Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേവസ്വം ബോർഡ് സുപ്രീംകോടതിയിലേക്ക്; സാവകാശം തേടുന്നു

sabarimala തിരുപ്പതിയില്‍നിന്ന് എത്തിയ ശബരിമല തീർഥാടകരെ എരുമേലി എംഇഎസ് കോളജ് ജംക്‌ഷനു സമീപം പൊലീസ് തടഞ്ഞപ്പോള്‍ വാഹനത്തിലിരുന്നു കരയുന്ന കുട്ടി. ഇന്ന് രാവിലെയേ യാത്ര തുടരാനാവൂ എന്ന് ഏറെ നേരത്തെ വാക്കുതര്‍ക്കത്തിനൊടുവില്‍ പൊലീസ് പറഞ്ഞതോടെ ഇവര്‍ സമീപത്തെ ഇടത്താവളത്തിലാണു രാത്രി തങ്ങിയത്. ചിത്രം: മനോരമ ∙ റെജു അര്‍നോള്‍ഡ്

തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശ വിഷയത്തിൽ സാവകാശഹർജിയുടെ സാധ്യത തേടി ദേവസ്വം ബോർഡ് സുപ്രീം കോടതിയിലേക്ക്. ഇന്നു രാവിലെ ചേരുന്ന ബോർഡ് യോഗം ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. ദേവസ്വം ബോർഡ് സ്വതന്ത്ര സ്ഥാപനമാണെന്നും ഭക്തരോടുള്ള കടമ നിറവേറ്റുമെന്നും പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. എല്ലാ നിയമവശങ്ങളും ആലോചിച്ചിട്ടേ ഹർജി നൽകൂ.

ശബരിമല വിഷയത്തിൽ ഇന്നലെ രാവിലെ മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം പരാജയപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞു തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികൾ എന്നിവരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച സൗഹാർദപരമായിരുന്നുവെങ്കിലും പ്രശ്ന പരിഹാരമുണ്ടായില്ല. അതേസമയം, അവർ മുഖ്യമന്ത്രിക്കു കൈമാറിയ ആവശ്യങ്ങൾ അദ്ദേഹം ദേവസ്വം ബോർഡിന്റെ പരിഗണനയ്ക്കു വിട്ടു. ചർച്ചയിൽ സാവകാശ ഹർജിയെപ്പറ്റി ദേവസ്വം ബോർഡ് സൂചിപ്പിച്ചപ്പോൾ, തന്ത്രികുടുംബവും പന്തളം കൊട്ടാരവും പിന്തുണച്ചു. ഇക്കാര്യത്തിൽ ബോർഡിനു നിലപാട് എടുക്കാമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെയാണു പരിഹാര സാധ്യതയ്ക്കു വഴിതുറന്നത്.

സുപ്രീം കോടതി വിധി നടപ്പാക്കാതെ നിവൃത്തിയില്ലെന്നു സർവകക്ഷിയോഗത്തിൽ വ്യക്തമാക്കിയ മുഖ്യമന്ത്രി, യുവതികളെ പ്രവേശിപ്പിക്കുന്നതിനു ചില പ്രത്യേക തീയതികൾ ചർച്ച ചെയ്തു തീരുമാനിക്കാമെന്ന വിട്ടുവീഴ്ചയ്ക്കു മാത്രമേ തയാറായുള്ളൂ. മുഖ്യമന്ത്രിയുടെ തീരുമാനം അറിഞ്ഞയുടൻ തങ്ങൾ ഇറങ്ങിപ്പോവുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. യുഡിഎഫ് നേതാക്കൾക്കു പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ളയും ഇറങ്ങിപ്പോയി. ഉടൻ തന്നെ യോഗം പിരിഞ്ഞതായി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.

‘കാലുമാറിയ’ മന്ത്രി ബാലന് ‘വിലക്ക് ’ 

ജനുവരി 22 വരെ തൽസ്ഥിതി തുടരണമെന്നു പരസ്യനിലപാട് സ്വീകരിച്ച നിയമമന്ത്രി എ.കെ. ബാലനെ സർവകക്ഷി യോഗത്തിലേക്കു വിളിച്ചില്ല. ബാലന്റെ നിലപാടിനെ സർവകക്ഷിയോഗത്തിൽ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തള്ളി. അതേസമയം, സർവകക്ഷി യോഗത്തിൽ എല്ലാ മന്ത്രിമാരും പങ്കെടുക്കേണ്ടതില്ലെന്നും ദേവസ്വം മന്ത്രി പങ്കെടുത്തല്ലോ എന്നുമായിരുന്നു ബാലന്റെ പ്രതികരണം.‍

ആശങ്കയിൽനിന്ന് സാവകാശത്തിലേക്ക്

∙ രാവിലെ 11.00: 

മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം. ‘വിധി നടപ്പാക്കും’ എന്നു മുഖ്യമന്ത്രി ആവർത്തിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. യോഗം പരാജയം. പ്രശ്നം വീണ്ടും സങ്കീർണമാകുമെന്ന ആശങ്ക.

∙ വൈകിട്ട് 4.00:

തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികൾ എന്നിവരുമായി മുഖ്യമന്ത്രിയുടെ ചർച്ച. ദേവസ്വം ബോർഡ് പ്രതിനിധികളും ചർച്ചയിൽ. സർക്കാരിന്റെ നിലപാടു മുഖ്യമന്ത്രി ആവർത്തിച്ചു. ആചാരാനുഷ്ഠാനങ്ങൾ ജനുവരി 22 വരെ അതേപടി നിലനിർത്തണമെന്നു തന്ത്രി–കൊട്ടാരം പ്രതിനിധികൾ ആവശ്യപ്പെട്ടു. സാവകാശഹർജി നൽകുന്നതിന്റെ സാധ്യതയെക്കുറിച്ചു ബോർഡ് ചൂണ്ടിക്കാട്ടി. ബോർഡിനു നിലപാട് എടുക്കാമെന്നു മുഖ്യമന്ത്രിയുടെ നിർദേശം. 

∙ രാത്രി 7.00: 

ദേവസ്വം ബോർഡിന്റെ അടിയന്തര യോഗം. സുപ്രീം കോടതിയെ സമീപിക്കാൻ തത്വത്തിൽ തീരുമാനം. സാവകാശ ഹർജിയുടെ സാധ്യത തേടും. അന്തിമതീരുമാനം ഇന്നു രാവിലെ. ഭക്തരോടുള്ള കടമ നിറവേറ്റുമെന്നു ദേവസ്വം ബോർഡിന്റെ പ്രഖ്യാപനം.

ശബരിമല നട ഇന്നു തുറക്കും 

ശബരിമല∙ മണ്ഡല–മകരവിളക്കു തീർഥാടനത്തിന് ഇന്നു തുടക്കം. വൈകിട്ട് 5ന് നട തുറക്കും. വി.എൻ. വാസുദേവൻ നമ്പൂതിരി സന്നിധാനത്തും എം.എൻ. നാരായണൻ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി ചുമതലയേൽക്കും. വൈകിട്ട് 6ന് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ കലശംപൂജിച്ച് അഭിഷേകം ചെയ്താണ് സ്ഥാനാരോഹണം. ചടങ്ങുകൾ ആദ്യം സന്നിധാനത്തും പിന്നീട് മാളികപ്പുറത്തും. പുതിയ മേൽശാന്തിയാണ് നാളെ നടതുറക്കുക. തീർഥാടന കാലത്തെ നെയ്യഭിഷേകം നാളെ രാവിലെ 3.30ന് തുടങ്ങും.