Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐ ഗ്രൂപ്പിലെ അസംതൃപ്തർ ഒരുമിക്കുന്നു; മുരളീധരന്റെ നേതൃത്വത്തിൽ പുതിയ ഗ്രൂപ്പ്

K.Muraleedharan

കൊച്ചി∙ കെ. മുരളീധരൻ എംഎൽഎയുടെ നേതൃത്വത്തിൽ സംസ്ഥാന കോൺഗ്രസിൽ പുതിയ ഗ്രൂപ്പിനു കളമൊരുങ്ങുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുളള വിശാല ഐ ഗ്രൂപ്പിന്റെ പ്രവർത്തനത്തിൽ അസംതൃപ്തിയുളളവരാണു മുരളീധരനെ മുന്നിൽ നിർത്തി പുതിയ ഗ്രൂപ്പ് രൂപീകരണത്തിനു നീക്കം നടത്തുന്നത്. അസംതൃപ്തരുടെ ആദ്യ കൂട്ടായ്മ കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്നിരുന്നു.

കെ. കരുണാകരൻ സ്റ്റഡി സെന്റർ എന്ന പേരിലാണു വിശാല ഐ ഗ്രൂപ്പിലെ അസംതൃപ്തർ ജില്ലാ തലങ്ങളിൽ ഒത്തുകൂടുന്നത്. ഡിഐസി (കെ) എന്ന േപരിൽ കെ. കരുണാകരൻ പുതിയ പാർട്ടി രൂപീകരിച്ചപ്പോൾ അദ്ദേഹത്തിനൊപ്പം പാർട്ടിയിൽനിന്നു പുറത്തു പോവുകയും പിന്നീടു കോൺഗ്രസിൽ തിരിച്ചെത്തി ഐ ഗ്രൂപ്പിന്റെ ഭാഗമാവുകയും ചെയ്തവരാണു കൂട്ടായ്മയ്ക്കു പിന്നിൽ. മുൻ എംഎൽഎ എം.എ. ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു കൊച്ചിയിലെ കൂട്ടായ്മ. പുതിയ ഗ്രൂപ്പിനെ പറ്റി പരസ്യമായി ഒന്നും പറയുന്നില്ലെങ്കിലും നിലവിലെ ഗ്രൂപ്പ് നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ അസംതൃപ്തിയുണ്ടെന്ന കാര്യം ഇവർ തുറന്നു സമ്മതിക്കുന്നുണ്ട്.

രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന ഐ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ പഴയ കെ. കരുണാകരൻ അനുകൂലികൾ ഏറെക്കാലമായി അതൃപ്തരാണ്. സമീപകാലത്തു നടന്ന കെപിസിസി പുനഃസംഘടനയിൽ തഴയപ്പെട്ടെന്ന വികാരമാണു പുതിയ ഗ്രൂപ്പ് രൂപീകരണ നീക്കങ്ങളുടെ വേഗം കൂട്ടിയതെന്നാണു വിലയിരുത്തുന്നത്.