Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സത്യം മറച്ചുവയ്ക്കാൻ ബിജെപി ശ്രമിക്കുന്നു; വിവരാവകാശ ഭേദഗതിയിൽ രാഹുൽ

Rahul Gandhi

ന്യൂഡൽഹി∙ അധികാരത്തിലിരിക്കുന്നവരെ ജനം ചോദ്യം ചെയ്യരുതെന്നതാണു ബിജെപിയുടെ നയമെന്നു കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വിവരാവകാശ നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവരാന്‍ ആലോചിക്കുന്ന മാറ്റങ്ങളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ഇന്ത്യക്കാർക്കും സത്യം അറിയാനുള്ള അവകാശമുണ്ട്. എന്നാൽ സത്യം മറച്ചുവയ്ക്കാനാണു ബിജെപിയുടെ ശ്രമം. വിവരാവകാശ നിയമത്തിൽ കൊണ്ടുവരാനിരിക്കുന്ന മാറ്റങ്ങൾ നിയമത്തെ ഉപയോഗശൂന്യമാക്കും. ഇത് എല്ലാ ഇന്ത്യക്കാരും എതിർക്കേണ്ടതാണ്. – രാഹുൽ ട്വീറ്റ് ചെയ്തു.

ഭരണഘടനാ പ്രകാരം രൂപീകൃതമായ തിരഞ്ഞെടുപ്പു കമ്മിഷൻ അംഗങ്ങൾക്കു ലഭിക്കുന്ന അതേ ശമ്പളം പാർലമെന്റ് പാസാക്കിയ നിയമപ്രകാരം രൂപീകരിച്ച വിവരാവകാശ കമ്മിഷനിലെ അംഗങ്ങൾക്കു നൽകുന്നതു ശരിയല്ലെന്ന പേഴ്സണൽ വകുപ്പിന്റെ നിർദേശം കണക്കിലെടുത്താണു ഭേദഗതി നിയമത്തിൽ കൊണ്ടുവരുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശമ്പളം നൽകുന്ന വിധം വ്യവസ്ഥ കൊണ്ടുവന്നാൽ വിവരാവകാശ കമ്മിഷണർമാർ സർക്കാരുകൾക്കെതിരായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ മടിക്കുമെന്നാണു പ്രവർത്തകരുടെ ആശങ്ക.

വിവരാവകാശനിയമപ്രകാരം പേഴ്സണൽ വകുപ്പിനോടു നേരത്തേ വിശദാംശങ്ങൾ ആരാഞ്ഞെങ്കിലും ബിൽ പരിഗണനയിലായതിനാൽ വിവരം ലഭ്യമല്ലെന്നായിരുന്നു മറുപടി. ബിൽ സംബന്ധിച്ചു സുതാര്യതയില്ലെന്നാണു പ്രവർത്തകരുടെ ആക്ഷേപം. പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ പരിഗണിക്കുന്ന ബില്ലുകളുടെ പട്ടികയിൽ ഇതുമുണ്ട്.