Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ഫലം പാഠമാക്കണം: കേരള നേതാക്കളോട് രാഹുൽ ഗാന്ധി

rahul-gandhi-kpcc കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കൊപ്പം കേരളത്തിൽ നിന്നുള്ള നേതാക്കൾ

ന്യൂഡൽഹി∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു ഫലം പാഠമായിക്കണ്ടു സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം പ്രവർത്തിക്കണമെന്നു ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. പാർട്ടിയോട് അകന്നു നിൽക്കുന്ന ജാതി മത സംഘടനകളുടെ വിശ്വാസം ആർജ്ജിക്കാൻ നടപടി വേണം. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം ക്രിയാത്മക ഇടപെടൽ നടത്തണമെന്നും രാഹുൽ പറഞ്ഞു. 

ഡൽഹിയിൽ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, വര്‍ക്കിങ് പ്രസിഡന്റുമാരായ കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, പ്രചാരണ സമിതി ചെയര്‍മാന്‍ കെ. മുരളീധരന്‍, യുഡിഎഫ് കൺവീനർ ബെന്നി ബഹ്നാൻ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. പ്രതിസന്ധി നേരിടുന്ന പാർട്ടിയെ ശക്തിപ്പെടുത്താൻ കൂട്ടായ ശ്രമം വേണം. കേരളത്തിൽ ജാതി, മത സമുദായ സംഘടനകൾ ഉൾപ്പെടെയുള്ള സോഷ്യൽ ഗ്രൂപ്പുകൾ പാർട്ടിയെ കയ്യൊഴിഞ്ഞു. മോദി സർക്കാരിനെതിരായ അഴിമതി വിഷയങ്ങളും ചർച്ചയാക്കണമെന്നും രാഹുൽ നിർദേശിച്ചു. ബിഷപ്പിന്റെ അറസ്റ്റിന്റെ മറവിൽ ക്രൈസ്തവ സഭയെ അവഹേളിക്കാൻ അനുവദിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാർ ആണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിയുമായും നേതാക്കൾ കൂടിക്കാഴ്ച നടത്തി. പനിയെ തുടർന്ന് വർക്കിങ് പ്രസിഡന്റ് എം.ഐ. ഷാനവാസ് കൂടിക്കാഴ്ചയ്ക്കെത്തിയില്ല. കേരളത്തില്‍ താഴെത്തട്ടിൽ പാർട്ടി ദുർബലമാണെന്നും ഒരേ സ്വരത്തിൽ സംസാരിക്കുന്ന നേതൃത്വമാണു വേണ്ടതെന്നും എ.കെ. ആന്റണി വ്യക്തമാക്കി.