Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദർശനത്തിനെത്തുന്ന വനിതകൾക്ക് ഉൾപ്പെടെ സംസ്ഥാനം സുരക്ഷ ഉറപ്പാക്കണം: കേന്ദ്ര സർക്കാർ

nilakkal-stone-pelting ബുധനാഴ്ച നിലയ്ക്കലിൽ പൊലീസും സമരക്കാരും തമ്മിൽ നടന്ന സംഘർഷം.

ന്യൂഡൽഹി∙ ശബരിമലയിലെ യുവതീപ്രവേശത്തിനെതിരായ പ്രതിഷേധത്തെത്തുടർന്നു നിലയ്ക്കലിൽ ഉൾപ്പെടെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. സുപ്രീംകോടതി വിധിയെത്തുടർന്നു കേരളത്തിലുടനീളമുണ്ടായ പ്രതിഷേധ പ്രകടനങ്ങളിൽ സമാധാനം ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ശബരിമല ക്ഷേത്രദർശനത്തിന് എത്തുന്ന വനിതകൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

സന്നിധാനത്തു ക്രമസമാധാനം ഉറപ്പാക്കേണ്ടതിന്റെ ചുമതല സംസ്ഥാന സർക്കാരിനാണെന്നും കേന്ദ്രം പറയുന്നു. പത്തിനും അന്‍പതിനും ഇടയിൽ പ്രായമുള്ള വനിതകൾക്ക് ക്ഷേത്ര ദർശനം നടത്താമെന്ന സുപ്രീം കോടതി വിധി പൂർണമായും നടപ്പാക്കാൻ സംസ്ഥാന സർക്കാർ സുരക്ഷ ഒരുക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് പിടിഐ റിപ്പോർട്ട് ചെയ്തു. വനിതകൾ ശബരിമലയിലേക്ക് എത്തുന്നത് തടഞ്ഞാൽ അത് കോടതിയലക്ഷ്യമാകും. ഈ സാഹചര്യത്തിലാണ് ഒക്ടോബര്‍ 15നു തന്നെ കേരളത്തിന് നിര്‍ദേശം അയച്ചതെന്നും ഉദ്യോഗസ്ഥൻ പറയുന്നു.

സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും സന്നിധാനത്തെ ക്രമസമാധാനം നിയന്ത്രവിധേയമാണെന്നും കേരളം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തതായി മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നെങ്കിലും നിലയ്ക്കലിൽ ഉൾപ്പെടെ പ്രതിഷേധം തുടരുകയാണ്.

അതിനിടെ, അയ്യപ്പഭക്തർക്കെതിരെ പൊലീസ് അക്രമം അഴിച്ചു വിടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നും ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ പറഞ്ഞു. ഭക്തർക്കു നേരെ പൊലീസ് കല്ലെറിയുകയാണ്. എൽഡിഎഫ് സർക്കാരിനു നാണമില്ലേ? എൽഡിഎഫ് സർക്കാർ പുറത്തുപോയാൽ മാത്രമേ ശബരിമലയിലെ സംഘർഷം അവസാനിക്കുകയുള്ളൂവെന്നും രാജ പറഞ്ഞു. പ്രതിഷേധക്കാർക്കൊപ്പമാണു ബിജെപിയെന്നും രാജ വ്യക്തമാക്കി. മാധ്യമ പ്രവർത്തക ശബരിമല കയറാൻ ശ്രമിച്ചതിനെയും രാജ വിമർശിച്ചു. ക്ഷേത്രം ലോഡ്ജോ റസ്റ്ററന്റോ വിനോദസഞ്ചാര കേന്ദ്രമോ അല്ലെന്ന് ഓർക്കണമെന്നായിരുന്നു വിമർശനം.