Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

22 പുരുഷന്മാർ, 7 മാസം; ബധിരയായ പന്ത്രണ്ടുകാരിക്ക് ചെന്നൈയിൽ ക്രൂരപീഡനം

Rape

ചെന്നൈ∙ ഫ്ലാറ്റ് സെക്യൂരിറ്റിക്കാർ ഉൾപ്പെടെ 22 പേർ കേൾവിത്തകരാറുള്ള പന്ത്രണ്ടുകാരിയെ ഏഴു മാസത്തിലേറെ ക്രൂരമായി പീഡിപ്പിച്ചു. ചെന്നൈ അയനവാരത്തെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലാണു രാജ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ഇതുവരെ 18 പേർ അറസ്റ്റിലായെന്നു പൊലീസ് പറഞ്ഞു. മയക്കുമരുന്ന് കുത്തിവച്ചും സോഫ്റ്റ് ഡ്രിങ്കിൽ കലർത്തി നൽകിയുമാണു പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പീഡനം വിഡിയോയിൽ പകർത്തിയ പ്രതികൾ ഇതു പുറത്തുവിടുമെന്നു പറഞ്ഞാണു മാസങ്ങളോളം പീഡനം തുടർന്നത്. ഡൽഹിയിൽ കോളജ് വിദ്യാർഥിയായ മൂത്ത സഹോദരി നാട്ടിലെത്തിയപ്പോഴാണു കഠിന പീഡനങ്ങളെപ്പറ്റി പെൺകുട്ടി മനസ്സു തുറന്നത്. വിവരം ചേച്ചി മാതാപിതാക്കളെ അറിയിക്കുകയും അവർ അയനാപുരം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ 300 ഫ്ലാറ്റുകളാണുള്ളത്. ഇവിടത്തെ ലിഫ്റ്റ് ഓപ്പറേറ്റർ രവികുമാർ (66) ആണ് പെൺകുട്ടിയെ ആദ്യമായി പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. മൂന്നു ദിവസത്തിനു ശേഷം, മദ്യപിച്ചു പുറത്തുനിന്നെത്തിയ മറ്റു രണ്ടുപേർ കൂടി കുട്ടിയെ പീഡിപ്പിച്ചു വിഡിയോ എടുത്തു. മറ്റു പ്രതികൾ തൊട്ടടുത്ത ദിവസങ്ങളിൽ പങ്കുചേർന്നു. വിഡിയോയും ചിത്രങ്ങളും പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. സ്കൂൾവാനിൽ വന്നിറങ്ങുന്ന കുട്ടിയെ ഫ്ലാറ്റ് ബേസ്മെന്റ്, പൊതു ശുചിമുറി, ടെറസ്, ജിം എന്നിവിടങ്ങളിലാണു പീഡിപ്പിച്ചിരുന്നത്. ഫ്ലാറ്റുകൾ മിക്കതും ഒഴിഞ്ഞുകിടന്നതിനാൽ മറ്റുള്ളവർ ഇക്കാര്യം അറിഞ്ഞുമില്ല.

കുട്ടിയുടെ പിതാവ് രാവിലെ ജോലിക്കു പോകും. കൂട്ടുകാരുമായി കളിക്കുകയാവും എന്നാണു വീട്ടമ്മയായ മാതാവ് കരുതിയിരുന്നത്. രണ്ടു സ്വകാര്യ കമ്പനികളിലെ ജീവനക്കാരാണ് അറസ്റ്റിലായവരിൽ കൂടുതലും. സെക്യൂരിറ്റിക്കാരായ മുരുകേഷ്, പളനി, അഭിഷേക്, സുകുമാരൻ, പ്രകാശ്, ഉമാപതി, ലിഫ്റ്റ് ഓപറേറ്റർമാരായ രവി കുമാർ, പരമശിവം, ദീനദയാലൻ, ശ്രീനിവാസൻ, ബാബു, പ്ലമർമാരായ ജയ് ഗണേശ്, രാജ സൂര്യ, സുരേഷ്, ഇലക്ട്രീഷ്യൻ ജയരാമൻ, ശുചീകരണ തൊഴിലാളി രാജശേഖർ, പൂന്തോട്ടക്കാരൻ ഗുണശേഖർ എന്നിവരാണ് അറസ്റ്റിലായത്. പോക്സോ കുറ്റം ചുമത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.