Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയത ‘പഠിപ്പിക്കാൻ’ കോൺഗ്രസ് സേവാദൾ; ആർഎസ്എസിനെ പ്രതിരോധിക്കുക ലക്ഷ്യം

Indian National Congress Flag

ന്യൂഡൽഹി∙ ദേശീയത ഉയർത്തിപ്പിടിച്ചുള്ള ആർഎസ്എസിന്റെ പ്രചാരണ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ്. ഇതിന്റെ ഭാഗമായി കോൺഗ്രസ് സേവാദളിന്റെ നേതൃത്വത്തിൽ രാജ്യത്തെ എല്ലാ നഗരങ്ങളിലും പ്രത്യേക പരിപാടികൾ നടത്തും.

1000 നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ പതാക ഉയർത്തൽ ചടങ്ങുകൾ സംഘടിപ്പിക്കുന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ചയായിരിക്കും ‘ധ്വജ് വന്ദന’ എന്ന പേരിൽ പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിക്കുക. ഇതോടൊപ്പം മഹാത്മാഗാന്ധി, ജവഹർ ലാൽ നെഹ്റു എന്നിവരുടെ ആദർശങ്ങൾ സംബന്ധിച്ച ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കും.

മതനിരപേക്ഷതയിൽ അടിസ്ഥാനമായുള്ള ദേശീയത, സഹിഷ്ണുത, ബഹുമതവിശ്വാസം തുടങ്ങിയ വിഷയങ്ങളിലും ചർച്ച നടത്തുമെന്നും സേവാദൾ വ്യക്തമാക്കി. പദ്ധതിയുടെ അന്തിമ അംഗീകാരത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു സമർപ്പിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ജൂൺ 11നു പുറത്തു വിടുമെന്നാണറിയുന്നത്.

‘കഴിഞ്ഞ ഏതാനും വർഷങ്ങളായി സേവാദൾ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്നില്ല. ഇനി സംഘടന ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾക്കാണു തീരുമാനം;– സേവാദൾ ചീഫ് ഓര്‍ഗനൈസർ ലാൽജി ഭായ് ദേശായ് പറഞ്ഞു.

ദേശീയതയെപ്പറ്റിയുള്ള പഠനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വരുംമാസങ്ങളിൽ രാജ്യമെമ്പാടും പരിശീലന കേന്ദ്രങ്ങൾ രൂപീകരിക്കും. ഇത്തരത്തിലുള്ള ആദ്യത്തെ ക്യാംപ് ജൂൺ 11നു മണിപ്പൂരിൽ സംഘടിപ്പിക്കും. കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സേവാദൾ പ്രവർത്തതർ പങ്കെടുക്കും. രാജ്യത്താകെ എഴുനൂറോളം സേവാദൾ യൂണിറ്റുകളുണ്ട്. ഇതിലെല്ലാം 20 മുതൽ 200 വരെ അംഗങ്ങളുണ്ട്.

വൈകാതെ തന്നെ സേവാ ദളിന്റെ യുവാൾക്കായുള്ള വിഭാഗവും ആരംഭിക്കുമെന്നും ലാൽജി പറഞ്ഞു.

related stories