Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കള്ളപ്പണം വെളുപ്പിച്ചു': കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെതിരെ എൻഫോഴ്സ്മെന്റ് കേസ്

D.K. Shivakumar ഡി.കെ. ശിവകുമാർ

ന്യൂഡൽഹി∙ കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറിനെതിരെ കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റത്തിന് കേസ് റജിസ്റ്റർ ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ന്യൂഡൽഹിയിലെ കർണാടക ഭവൻ ഉദ്യോഗസ്ഥനായ ആഞ്ജനേയ ഹനുമന്തയ്യ ഉൾപ്പെടെയുള്ളവരെയും കള്ളപ്പണം വെളുപ്പിൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരമുള്ള കേസിൽ പ്രതിയാക്കിയിട്ടുണ്ട്. നികുതി തട്ടിപ്പ്, ഹവാല ഇടപാട് എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തി.

കോടികളുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി ആദായ നികുതി വകുപ്പ് ബെംഗളുരു പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. മൊഴിയെടുക്കുന്നതിന് എൻഫോഴ്സ്മെന്റ് പ്രതികളെ ഉടൻ വിളിച്ചുവരുത്തുമെന്നാണു വിവരം. ശിവകുമാറും കൂട്ടാളിയായ എസ്.കെ. ശർമയും ഹവാല ഇടപാടുകളിലൂടെ കണക്കിൽപ്പെടാത്ത കോടിക്കണക്കിനു രൂപ കടത്തിയെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. മൂന്നുപേർ ഇവർക്കു സഹായികളായി പ്രവർത്തിച്ചതായും കണ്ടെത്തി.

ശിവകുമാറിനെതിരെ തെളിവുകൾ ലഭിച്ചു. ബെംഗളുരുവിലും ഡൽഹിയിലും കണക്കില്‍പ്പെടാത്ത പണം കൈകാര്യം ചെയ്യുന്നതിനായി വലിയ സംഘത്തെ തന്നെ ശിവകുമാർ രൂപീകരിച്ചിട്ടുള്ളതായി വ്യക്തമായി. സച്ചിൻ നാരായൺ, എൻ. രാജേന്ദ്ര എന്നിവരും കേസിൽ പ്രതികളാണെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. ശിവകുമാറിന്റെ ബിസിനസ് പങ്കാളിയാണ് സച്ചിൻ നാരായണ്‍. ശർമ ട്രാൻസ്പോർട്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് എസ്.കെ. ശർമ.

ഡൽഹിയിൽ ശിവകുമാറിന്റെ കണക്കില്‍പ്പെടാത്ത പണം സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തിരുന്നത് ഹനുമന്തയ്യയായിരുന്നെന്നാണു പരാതിയിൽ. കേസിലെ പ്രതികള്‍ നികുതി വെട്ടിപ്പു നടത്താൻ ഗൂഢാലോചന നടത്തിയതായും കണ്ടെത്തി. കഴിഞ്ഞ ഓഗസ്റ്റിൽ ബെംഗളുരുവിലും ഡൽഹിയിലും നടത്തിയ റെയ്ഡില്‍ ശിവകുമാറുമായി ബന്ധമുള്ള കണക്കില്‍പ്പെടാത്ത 20 കോടി രൂപ പിടിച്ചെടുത്തിരുന്നു.