Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിയാരത്ത് സ്വയംഭരണം വേണ്ട, സൗജന്യചികിത്സ മതി; സർക്കാർ നീക്കത്തിനെതിരെ പ്രക്ഷോഭ സമിതി

Pariyaram-medical-college

കണ്ണൂർ∙ സർക്കാർ ഏറ്റെടുക്കുന്ന പരിയാരം മെഡിക്കൽ കോളജ് സ്വയംഭരണ സ്ഥാപനമാക്കുന്നതിനെതിരെ പരിയാരം പ്രക്ഷോഭ സമിതി. പരിയാരം മെഡിക്കൽ കോളജിനെ തിരുവനന്തപുരം ആർസിസി (റീജനൽ കാൻസർ സെന്റർ) മാതൃകയിൽ സ്വയംഭരണ സ്ഥാപനമാക്കാൻ സർക്കാർ ആലോചിക്കുന്നുവെന്നുള്ള സൂചനകൾക്കിടയിലാണ് അതിനെതിരെ പ്രക്ഷോഭ സമിതി രംഗത്തു വന്നത്. പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു വർഷങ്ങളായി സമരം നടത്തി വരുന്ന സംഘടനയാണു പ്രക്ഷോഭ സമിതി. ആർസിസി മാതൃകയിൽ സ്വയംഭരണ സ്ഥാപനമാക്കി ചികിത്സയ്ക്കു ഫീസ് ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നു പ്രക്ഷോഭ സമിതി ചെയർമാൻ ‍ഡോ.ഡി. സുരേന്ദ്രനാഥ് പറഞ്ഞു. 

കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മാതൃകയിൽ പൂർണമായും സർക്കാർ സ്ഥാപനമാക്കിയില്ലെങ്കിൽ സാധാരണക്കാർക്കു പ്രയോജനമുണ്ടാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സൗജന്യ ചികിത്സ നൽകുന്ന ഗവ. മെഡിക്കൽ കോളജ് പദവി തന്നെ വേണമെന്നാണു പരിയാരം പ്രക്ഷോഭ സമിതി വർഷങ്ങളായി ആവശ്യപ്പെടുന്നത്. സാമുവൽ ആറോൺ എന്ന വ്യവസായി വർഷങ്ങൾക്കു മുൻപു ക്ഷയരോഗ ചികിത്സാ കേന്ദ്രത്തിനു വേണ്ടി സംഭാവന ചെയ്ത ഭൂമിയിലാണു പരിയാരം മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്നത്. സാധാരണക്കാർക്കു സൗജന്യ ചികിത്സ നൽകുന്ന ധർമാശുപത്രിക്കു വേണ്ടിയാണു സ്ഥലം ഉപയോഗപ്പെടുത്തേണ്ടത് എന്ന നിബന്ധനോടെയാണു സാമുവൽ ആറോൺ ഭൂമി വിട്ടു കൊടുത്തത്. 

കണ്ണൂർ ഒഴികെ ഏതാണ്ടെല്ലാ ജില്ലകളിലും സർക്കാർ മെഡിക്കൽ കോളജുകൾ പ്രവർത്തിക്കുകയോ നിർമാണത്തിലിരിക്കുകയോ ചെയ്യുമ്പോൾ, കണ്ണൂർ ജില്ലയ്ക്കു സർക്കാർ മെഡിക്കൽ കോളജ് അനുവദിക്കാത്തത് ഇവിടെ പരിയാരം മെ‍ഡിക്കൽ കോളജ് ഉള്ളതു കൊണ്ടാണ്. അതു കൊണ്ടു തന്നെ സർക്കാർ മെഡിക്കൽ കോളജ് ആണ് ഇവിടെ വേണ്ടത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മാതൃകയിലാണു സർക്കാർ ഏറ്റെടുക്കേണ്ടതെന്നും സ്വയംഭരണ സ്ഥാപനമാക്കിയാൽ എൽഡിഎഫ് അതിനെതിരെ സമരം ചെയ്യുമെന്നും പരിയാരം ഭരണ സമിതി ചെയർമാനായിരിക്കെ സിപിഎം നേതാവ് എം.വി. ജയരാജൻ വ്യക്തമാക്കിയിരുന്നുവെന്നും ഡോ.സുരേന്ദ്രനാഥ് ചൂണ്ടിക്കാട്ടുന്നു.