Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസ്താവനകൾക്ക് കെപിസിസിയുടെ പൂട്ട്; കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് വി.എം. സുധീരൻ

KPCC തിരുവനന്തപുരത്ത് കെപിസിസി നേതൃയോഗത്തിൽ എം.എം. ഹസൻ, രമേശ് ചെന്നിത്തല, വി.എം. സുധീരൻ, പി.പി. തങ്കച്ചൻ എന്നിവർ. ചിത്രം: മനോജ് ചേമഞ്ചേരി.

തിരുവനന്തപുരം∙ യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പാർട്ടി നേതാക്കളുടെ പ്രതിഷേധം ഒഴിയാത്തതിനാൽ നേതാക്കൾക്കുമേൽ കെപിസിസിയുടെ കർശന നിയന്ത്രണങ്ങൾ. നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നതിനാണു കെപിസിസി നിയന്ത്രണമേർപ്പെടുത്തിയത്. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന കാര്യത്തിലും പാർട്ടിയുടെ നിയന്ത്രണം വരും.

രണ്ടു ദിവസത്തെ കെപിസിസി ക്യാംപ് എക്സിക്യൂട്ടിവ് ചേരാനും തീരുമാനമായി. അതേസമയം കോണ്‍ഗ്രസ് പാർട്ടി രക്ഷപ്പെടില്ലെന്നും ഇതേ അവസ്ഥയിൽ തുടരുമെന്നും വി.എം. സുധീരൻ പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെക്കുറിച്ചും സുധീരന്‍ വിശദീകരണം നടത്തി. ഗ്രൂപ്പ് പ്രവർത്തനം കാരണം സംഘടനാ സംവിധാനം ഒരുമിച്ചു കൊണ്ടുപോകാനായില്ല. ഇതിൽ പിഴവു വന്നു. ഗ്രൂപ്പ് മാനേജർമാർ തന്നെ വളഞ്ഞിട്ടാക്രമിച്ചെന്നും സുധീരൻ പറഞ്ഞു. കെപിസിസി യോഗത്തിൽ സുധീരനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. യുഡിഎഫിനു തുടർഭരണം ലഭിക്കാതിരിക്കാൻ കാരണം സുധീരന്റെ നിലപാടുകളായിരുന്നെന്നു യോഗത്തിൽ വിമർശനമുയർന്നു. ജനറൽ സെക്രട്ടറി ജെയ്സൺ ജോസഫാണു വിമർശനം ഉന്നയിച്ചത്. 

പാർട്ടിക്കെതിരെ ആഞ്ഞടിച്ചു കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താനും രംഗത്തെത്തി. സ്വന്തം നാട്ടിൽ സീറ്റ് ചോദിച്ചിട്ടുപോലും പാർട്ടി തനിക്കു തന്നില്ലെന്നു രാജ്മോഹൻ വ്യക്തമാക്കി. പാർട്ടിക്കു വേണ്ടി വെള്ളം കോരിയിട്ടു തന്നെ തഴഞ്ഞു. തളർന്നു കിടന്നവരെപ്പോലും കെപിസിസി അംഗങ്ങളാക്കിയപ്പോഴും തന്നെ ഒഴിവാക്കി. എൻഎസ്എസ് പുറത്താക്കിയ ആളെ ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറാക്കി. പാർട്ടിയുടെ ഭാരം മൂന്നുപേർമാത്രം താങ്ങി പെടലി ഒടിക്കരുതെന്നും കെപിസിസി നേതൃയോഗത്തിൽ ഉണ്ണിത്താൻ വിശദീകരിച്ചു.