Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴയിൽ ലഹരിമരുന്നുമായി ഒരാൾ പിടിയിൽ; വിനോദ സഞ്ചാരികൾ നിരീക്ഷണത്തിൽ

handcuff-4 പ്രതീകാത്മക ചിത്രം

ആലപ്പുഴ ∙ ലഹരി മരുന്നുമായി കർണാടക ബെംഗളൂരു സ്വദേശി കേരളത്തിൽ അറസ്റ്റിൽ. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണു ലഹരി മരുന്നായ മെത്തലീൻ ഡയോക്സി മെത്താ ആംഫിറ്റമിൻ (എംഡിഎംഎ) പിടികൂടിയത്. ബെംഗളൂരു ഹനുമന്ത നഗർ സ്വദേശി ഋഷഭ് (26) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് ഒരു ഗ്രാം എംഡ‍ിഎംഎ ലഹരി മരുന്നും കഞ്ചാവും കണ്ടെടുത്തു. ആലപ്പുഴയിലെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു മറ്റു സംസ്ഥാനങ്ങളിൽ നിന്നു ദീർഘദൂര ട്രെയിനുകളിൽ ലഹരി വസ്തുക്കൾ എത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധന ശക്തമാക്കിയത്.

എക്സൈസിന്റെ പിടിയിലായ യുവാവ് ബിബിഎ ബിരുദധാരിയാണ്. ഫ്രഞ്ച് പൗരത്വമുള്ള യുവതിയുമായി വിവാഹം ഉറപ്പിച്ച ഇയാൾ ആലപ്പുഴയിൽ തങ്ങുന്ന യുവതിയെക്കാണാൻ ഗോവയിൽ നിന്നു ലഹരി മരുന്നുമായി എത്തിയതാണെന്നാണു വിവരം. ഒരു ഗ്രാം എംഡിഎംഎയ്ക്ക് 10,000 രൂപയിലേറെ വിലയുണ്ട്. അര ഗ്രാമിൽ കൂടുതൽ കൈവശം വെച്ചാൽ 20 വർഷം തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

ഋഷഭ് രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ലഹരി മരുന്നു ചില്ലറ വിൽപന നടത്തുന്നയാളാണെന്ന് എക്സൈസ് അറിയിച്ചു. ഇയാളെ റിമാൻഡ് ചെയ്തു. റെയ്ഡിൽ സർക്കിൾ ഇൻസ്പെക്ടർ വി.റോബർട്ട്, എക്സൈസ് ഇൻസ്പെക്ടർ അമൽരാജൻ, പ്രിവന്റിവ് ഓഫിസർ എ.കുഞ്ഞുമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ആർ.രവികുമാർ, കെ.ജി. ഓംകാർ നാഥ്, എസ്.ആർ.റഹിം, വി.എ.അഭിലാഷ്, കെ.ബി.ബിപിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിക‍ൂടിയത്. കൂടുതൽ വിനോദ സഞ്ചാരികൾ നിരീക്ഷണത്തിലാണെന്ന് എക്സൈസ് അറിയിച്ചു.

related stories