

രണ്ടു തീരുമാനങ്ങൾ മാത്രമേ കോടതിയിൽനിന്നുണ്ടായുള്ളൂ: 1) പുനഃപരിശോധനാ ഹർജികൾ ജനുവരി 22നു തുറന്ന കോടതിയിൽതന്നെ പരിഗണിക്കാം. തിടുക്കത്തിൽ പരിശോധിക്കാൻ കോടതി താൽപര്യപ്പെടുന്നില്ലെന്നതു പ്രസക്തമാണ്. മണ്ഡല–മകരവിളക്കു കാലം പൂർത്തിയായി ഒരു ദിവസം കഴിഞ്ഞു മാത്രമാണ് ഹർജി പരിഗണിക്കുക.

2) മണ്ഡല കാലത്തു വിധി പ്രാബല്യത്തിലാണ്. അതു നടപ്പാക്കപ്പെടുന്നില്ലെങ്കിൽ, സർക്കാരിനെതിരെ കോടതിയലക്ഷ്യം ആരോപിക്കപ്പെടാം. എന്തുകൊണ്ടു വിധി നടപ്പാക്കാനായില്ലെന്നു കോടതിക്കു തൃപ്തികരമായ ഉത്തരം നൽകാൻ സർക്കാർ ബാധ്യസ്ഥമാകും.

സെപ്റ്റംബർ 28 ലെ ഭരണഘടനാ ബെഞ്ച് വിധിക്കു നിർദേശസ്വഭാവമില്ലെന്നു വ്യക്തമാക്കണമെന്നാണു റിട്ട് ഹർജികളിലൊന്നിലെ ആവശ്യം. എന്നാൽ, വിധി സ്റ്റേ ചെയ്യുന്നില്ലെന്നാണു കോടതി എടുത്തുപറഞ്ഞത്. ആ പരാമർശം വിധിയുടെ സ്വഭാവത്തെക്കുറിച്ചുള്ള പരോക്ഷ സൂചനയായി നിയമവൃത്തങ്ങൾ വിലയിരുത്തുന്നു. വിധി സ്റ്റേ ചെയ്യുന്നില്ലെന്നു കോടതി എടുത്തുപറഞ്ഞില്ലെങ്കിൽ, കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കപ്പെടാം എന്നതായിരുന്നു സ്ഥിതി.