Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല സർവകക്ഷിയോഗത്തിൽ സർക്കാരും വിവിധ പാർട്ടികളും സ്വീകരിക്കുന്ന നിലപാടുകൾ

Sabarimala Sabarimala

തിരുവനന്തപുരം∙ ശബരിമല വിഷയത്തിൽ സർവകക്ഷിയോഗം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേരും. അംഗീകൃത രാഷ്ട്രീയ കക്ഷികളുടെ ഒരു പ്രതിനിധി വീതമാണു പങ്കെടുക്കുക. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പങ്കെടുക്കും. യോഗത്തിൽ എന്തു നിലപാട് സ്വീകരിക്കണമെന്നതിൽ സർക്കാരും വിവിധ കക്ഷികളും ഇന്നു രാവിലെയോടെയായിരിക്കും അന്തിമതീരുമാനത്തിലെത്തുക. 

സർക്കാർ: വിട്ടുവീഴ്ചയുടെ സൂചന

സർക്കാർ നിലപാടിന് അന്തിമരൂപം നൽകാൻ സിപിഎം– സിപിഐ ആശയവിനിമയം ഇന്നു നടക്കും. സംസ്ഥാന സെക്രട്ടറിമാരായ കോടിയേരി ബാലകൃഷ്ണനും (സിപിഎം) കാനം രാജേന്ദ്രനും (സിപിഐ) യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇരുവരും വേണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. യോഗത്തിനു മുൻപ് പിണറായി–കോടിയേരി–കാനം ചർച്ചയ്ക്കും സാധ്യതയുണ്ട്.

ഇതുവരെയുള്ള നടപടികൾ സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചേക്കും. സംഘർഷമില്ലാതെ വിധി നടപ്പാക്കണമെന്നായിരിക്കും ആവശ്യപ്പെടുക. യുഡിഎഫും ബിജെപിയും നിലപാടു മാറ്റാത്തതിനാൽ ഇത് അംഗീകരിക്കപ്പെടില്ല.

വിധി നടപ്പാക്കുന്നതിൽ നിന്നു പിന്നോട്ടെന്ന സൂചന സർക്കാർ ഇനിയും നൽകിയിട്ടില്ല. അതേസമയം, മണ്ഡലകാലം സമാധാനപരമാകാനുള്ള സാധ്യതകൾ ആരായണമെന്ന അഭിപ്രായം ശക്തമാണ്. സർവകക്ഷി യോഗത്തിൽ സർക്കാരിനു ശുഭാപ്തി വിശ്വാസമുണ്ടെന്നും ഒത്തുതീർപ്പുനീക്കങ്ങൾക്കു പ്രധാന്യം നൽകുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞതും സമാധാനസൂചനയാണ്. മണ്ഡല, മകരവിളക്ക് കാലം സുഗമമാക്കുന്ന നിലപാട് സ്വീകരിക്കും. വിശ്വാസത്തെ വ്രണപ്പെടുത്താതിരിക്കാനാണു സന്നിധാനത്ത് 50 വയസിൽ കൂടുതലുള്ള വനിതാ പൊലീസിനെ നിയമിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇനി യുവതികൾ എത്തിയാൽ സുരക്ഷയൊരുക്കുമോയെന്ന ചോദ്യത്തോടു മന്ത്രി പ്രതികരിച്ചിട്ടുമില്ല.

സിപിഎമ്മിന് തൃപ്തി

സർവകക്ഷി യോഗത്തിനും തന്ത്രികുടുംബം, പന്തളം കൊട്ടാരം തുടങ്ങിയവരുമായുള്ള ചർച്ചയ്ക്കും മണ്ഡലകാലത്തിനു മുൻപ് കളമൊരുങ്ങിയതിൽ സിപിഎം തൃപ്തിയിലാണ്. സെപ്റ്റംബർ 28ന് വിധി വന്നയുടൻ സർക്കാരിനെ ചർച്ചയ്ക്കു പ്രേരിപ്പിച്ചില്ലെന്ന പഴിയാണു പാർട്ടി കേട്ടുകൊണ്ടിരുന്നത്. പിന്നീട് സർക്കാർ ചർച്ചയ്ക്കു തുനിഞ്ഞപ്പോഴേക്കും പ്രതിഷേധം ശക്തമായിക്കഴിഞ്ഞിരുന്നു; ആചാരസംക്ഷണത്തിനു വേണ്ടി വാദിക്കുന്നവർ സർക്കാരുമായി ചർച്ച നടത്താൻ കഴിയാത്തവിധം അകൽച്ചയിലുമായി. സർവകക്ഷി യോഗത്തിലെ തീരുമാനമെന്ന നിലയിൽ കാര്യങ്ങൾ വ്യക്തമാക്കാനാണ് അതിനുശേഷം കൊട്ടാരം പ്രതിനിധികൾ, തന്ത്രികുടുംബം എന്നിവരുമായുള്ള ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ആദ്യ ചർച്ചകൾ വിജയകരമെങ്കിൽ സമരരംഗത്തുള്ള ശബരിമല കർമസമിതിയെ വരുംദിവസങ്ങളിൽ കൂടിക്കാഴ്ചയ്ക്കു വിളിക്കാനും സാധ്യതയുണ്ട്.

യുഡിഎഫ് നിലപാട് രാവിലെ 10ന്

സർവകക്ഷി യോഗത്തിൽ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കാൻ യുഡിഎഫ് കക്ഷികൾ രാവിലെ 10ന് യോഗം ചേരും. കോൺഗ്രസിൽ നിന്നു കെപിസിസി പ്രസി‍ഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണു പങ്കെടുക്കുന്നത്. മുല്ലപ്പള്ളിക്കു പനിയാണ്; കുറഞ്ഞില്ലെങ്കിൽ മറ്റാരെങ്കിലുമാകും. 

യോഗം കഴിയട്ടെയെന്ന് ബിജെപി

ബിജെപിയെ പ്രതിനിധീകരിച്ചു സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയാണു പങ്കെടുക്കുക. സർവകക്ഷി യോഗത്തിന്റെ തീരുമാനം അനുസരിച്ചു ഭാവികാര്യങ്ങൾ എന്നാണു ബിജെപി നിലപാട്. സർവകക്ഷിയോഗം ചേരണമെന്നു ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും സർക്കാരിനു വൈകിവന്ന ബുദ്ധിയാണിതെങ്കിലും പ്രതീക്ഷവയ്ക്കുന്നുവെന്നുമാണു ശ്രീധരൻ പിള്ള ഇന്നലെ പ്രതികരിച്ചത്. 

വിധി നടപ്പാക്കണമെന്ന് നിയമോപദേശം

ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ യുവതീപ്രവേശം അനുവദിക്കണമെന്നാണു സർക്കാരിനു ലഭിച്ച നിയമോപദേശം. സ്റ്റേയില്ലെന്നു സുപ്രീം കോടതി ഇന്നലെയും വ്യക്തമാക്കി. ഓൺലൈൻ റജിസ്ട്രേഷൻ നടത്തിയ യുവതികൾ എത്തിയാൽ തിരിച്ചയയ്ക്കുന്നത് കോടതിയലക്ഷ്യമായേക്കാം എന്നും നിയമോപദേശമുണ്ട്. തൽക്കാലം നിലവിലുള്ള സ്ഥിതി തുടരട്ടെയെന്നും കോടതിയലക്ഷ്യം വന്നാൽ അപ്പോൾ നോക്കാമെന്നുമാണ് മന്ത്രിസഭയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. അതേസമയം, വിധി നടപ്പാക്കിയില്ലെങ്കിൽ സർക്കാരിന് അധികാരത്തിൽ തുടരാൻ ധാർമികാവകാശമില്ലെന്ന മറുവാദവുമുണ്ട്.