Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തന്ത്രിയും കുടുംബവും മാത്രമല്ല ഹിന്ദുസമൂഹം; സര്‍ക്കാരിനെ തുണച്ച് വെള്ളാപ്പള്ളി

Vellappally Natesan വെള്ളാപ്പള്ളി നടേശൻ (ഫയൽ ചിത്രം)

കണിച്ചുകുളങ്ങര(ആലപ്പുഴ)∙ ശബരിമല വിഷയത്തിൽ സർക്കാരിനെ പ്രതിരോധിച്ചും ഭക്തരുടെ പ്രക്ഷോഭത്തെ തള്ളിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എന്‍ഡിപി സമരത്തിനില്ല. ഹിന്ദുത്വം പറഞ്ഞ് കലാപമുണ്ടാക്കരുതെന്ന് അഭ്യര്‍ത്ഥിച്ച വെള്ളാപ്പള്ളി എന്‍എസ്എസ് രണ്ടാംവിമോചനസമരത്തിന് ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി വിളിച്ചിട്ടും ചര്‍ച്ചയ്ക്ക് പോകാതിരുന്ന തന്ത്രി കുടുംബത്തിന്റെ നിലപാട് മര്യാദയല്ല. ഹിന്ദുസംഘടനകളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കണം. കോടതി വിധിയെ കർമം കൊണ്ടു മറികടക്കാം. ശബരിമലയിൽ പോകില്ലെന്നു 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ തീരുമാനിക്കണം. കോടതി വിധി മാനിക്കാതിരിക്കാൻ സർക്കാരിനു കഴിയില്ല. ഇപ്പോഴത്തെ പ്രക്ഷോഭത്തിന്റെ പോക്കു ശരിയല്ല. എല്ലാ സമുദായങ്ങളുമായും ആലോചിച്ചല്ല പ്രക്ഷോഭം നടത്തുന്നത്. തന്ത്രിയും തന്ത്രികുടുംബവും മാത്രമടങ്ങുന്നതല്ല ഹിന്ദു സമൂഹം. ഹിന്ദു സംഘടനകളെ സർക്കാർ ചർച്ചയ്ക്കു വിളിക്കണം. ഹിന്ദുത്വം പറഞ്ഞു കലാപമുണ്ടാക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അയ്യപ്പഭക്തരുടെ പ്രതിഷേധത്തിന് എസ്എൻഡിപി യോഗത്തിന്റെ പിന്തുണയില്ല. കോടതിവിധിക്കെതിരെ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയതു ശരിയായില്ല. പ്രക്ഷോഭത്തിൽ പങ്കെടുക്കരുതെന്നു നിർദേശം തേടിയ സമുദായാംഗങ്ങളോടു പറഞ്ഞിട്ടുണ്ട്. എങ്കിലും ചിലർ തെറ്റിദ്ധരിക്കപ്പെട്ടു പോയിട്ടുണ്ടാവാം. സമരം തുടർന്നാൽ സമാന്തരപ്രതിരോധ സമരത്തെ കുറിച്ച് എസ്എൻഡിപി ആലോചിക്കും. ഇപ്പോൾ നടക്കുന്ന സമരം സർക്കാരിനെ താഴെ ഇറക്കാനുള്ള ഗൂഢാലോചനയാണ്. ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതി വിധി അംഗീകരിക്കണം – വെള്ളാപ്പള്ളി അറിയിച്ചു.

പുനഃപരിശോധനാ ഹർജി കൊടുത്തിട്ടുണ്ടല്ലോ. അതിന്റെ വിധി സർക്കാർ നടപ്പാക്കുന്നില്ലെങ്കിൽ സമരം ചെയ്യാം. അതു വരെ കാത്തിരിക്കണം. സമരത്തിനു പിൻബലം നൽകുന്നത് എൻഎസ്എസാണോ എന്നു വാർത്തകൾ കണ്ടിട്ടു തോന്നിപ്പോകുന്നു. സർക്കാരിനെ അട്ടിമറിക്കാനാണു ശ്രമമെങ്കിൽ അതു ശരിയല്ല. സമരം കൊണ്ട് ഒരു സമുദായത്തിനും നേട്ടമുണ്ടാകില്ല. കോൺഗ്രസിനും ബിജെപിക്കും ഗോളടിക്കാൻ അവസരം കിട്ടിയെന്നു മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോർഡ് പ്രസിഡന്റിനു നിലപാടും നിലവാരവുമില്ല. സിപിഎംകാരനായ അദ്ദേഹം സർക്കാരിനെതിരെ ഓരോന്നു പറയുന്നതു ശരിയല്ല. അദ്ദേഹത്തിന്റെ വീട്ടിലേക്കു മാർച്ച് നടത്തിയ യുവമോർച്ചക്കാർക്ക് ഓരോ മഞ്ഞപ്പൂവ് കൊടുക്കാൻ ആഗ്രഹിക്കുന്നു. ദേവസ്വം പ്രസിഡന്റ് എൻഎസ്എസിന്റെ ആളാണോ പാർട്ടിയുടെ ആളാണോ എന്ന് ഇപ്പോൾ പറയുന്നില്ല. എസ്എൻഡിപിയിലെ പെണ്ണുങ്ങൾ ശബരിമലയ്ക്കു പോകില്ല. പോകരുതെന്നാവശ്യപ്പെട്ടു സർക്കുലർ ഇറക്കേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.