Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിലെ പ്രാദേശിക ഗുണ്ടകളെ കൂടെക്കൂട്ടി രവി പൂജാരിയുടെ ‘ക്രൈം സിൻഡിക്കറ്റ്’

Ravi Pujari, Leena Maria Paul രവി പൂജാരി, ലീന മരിയ പോൾ

കൊച്ചി ∙ നടി ലീന മരിയ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടി സലൂണിലെ വെടിവയ്പു കേസിന്റെ അന്വേഷണം അധോലോക കുറ്റവാളി രവി പൂജാരിയിലേക്കു കേന്ദ്രീകരിക്കാൻ അന്വേഷണ സംഘത്തിനു നിർദേശം ലഭിച്ചു. കൊച്ചിയിലെ പ്രാദേശിക ഗുണ്ടകളെ കൂടെക്കൂട്ടി രവി പൂജാരി ‘ക്രൈം സിൻഡിക്കറ്റ്’ രൂപീകരിച്ചതായും രഹസ്യവിവരമുണ്ട്. വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ഇവരുടെ നീക്കം.

സലൂൺ വെടിവയ്പിൽ കൊച്ചിയിലെ പ്രാദേശിക ഗുണ്ടാത്തലവന്റെ സഹകരണം രവി പൂജാരിക്കു ലഭിച്ചതായും പൊലീസിനു വിവരം ലഭിച്ചു. വെടിവയ്പു നാടകത്തിനു മുൻപുള്ള ദിവസങ്ങളിൽ ലീനയുടെ ബ്യൂട്ടി സലൂൺ സന്ദർശിച്ചവരുടെ നീക്കങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസിലെ പരാതിക്കാരിയായ നടി ലീന അവരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച മുഴുവൻ വിവരങ്ങളും പൊലീസിനോടു വെളിപ്പെടുത്താത്തതാണ് അന്വേഷണത്തിനുള്ള പ്രധാന തടസ്സം. മുബൈ പൊലീസിന്റെ കുറ്റാന്വേഷണ രേഖകൾ പ്രകാരം രവി പൂജാരി ഇപ്പോൾ ഓസ്ട്രേലിയയിൽ ഒളിവിലാണ്.

ദാവൂദ് ഇബ്രാഹിമിന്റെ ഡി–കമ്പനിയെ ഭയപ്പെട്ടാണു രവി പൂജാരി ഇന്ത്യ വിട്ടതെന്നും സൂചനയുണ്ട്. ദാവൂദിനെതിരായ നീക്കങ്ങളിൽ മുംബൈ പൊലീസ് ഇയാളെ ഉപയോഗപ്പെടുത്തിയിരുന്നു. ഇതോടെയാണു രവി പൂജാരി ഡി–കമ്പനിയുടെ നോട്ടപ്പുള്ളിയായത്. കേരളത്തിലെ മുൻനിര വ്യാപാരി, സിനിമാ സംവിധായകൻ എന്നിവരെ മാസങ്ങൾക്കു മുൻപു ഫോണിൽ ഭീഷണിപ്പെടുത്തി പണം തട്ടാൻ രവി പൂജാരിയെന്ന പേരിൽ ശ്രമം നടന്നിരുന്നു. ഇയാളുമായി സഹകരിക്കാൻ സാധ്യതയുള്ള കൊച്ചിയിലെ ക്രിമിനൽ സംഘങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

അന്വേഷണസംഘം നാലായി പിരിഞ്ഞു തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലേക്കും നീങ്ങിയിട്ടുണ്ട്. സലൂണിലെ വെടിവയ്പു നാടകത്തിനു പിന്നിൽ രവി പുജാരിയുടെ സംഘമാണെങ്കിൽ അവരെ പിടികൂടാൻ തന്നെയാണു കൊച്ചി സിറ്റി പൊലീസിന്റെ നീക്കം. അതിനാവശ്യമായ സഹായം മറ്റു സംസ്ഥാന പൊലീസ് മേധാവികളോടു ഡിജിപി ലോക്നാഥ് ബെഹ്റ തേടിയിട്ടുണ്ട്.

ഫോൺ വിളിച്ചത് അൻപതുകാരൻ

കൊച്ചി∙ അധോലോക കുറ്റവാളി രവി പൂജാരിയെന്നു പരിചയപ്പെടുത്തി നടി ലീന മരിയ പോളിനേയും സ്വകാര്യ വാ‍ർത്താ ചാനലിലേക്കും ഫോണിൽ വിളിച്ചത് 50 വയസു പിന്നിട്ട ശാരീരിക അവശതകളുള്ള ഒരാളാണെന്നാണു പ്രാഥമിക നിഗമനം. ഫോൺ സംഭാഷണത്തിലെ ശബ്ദം ശാസ്ത്രീയമായി അപഗ്രഥിച്ചാണു പൊലീസ് ഈ നിഗമനത്തിൽ എത്തിയത്. രവി പൂജാരിയുടെ ശബ്ദവുമായി ഇത് ഒത്തുനോക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

ലീനയുടെ ഹർജി തീർപ്പാക്കി

കൊച്ചി ∙ ജീവനും സ്വത്തിനും ഭീഷണിയുള്ളതിനാൽ പൊലീസ് സംരക്ഷണം തേടി നടി ലീന മരിയ പോൾ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. സ്വകാര്യ സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന സർക്കാർ നിലപാടിനെത്തുടർന്നാണു നടപടി. കൊച്ചുകടവന്ത്രയിൽ തന്റെ ഉടമസ്ഥതയിലുള്ള ‘നെയ്ൽ ആർടിസ്ട്രി’ ബ്യൂട്ടി സലൂണിനു നേരെ വെടിവയ്പുണ്ടായ സാഹചര്യത്തിലാണു ഹർജിക്കാരി കോടതിയിലെത്തിയത്.

നവംബർ മൂന്നിനു രവി പൂജാരിയുടെ ആളാണെന്നു പറഞ്ഞ് ഇന്റർനെറ്റ് കോൾ ലഭിച്ചെന്നും 25 കോടി രൂപ ആവശ്യപ്പെട്ടെന്നും ഹർജിയിൽ പറയുന്നു. സ്വകാര്യ സുരക്ഷാ ജീവനക്കാരുടെ സേവനം പൊലീസ് അനുവദിക്കുന്നില്ലെന്ന് ലീനയുടെ അഭിഭാഷകൻ പരാതിപ്പെട്ടു. തുടർന്നു സുരക്ഷാ ജീവനക്കാരുടെ സേവനം തുടരുന്നതിൽ എതിർപ്പില്ലെന്നു സർക്കാർ അറിയിച്ചു. സ്ഥാപനവുമായി ബന്ധപ്പെട്ട് പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും അറിയിച്ചു.

ഹർജിക്കാരിക്കും കൂട്ടാളി സുകേഷ് ചന്ദ്രശേഖറിനുമെതിരെ പണമിടപാടുമായി ബന്ധപ്പെട്ട് 20 കേസുകൾ നിലവിലുള്ളതായാണു വിവരമെന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചു. ഇതു സംബന്ധിച്ച് അന്വേഷണത്തിനു രണ്ട് അസിസ്റ്റന്റ് കമ്മിഷണർമാരെ ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും അയച്ചിരിക്കുകയാണ്. സംസ്ഥാനത്തെ കേസുകളുടെ വിശദാംശം പോലീസ് പരിശോധിച്ചുവരുന്നു. വെടിവയ്പു സംഭവത്തിന്റെ അന്വേഷണത്തിനു തൃക്കാക്കര എസിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.

related stories