Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൗരി ലങ്കേഷ് വധം: ശരദ് കലാസ്കറെ കർണാടക എസ്ഐടി കസ്റ്റഡിയിൽ വാങ്ങി

Gauri Lankesh ഗൗരി ലങ്കേഷ്

മുംബൈ∙ സ്ഫോടക വസ്തു ശേഖരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്ത ആയുധ വ്യാപാരിയായ ശരദ് കലാസ്കറെ കർണാടക പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് കലാസ്കറെ കസ്റ്റഡിയിൽ വാങ്ങിയത്. ഗൗരി ലങ്കേഷ് വധവുമായി ഇയാൾക്കു ബന്ധമുണ്ടെന്ന സംശത്തെ തുടർന്നാണിത്.

സ്ഫോടക വസ്തുക്കൾ, ഡിറ്റണേറ്ററുകൾ, ബാറ്ററികൾ, 7.65എംഎം പിസ്റ്റലുകൾ എന്നിവ അടക്കമുള്ള ആയുധങ്ങളും ലഘുലേഖകളും കണ്ടെത്തിയതിനെ തുടർന്ന് ഓഗസ്റ്റ് 10–നാണ് കലാസ്കറെയും മറ്റു രണ്ടുപേരെയും മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഗോവംശ് രക്ഷാ സമിതി നേതാവും സനാതൻ സൻസ്തയുൾപ്പെടെയുള്ള സംഘടനകളുടെ പ്രവർത്തകനുമായ വൈഭവ് റാവുത്തിന്‍റെ അറസ്റ്റിനെ തുടർന്നായിരുന്നു കലാസ്കറെയുടെയും അറസ്റ്റ്.

ഗൗരി ലങ്കേഷിന്‍റെ വീടിനു സമീപത്തു നിന്നും കണ്ടെടുത്ത ബുളളറ്റ് കേസുകള്‍, മഹാരാഷ്ട്ര എടിഎസ് പിടിച്ചെടുത്ത പിസ്റ്റലുകളുമായി സാമ്യമുണ്ടോയെന്നു കർണാടക എസ്ഐടി പരിശോധിക്കും. ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പുണെ സ്വദേശിയായ അമോൾ കാലെയെ പ്രത്യേക അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ അറസ്റ്റിലായവരിൽ ചിലരെ കാലെ കണ്ടിരിക്കാൻ സാധ്യയുള്ളതായാണ് എസ്ഐടിയുടെ വിലയിരുത്തൽ.

തീവ്രഹിന്ദു സംഘടനയായ സനാതൻ സൻസ്തയുമായി ഇവർക്കുള്ള ബന്ധമാണ് ലങ്കേഷ് വധത്തിനു പിന്നിലും ഇവർക്ക് പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്ന അനുമാനത്തിലേക്ക് കർണാടക പൊലീസിനെ നയിച്ചത്.