Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: തീർഥാടനത്തിന്റെ സമ്പൂർണ മേൽനോട്ടം ഹൈക്കോടതി സമിതിക്ക്

sabarimala-pilgrims

കൊച്ചി ∙ ഈ സീസണിലെ ശബരിമല തീർഥാടനത്തിന്റെ സമ്പൂർണ മേൽനോട്ടവും തൽസമയ തീരുമാനങ്ങളെടുക്കാനുള്ള അധികാരവും ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിക്ക്. കോടതി ഉത്തരവു നടപ്പാക്കാൻ വേണ്ട നിർദേശങ്ങൾ ബന്ധപ്പെട്ടവർക്കു നൽകാനും സുഗമമായ തീർഥാടനം ഉറപ്പാക്കാനും ആരും അതിരുവിട്ടു പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാനും സമിതിയെ അധികാരപ്പെടുത്തുന്ന ഉത്തരവിന്റെ വിശദാംശങ്ങളാണു പുറത്തുവന്നത്.

ജസ്റ്റിസ് പി. ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ, ഡിജിപി‌ എ.‌ ഹേമചന്ദ്രൻ എന്നിവരുൾപ്പെട്ട സംഘത്തെയാണു കോടതി നിയോഗിച്ചിട്ടുള്ളത്. പരിധി വിടാതെയും നിയമപരമായും ക്രമസമാധാന പാലനത്തിനു പൊലീസിനുള്ള സ്വാതന്ത്ര്യവും നിയമവാഴ്ചയും നടപ്പാക്കുന്നതിനൊപ്പം, തീർഥാടകരോ തീർഥാടകർ ചമഞ്ഞെത്തുന്നവരോ നിയമവിരുദ്ധമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

പൊലീസ്, ദേവസ്വം, വനം, പൊതുമരാമത്ത് തുടങ്ങി അധികൃതരുടെയോ തീർഥാടകരുൾപ്പെടെ മറ്റു ബന്ധപ്പെട്ടവരുടെയോ‌ ഭാഗത്തുനിന്ന് അതിരുവിട്ട പെരുമാറ്റം ഇല്ലെന്നുറപ്പാക്കാൻ സമിതിക്കു നടപടിയെടുക്കാം.

കാര്യങ്ങൾ നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാകുകയോ ഏതെങ്കിലും കാര്യത്തിൽ വ്യക്തത വേണ്ടിവരികയോ ചെയ്താൽ നിരീക്ഷക സമിതിക്കോ മറ്റു ബന്ധപ്പെട്ടവർക്കോ കോടതിയെ സമീപിച്ച് നിർദേശം തേടാം. ശബരിമല സ്പെഷൽ കമ്മിഷണർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും പ്രസക്തമായ വസ്തുതകൾ സമിതിയുടെ ശ്രദ്ധയിൽക്കൊണ്ടുവരുകയും വേണം. ശബരിമലയിലെ സ്ഥിതിഗതികൾ അറിയിക്കാൻ സമിതിക്കു നേരിട്ടോ സ്പെഷൽ കമ്മിഷണർ മുഖേനയോ കോടതിയിൽ റിപ്പോർട്ട് നൽകാം. 

നിരീക്ഷണ സമിതി യോഗം നാളെ

കൊച്ചി ∙ ശബരിമല തീർഥാടനം സുഗമമാക്കാൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി നാളെ യോഗം ചേരും. ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ ജസ്റ്റിസ് എസ്. സിരിജഗൻ, ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.ആർ. രാമൻ, ഡിജിപി എ. ഹേമചന്ദ്രൻ എന്നിവരുൾപ്പെട്ട സമിതിയെയാണ് ഹൈക്കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. ശബരിമലയിലെ പൊലീസ് നടപടികളെ വിമർശിച്ച ഹൈക്കോടതി, സന്നിധാനത്ത് പ്രതിഷേധ പ്രകടനങ്ങൾ പാടില്ലെന്നും നിർദേശിച്ചിരുന്നു. 

സമിതിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് അംഗങ്ങൾ വ്യക്തമാക്കി. ആലുവ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗെസ്റ്റ് ഹൗസിൽ രാവിലെ 10.30നാണ് യോഗം.