Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാട്ടിൽ നിന്നുള്ള യുവതികളുടെ തീർഥാടക സംഘത്തെ തടഞ്ഞു

ladies തമിഴ്നാട്ടിൽ നിന്നു കേരളത്തിലെ തീർഥാടന കേന്ദ്രങ്ങളിലേക്ക് എത്തിയ യുവതികളുടെ സംഘത്തെ ശബരിമല ദർശനത്തിനു പോകാനെത്തിയവരാണെന്ന അഭ്യൂഹത്തെത്തുടർന്ന് പുനലൂർ ടിബി ജംക്‌ഷനിൽ തടഞ്ഞപ്പോൾ.

പുനലൂർ (കൊല്ലം) ∙ തമിഴ്നാട്ടിൽ നിന്നുള്ള യുവതികളുടെ തീർഥാടക സംഘത്തെ ശബരിമല ദർശനത്തിന് എത്തിയവരാണെന്ന അഭ്യൂഹത്തെത്തുടർന്ന് ദേശീയപാതയിൽ തടഞ്ഞു. ചുവപ്പ് ധരിച്ചിരുന്ന 27 യുവതികളെയാണ് ആര്യങ്കാവ്, ഒറ്റക്കൽ ജംക്‌ഷൻ, പുനലൂർ ടിബി ജംക്‌ഷൻ എന്നിവിടങ്ങളിൽ തടഞ്ഞത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇരുമുടിക്കെട്ടോ ശബരിമലയ്ക്കു പോകുന്നവരെന്നു തെളിയിക്കുന്ന മറ്റെന്തെങ്കിലുമോ കണ്ടെത്താൻ സാധിച്ചില്ല.

വിവിധ പ്രായപരിധിയിലുള്ളവർ സംഘത്തിലുണ്ടായിരുന്നു. സമാധാനപരമായി കാര്യങ്ങൾ അന്വേഷിച്ച ശേഷം ഇവരെ തിരുവനന്തപുരത്തേക്കു യാത്ര തുടരാൻ അനുവദിക്കുകയായിരുന്നു. തിരുവനന്തപുരം ആറ്റുകാൽ ദേവീക്ഷേത്രം, ചോറ്റാനിക്കര ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്താനാണ് തങ്ങൾ എത്തിയതെന്നു ടിബി ജംക്‌ഷനിൽ പൊലീസിന്റെ സാന്നിധ്യത്തിൽ യുവതികൾ അറിയിച്ചു. ശബരിമലയിലെ വിഷയങ്ങൾ തങ്ങൾക്ക് അറിയാമെന്നും ശബരിമല ദർശനത്തിനു പദ്ധതിയില്ലെന്നും സംഘം അറിയിച്ചു.

അയ്യപ്പ ഭക്തരോടൊപ്പം വിവിധ അയ്യപ്പ സംഘടനാപ്രവർത്തകരും ഹിന്ദു സംഘടനകളുടെ ഭാരവാഹികളും സ്ഥലത്തെത്തിയിരുന്നു. ടിബി ജംക്‌ഷനിലെ പൊലീസ് കൺട്രോൾ റൂമിൽ നിന്ന് അറിയിച്ചതനുസരിച്ച് കൂടുതൽ പൊലീസ് സ്ഥലത്തെത്തി സ്ത്രീകൾക്ക് സുരക്ഷ ഒരുക്കി. എന്നാൽ ആരും തങ്ങളെ തടഞ്ഞില്ലെന്നും യാത്രയുടെ ഉദ്ദേശ്യം ചോദിച്ചറിയുകയായിരുന്നുവെന്നും സംഘത്തിലെ മുതിർന്ന അംഗം പൊലീസിനോട് പറഞ്ഞു.

ഇവരെ അഞ്ചൽ, ആയൂർ വഴി തലസ്ഥാനത്തേക്ക് അയയ്ക്കുകയും ചെയ്തു. ആര്യങ്കാവിൽ എത്തിയ യുവതികൾ ശബരിമലയ്ക്കു പോകുന്നവരാണെന്നു പ്രചരണം ഉണ്ടായതിനെത്തുടർന്നാണ് വഴിതടഞ്ഞ സംഭവമുണ്ടായത്. ഈ വിവരം അറിഞ്ഞ് കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ ഇവരെ തടയുന്നതിനു ചില സംഘടനകൾ സന്ദേശം കൈമാറിയിരുന്നതായി അറിയുന്നു. ഇവർ ഒരേവേഷത്തിൽ വന്നതോടെയാണ് ശബരിമല തീർഥാടകരാണെന്നു സംശയം ഉണ്ടായത്.