Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് മേഖല ജാഥകൾക്ക് ആവേശോജ്വല പരിസമാപ്തി

congress കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ പ്രചാരണജാഥകളുടെ സമാപനം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട ∙ ശബരിമലയിൽ രാഷ്ട്രീയ മുതലെടുപ്പിനില്ലെന്നും വിശ്വാസ സംരക്ഷണമാണ് ലക്ഷ്യമെന്നും പ്രഖ്യാപിച്ചു കോൺഗ്രസിന്റെ മേഖല ജാഥകൾക്ക് ആവേശോജ്വല പരിസമാപ്തി. 5 േമഖലകളിൽ നിന്നു തുടങ്ങിയ ജാഥ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ സംഗമിച്ചപ്പോൾ പിന്തുണ പ്രഖ്യാപിച്ച് പതിനായിരങ്ങൾ ഒഴുകിയെത്തി. സ്റ്റേഡിയം നിറഞ്ഞൊഴുകിയ ജനസാഗരത്തെ സാക്ഷിനിർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പുനഃപരിശോധന ഹർജി, തെറ്റുതിരുത്തൽ ഹർജി ഉൾപ്പെടെ നിയമപരമായ വഴികൾ മുന്നിൽ നിൽക്കുമ്പോൾ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന വാശിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ നീങ്ങിയത് ശബരിമലയെ കലാപഭൂമിയാക്കാൻ വേണ്ടിയാണെന്ന് ചെന്നിത്തല ആരോപിച്ചു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായിരുന്നു. വിശ്വാസം സംരക്ഷിക്കു, വർഗീയതയെ ചെറുക്കു എന്ന മുദ്രാവാക്യം ഉയർത്തി കാസർകോട് നിന്ന് കെ.സുധാകരൻ, പാലക്കാട് നിന്ന് ഷാനിമോൾ ഉസ്മാൻ, തൊടുപുഴയിൽ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആലപ്പുഴയിൽ നിന്ന് കൊടിക്കുന്നിൽ സുരേഷ്, തിരുവനന്തപുരത്തു നിന്ന് കെ.മുരളീധരൻ എന്നിവർ നയിച്ച മേഖല പ്രചാരണ ജാഥകളാണ് ഇന്നലെ സമാപിച്ചത്. 

congress.. കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ പ്രചാരണജാഥകൾ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ സംഗമിച്ചപ്പോൾ വേദിയിൽ എം.എം. ഹസൻ, കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ എംപി, എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ എന്നിവരോട് തിരുവനന്തപുരത്തു നടന്ന സർവകക്ഷിയോഗത്തെക്കുറിച്ച് വിശദീകരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ

എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ, കെപിസിസി ട്രഷറർ ജോൺസൺ മാത്യു, എം.എം.ഹസൻ, പി.ജെ.കുര്യൻ, എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, എംപിമാരായ ശശി തരൂർ, ആന്റോ ആന്റണി, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, അടൂർ പ്രകാശ് എംഎൽഎ, കെപിസിസി സെക്രട്ടറി പഴകുളം മധു എന്നിവർ പ്രസംഗിച്ചു. 

സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ബന്ധം വ്യക്തം: ചെന്നിത്തല

സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ബന്ധം ഇന്നലത്തെ സർവകക്ഷി യോഗത്തിൽ എല്ലാവരും നേരിൽക്കണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന്റെ മേഖല ജാഥകളുടെ സമാപന സമ്മേളനം ജില്ലാ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ശ്രീധരൻ പിള്ളയെയും തിരിച്ചും പുകഴ്‍ത്തുന്ന തിരക്കിലായിരുന്നു. ബിജെപിക്ക് സുവർണാവസരം ഉണ്ടാക്കി കൊടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. 

യുവതീപ്രവേശ വിഷയത്തിലെ സംഘർഷാന്തരീക്ഷം പരിഹരിക്കാനുള്ള അവസാന അവസരവും മുഖ്യമന്ത്രി ഇന്നലെ നഷ്ടപ്പെടുത്തി. ഇനി വിധിയുടെ പേരിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും മുഖ്യമന്ത്രി മാത്രമായിരിക്കും ഉത്തരവാദി. ബിജെപിയുടെ രാഷ്ട്രീയ കെണിയിൽ മതേതര കേരളം വീഴില്ല. വ്യവസ്ഥാപിത വഴികളിലൂടെ കോൺഗ്രസ് നിയമപോരാട്ടം തുടരും. വിധിയുടെ പേരിൽ കേരളത്തിൽ ചേരിതിരിവിനു ശ്രമിക്കുന്ന ബിജെപിയോ ആർഎസ്എസോ മറ്റേതെങ്കിലും സംഘപരിവാർ സംഘടനയോ പുനഃപരിശോധന ഹർജിയുമായി പോകാതിരുന്നത് എന്തുകൊണ്ടാണ്? ഹർജി ഫയൽ ചെയ്യാൻ തയാറായ ഏക പ്രസ്ഥാനം കോൺഗ്രസ് ആണെന്നും രമേശ് പറഞ്ഞു. 

മുഖ്യമന്ത്രിയുടേത് കേരളത്തെ ആകെ വേദനിപ്പിക്കുന്ന നിലപാട്: ഉമ്മൻചാണ്ടി

കേരളത്തെ ആകമാനം വേദനിപ്പിക്കുന്ന നിലപാടാണ് യുവതീപ്രവേശ വിഷയത്തിൽ മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. യുഡിഎഫ് സർക്കാരിന്റെ സത്യവാങ്മൂലം ഈ സർക്കാർ പിൻവലിച്ചില്ലായിരുന്നെങ്കിൽ ഇന്ദു മൽഹോത്ര എഴുതിയ അതേ വിധിന്യായം ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയായി വരുമായിരുന്നു. സ്ത്രീകളുടെ പ്രതിഷേധം തിരിച്ചറിഞ്ഞ് പുനഃപരിശോധന ഹർജി നൽകിയിരുന്നെങ്കിൽ സർക്കാരിനു രക്ഷപ്പെടാമായിരുന്നു. ഈ വിഷയത്തിൽ സർക്കാർ ചെയ്ത മൂന്നാമത്തെ തെറ്റ് ഇന്നലത്തെ സർവകക്ഷി യോഗമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ അപമാനിക്കാനായിരുന്നു മുഖ്യമന്ത്രി യോഗം വിളിച്ചത്. 

വിശ്വാസികൾക്കു േവണ്ടി കലാപം നടത്തുന്ന ബിജെപിക്ക് ഈ പ്രശ്നം ഓർഡിനൻസിലൂടെ ഒരു ദിവസം കൊണ്ടു പരിഹരിക്കാം. സർക്കാരിനെ വലിച്ചു താഴെയിടാൻ വന്ന അമിത്ഷായിൽ നിന്നു കേൾക്കാൻ കേരളം ആഗ്രഹിച്ചത് ഓർഡിനൻസ് എന്ന വാക്കാണ്. വലിച്ചു താഴെയിടാൻ അമിത്ഷായുടെ ആവശ്യം കേരളത്തിന് ഇല്ലെന്നും ഉമ്മൻ ചാണ്ടി പറ‍ഞ്ഞു.