Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാൻസ്ജെൻഡേഴ്സിനു ശബരിമല ദർശനമാകാമെന്ന് പൊലീസ്

TRANSGENDERS-AT-SABARIMALA ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്ജൻഡർ വിഭാഗത്തിൽനിന്നുള്ളവർ.

തിരുവനന്തപുരം∙ ട്രാൻസ്ജെൻഡേഴ്സിന്റെ ശബരിമല ദർശനത്തിനു തടസ്സമില്ലെന്ന് പൊലീസ്. കഴിഞ്ഞ ദിവസം എരുമേലിയിൽ തടഞ്ഞ നാലു ട്രാൻസ്ജെൻഡേഴ്സ് തിരക്കില്ലാത്ത ദിവസം ദർശനത്തിന് എത്തിയാൽ സുരക്ഷ ഒരുക്കാമെന്നു പൊലീസ് അറിയിച്ചു. ഇവർ ഇന്നലെ ദക്ഷിണമേഖലാ എഡിജിപി അനിൽകാന്തിനെ കണ്ടു ദർശനത്തിന് അനുമതി തേടിയിരുന്നു.

മുൻപു ശബരിമല ദർശനം നടത്തിയിട്ടുണ്ടെന്നും ഇവർ അറിയിച്ചു. ഹൈക്കോടതി നിരീക്ഷണ സമിതി അംഗമായ ഡിജിപി എ. ഹേമചന്ദ്രനെയും ഇവർ കണ്ടു. തുടർന്ന് അനിൽകാന്ത് ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സുപ്രീം കോടതി വിധി പ്രകാരം ആരെയും ശബരിമല ദർശനത്തിൽ നിന്നു തടയാനാവില്ലെന്നു വിലയിരുത്തിയ പൊലീസ് സുരക്ഷ ഒരുക്കാമെന്ന് അറിയിച്ചു. മുൻകാലങ്ങളിലും പുരുഷ വേഷമണിഞ്ഞു ട്രാൻസ്ജെൻഡേഴ്സ് ശബരിമലയിലെത്തിയിട്ടുണ്ടെന്നും എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എതിർപ്പുയരുമെന്നതിനാലാണു തടസ്സം അറിയിച്ചതെന്നുമാണു പൊലീസിന്റെ വിശദീകരണം. 

തടസ്സമില്ലെന്ന് തന്ത്രിയും പന്തളം കൊട്ടാരവും

ട്രാൻസ്ജെൻഡേഴ്സ് ശബരിമല ദർശനം നടത്തുന്നതിൽ തടസ്സമില്ലെന്നു ശബരിമല തന്ത്രി കണ്ഠര് മോഹനര്. എന്നാൽ, സ്ത്രീകളുടെ വേഷത്തിൽ വരുന്നതു മറ്റുള്ളവരിൽ അസ്വസ്ഥത ഉണ്ടാക്കിയേക്കും. അവർ പുരുഷവേഷത്തിൽ വരുന്നതിനോടാണു യോജിപ്പ്. അതുപോലെ യുവതികൾ ട്രാൻസ്ജെൻഡറുകളെന്ന മട്ടിൽ വരില്ലെന്നു സർക്കാർ ഉറപ്പു വരുത്തണമെന്നും തന്ത്രി പറഞ്ഞു.

ട്രാൻസ്ജെൻഡേഴ്സ് ശബരിമല ദർശനത്തിന് എത്തുന്നതിൽ എതിർപ്പില്ലെന്നു പന്തളം കൊട്ടാരം. വരുന്നത് അവർ തന്നെയാണെന്ന് ഉന്നതാധികാര സമിതിക്കു ബോധ്യമുണ്ടെങ്കിൽ കൊട്ടാരത്തിനു തടസ്സമില്ല. എന്നാൽ, ഇവരുടെ സന്ദർശനം മറ്റു ഭക്തർക്കു ബുദ്ധിമുട്ടുണ്ടാക്കരുത്. സ്ത്രീ വേഷത്തിൽ ഇവർ കയറുന്നതു മറ്റു ഭക്തർക്കു ബുദ്ധിമുട്ടുണ്ടാക്കാം. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണു നല്ലതെന്നു പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി.എൻ. നാരായണവർമ പറഞ്ഞു.