Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.ജെ. കുര്യനും പി.പി. തങ്കച്ചനും ഇനി മാറിനിൽക്കട്ടെ: തുറന്നടിച്ച് ബൽറാം, ഷാഫി

VT-Balram-Shafi-Prambil വി.ടി.ബൽറാമും ഷാഫി പറമ്പിലും

കോട്ടയം∙ മുതിർന്ന നേതാവ് പി.ജെ. കുര്യൻ പാർലമെന്ററി രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങണമെന്ന അഭിപ്രായവുമായി യുവ എംഎൽഎമാരായ വി.ടി. ബൽറാമും ഷാഫി പറമ്പിലും രംഗത്ത്. രാജ്യസഭയിൽ മൂന്നും ലോക്സഭയിൽ ആറും തവണ അംഗമായിട്ടുള്ള കുര്യൻ പാർലമെന്ററി രാഷ്ട്രീയത്തിൽനിന്ന് വിടവാങ്ങാനുള്ള ‘ഔചിത്യപൂർവ’മായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ ബൽറാം വ്യക്തമാക്കി. വരാനിരിക്കുന്ന രാജ്യസഭാ തിര‍ഞ്ഞെടുപ്പിൽനിന്ന് പി.ജെ.കുര്യൻ വിട്ടുനിൽക്കണമെന്നും വി.ടി.ബൽറാം ആവശ്യപ്പെട്ടു. ഷാഫി പറമ്പിലും സമാനമായ അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്. പുതുമുഖങ്ങൾക്കും യുവാക്കൾക്കും ഇനി അവസരം നൽകണമെന്നും ഇരുവരും ആവശ്യപ്പെട്ടു. വനിതയോ മുസ്‍ലിം ന്യൂനപക്ഷ പ്രതിനിധിയോ മലബാർ ജില്ലകളിൽനിന്നുള്ള നേതാവോ ആയാൽ ഉചിതമെന്നും ബൽറാം കുറിച്ചു.

കൂടാതെ സ്ഥാനാർഥി സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന ചിലരുടെ പേരുകളും ബൽറാം നിർദ്ദേശിച്ചു. ഷാനിമോൾ ഉസ്മാൻ, മാത്യു കുഴൽനാടൻ, ടി.സിദ്ദിഖ്, എം.ലിജു, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവരുടെ പേരുകളാണ് ബൽറാം എടുത്തുപറഞ്ഞിട്ടുള്ളത്. ഈ ദിശയിലുള്ള അഭിപ്രായങ്ങൾ ബഹുമാന്യനായ അഖിലേന്ത്യാ കോൺഗ്രസ് അധ്യക്ഷനെയും മറ്റു മുതിർന്ന നേതാക്കളേയും ഉചിതമാർഗേന അറിയിക്കുന്നുണ്ട്. ഒരു ബഹുജന പ്രസ്ഥാനമെന്ന നിലയിൽ ഇക്കാര്യങ്ങളിൽ ഒരു പൊതു ചർച്ച ഉണ്ടാവുന്നതിലും അപാകതയില്ല എന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെയും പറയുന്നത്. അതുൾക്കൊള്ളാനും കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാനും കഴിയുന്നവരാണ് കോൺഗ്രസിന്റെ നേതാക്കൾ എന്നാണ് എന്റെ പ്രതീക്ഷ – ബൽറാം കുറിക്കുന്നു.

അതേസമയം, പി.ജെ.കുര്യനു പുറമെ യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചനെതിരെയും ഷാഫി പറമ്പിൽ വിമർശനം ഉന്നയിക്കുന്നു. അനാരോഗ്യം മൂലം വൈക്കം വിശ്വം സ്ഥാനം ഒഴിയുന്നതുപോലെ തങ്കച്ചനും സ്ഥാനത്യാഗം നടത്തണമെന്നാണ് ഷാഫി സമൂഹമാധ്യമത്തിലിട്ട കുറിപ്പിൽ ആവശ്യപ്പെടുന്നത്. എല്ലാവരും ഉത്തരവാദികളാണെന്നു പറഞ്ഞ് ആരംഭിക്കുന്ന കുറിപ്പിൽ ആത്മവിമർശനം വേണമെന്നും തന്റേതടക്കമുള്ള മണ്ഡലത്തിൽ യൂത്ത് കോൺഗ്രസിന് എത്ര ബൂത്ത് കമ്മറ്റികളുണ്ടെന്നും ചോദിക്കുന്നു.

കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാതെ പോകരുതെന്നും പ്രതിസന്ധികളിൽ ആരെയും പിണക്കാത്ത ബാലൻസിങ്ങിനു ശ്രമിക്കാതെ തീരുമാനമെടുക്കണമെന്നും ഷാഫി ആവശ്യപ്പെടുന്നു. ചില കാര്യങ്ങളോടും ചിലരോടും ചിലപ്പോഴെങ്കിലും അവനവനോടും ‘No’ പറയാനുള്ള ശേഷി ശേഷി വീണ്ടെടുക്കണം. വെല്ലുവിളികൾ ഉണ്ടാവുമ്പോൾ തോറ്റോടുന്നവരല്ല പാർട്ടി നേതാക്കന്മാരും പ്രവർത്തകരും. മറിച്ച് അതിനെയെല്ലാം ക്രിയാത്മകമായി അതിജീവിക്കുന്നവരാണ് – ഷാഫി കുറിപ്പിൽ പറയുന്നു.

സൈബർ സഹപ്രവർത്തകരോടുള്ള ഉപദേശവും ഷാഫി കുറിപ്പിലൂടെ നൽകുന്നുണ്ട്. ഒരു ഉപതിരഞ്ഞെടുപ്പ്‌ തോൽവി കൊണ്ട്‌ ലോകം അവസാനിക്കുകയാണെന്ന മട്ടിൽ പെരുമാറരുത്‌. പിറവവും അരുവിക്കരയും നെയ്യാറ്റിൻകരയുമൊക്കെ പരാജയപ്പെട്ടപ്പോൾ സൈബർ സഖാക്കൻമാർ ദാഹിച്ചത് പിണറായി വിജയന്റെ രക്തത്തിനല്ല .അവർ അപ്പോഴും വേട്ടയാടിയിരുന്നത് ഉമ്മൻ ചാണ്ടിയെ ആയിരുന്നെന്ന് ഓർമ്മിപ്പിക്കുന്നു. അനിവാര്യമായ മാറ്റങ്ങൾ നമ്മളിൽ നിന്ന് തന്നെ തുടങ്ങണം. സ്ഥാനമാനങ്ങൾ തറവാട്ടു വകയോ ഫിക്സഡ് ഡെപ്പോസിറ്റോ അല്ല എന്ന് നേതൃത്വവും തിരിച്ചറിയട്ടെ – ഷാഫി പറയുന്നു.