Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊന്നുതള്ളിയത് 33 ട്രക്ക് ഡ്രൈവർമാരെ; വാഹനവും ചരക്കും വിറ്റു പണമാക്കും: കൊടുംകുറ്റവാളി പിടിയിൽ

Murder പ്രതീകാത്മക ചിത്രം

ന്യൂഡൽഹി∙ ട്രക്ക് ഡ്രൈവർമാരെയും അവരുടെ സഹായികളെയുമായി 33 പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ 48കാരൻ അറസ്റ്റിൽ. രണ്ടാഴ്ച മുൻപ് ഭോപ്പാലിനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്ത ആദേശ് ഖംറ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കേസിൽ അറസ്റ്റിലായ ഒൻപതുപേരെ പൊലീസ് കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. ഖംറയാണു സംഘത്തിന്റെ നേതാവ്.

മധ്യപ്രദേശ് – 15, മഹാരാഷ്ട്ര – എട്ട്, ഛത്തീസ്‍ഗഡ് – അഞ്ച്, ഒഡീഷ – രണ്ട് എന്നിങ്ങനെ കൊലപാതകങ്ങൾ നടത്തിയതായി പ്രതി സമ്മതിച്ചു. എന്നാല്‍ പല സംഭവങ്ങളും ഓർമയിൽ ഇല്ലെന്നും പ്രതി പറഞ്ഞതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ട്രക്ക് ഡ്രൈവർമാരെ കൊന്നതിനുശേഷം അവരുടെ വാഹനവും വാഹനത്തിലുള്ള ചരക്കും വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. മോഷണത്തിൽ‌ ഇയാളെ സഹായിച്ചവരെ പൊലീസ് നേരത്തേ ചോദ്യം ചെയ്തിരുന്നു. അവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കൊടുംകുറ്റവാളിയെ പൊലീസ് വലയിലാക്കിയത്.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ – റോഡരികിലെ ഭക്ഷണശാലകളിൽനിന്നു ലോറി ഡ്രൈവർമാരുമായി സൗഹൃദം സ്ഥാപിക്കുന്നതാണു മോഷണത്തിന്റെ ആദ്യഘട്ടം. ഭക്ഷണത്തിൽ ലഹരിമരുന്നു കലർത്തി പിന്നീടു ഡ്രൈവറെ ബോധരഹിതനാക്കും. ഒറ്റപ്പെട്ട ഇടങ്ങളിലേക്കു ട്രക്കുമായി പോയശേഷം അതിക്രൂരമായി കൊല നടത്തും. പിന്നീടു സഹായികളെ കൂടെക്കൂട്ടി മൃതദേഹങ്ങൾ കാട്ടില്‍ മറവു ചെയ്യും. സഹായികളോടൊപ്പം വാഹനവും ചരക്കും വിൽപ്പന നടത്തി പണമാക്കും. വാഹനങ്ങൾ വൃത്തിയാക്കുക, ടയറുകൾ മാറ്റുക തുടങ്ങിയ ആവശ്യങ്ങൾക്കായി ട്രക്ക് ഡ്രൈവര്‍മാർ ഒരു സഹായിയുമായിട്ടാണു സാധാരണ സഞ്ചരിക്കാറ്. ഇവരെയും ഇയാൾ കൊല്ലുമായിരുന്നു.

സമാനമായ മോഷണവുമായി ബന്ധപ്പെട്ടു കുറച്ചുവർഷങ്ങള്‍ക്കു മുന്‍പു മഹാരാഷ്ട്രയിൽ വച്ചും ഇയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾ വീണ്ടും മോഷണത്തിൽ വ്യാപൃതനാകുകയായിരുന്നു. മോഷണങ്ങൾക്കിടയിൽ ഭോപ്പാലിനു സമീപത്തെ ഗ്രാമത്തിൽ തയ്യല്‍ക്കാരനായും ഖംറ ജോലി നോക്കിയിട്ടുള്ളതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം ഖംറയുടെ ഫോൺ രേഖകൾ പരിശോധിച്ചു വരികയാണ്. 2017 മുതലുള്ള രേഖകളിൽനിന്നു കാണാതായ ട്രക്ക് ഡ്രൈവർമാരെക്കുറിച്ചു വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

related stories