Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രൂപ്പിന്റെ പേര് കെപിസിസി; ‘പിടിച്ചടക്കിയെന്ന്’ സംഘപരിവാർ പോസ്റ്റ്

kpcc-fake-group-and-page കെപിസിസിയുടെ പേരിൽ പ്രചരിക്കുന്ന ഗ്രൂപ്പും കെപിസിസിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജും

തിരുവനന്തപുരം∙ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി എന്നു പേരുള്ള ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ കോൺഗ്രസിനെതിരായ പോസ്റ്റുകൾ പ്രചരിക്കുന്നു. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ അടക്കം ഗ്രൂപ്പിന്റെ അഡ്മിൻ ആണെന്നും പറയപ്പെടുന്നു. ബിജെപിക്ക് അനുകൂലമായ പോസ്റ്റുകളും ഗ്രൂപ്പിലുണ്ട്. 16,000 അംഗങ്ങളുണ്ടെന്നു കാണിക്കുന്ന പേജിൽ ബിജെപിയുടെ സൈബർ സംഘമാണ് ഇപ്പോൾ ആധിപത്യം പുലർത്തുന്നത്. 

ഗ്രൂപ്പിൽ സജീവമായുള്ള കോൺഗ്രസ് പ്രവർത്തകർ ഇക്കാര്യം മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അവർ നിസ്സഹായരാണ്. അഡ്മിൻ ഇടപെടണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല. കഴിഞ്ഞ ദിവസം ഈ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് നെഹ്റു കുടുംബത്തെ മുഴുവൻ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു. പറവൂരിൽ കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലേക്ക് എന്ന വാർത്തയും ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് കെപിസിസിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് അല്ലെങ്കിലും ആണെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണു ചെയ്തിരിക്കുന്നത്. 

ഇന്ത്യൻ നാഷനൽ കോൺഗ്രസ് കേരള എന്നാണ് കെപിസിസിയുടെ ഔദ്യോഗിക പേജിന്റെ വിലാസം എങ്കിൽ കെപിസിസി( കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി) എന്നാണ് വ്യാജ അക്കൗണ്ടിന്റെ വിലാസം. അഡ്മിൻ കെ. മുരളീധരൻ കണ്ണോത്ത്. അദ്ദേഹത്തിന്റെ പടവും ഉണ്ട്. കെപിസിസിയുടെ പേജ് സംഘപരിവാർ പിടിച്ചടക്കി എന്ന മട്ടിൽ ഫെയ്സ്ബുക്കിൽ അവരുടെ സൈബർ വിഭാഗം പോസ്റ്റ് ചെയ്യുന്നുമുണ്ട്. എന്നാൽ ഗ്രൂപ്പ് വഴക്കിന്റെ ആലസ്യത്തിലായിരിക്കുന്ന കോൺഗ്രസ് നേതൃത്വം സംഭവം അറ‍ിഞ്ഞിട്ടേയില്ല.