Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലകയറിയ സുഹാസിനി രാജ് ചില്ലറക്കാരിയല്ല; ‘ഓപ്പറേഷൻ ദുര്യോധന’യിലെ നായിക

suhasini-raj സുഹാസിനി രാജ്. ചിത്രം – ട്വിറ്റർ.

കോട്ടയം ∙ യുവതീപ്രവേശനത്തിനു സുപ്രീംകോടതി നൽകിയ അനുമതിയുടെ പശ്ചാത്തലത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന ശബരിമല പാതയിലൂടെ മലകയറി സന്നിധാനത്ത് എത്താൻ ശ്രമിച്ച സുഹാസിനി രാജ് രാജ്യത്തെ പ്രശസ്ത വനിതാ മാധ്യമപ്രവർത്തകരിൽ ഒരാളാണ്. ‘ദ് ന്യൂയോർക്ക് ടൈംസി’ന്റെ ഡൽഹിയിലെ സൗത്ത് എഷ്യ ബ്യൂറോയിൽ പ്രവർത്തിക്കുന്നു. 2005 ഡിസംബർ 12 ന് ആജ് തക് ചാനൽ സംപ്രേഷണം ചെയ്ത, എംപിമാരുടെ കോഴ വെളിപ്പെടുത്തിയ കോബ്രപോസ്റ്റിന്റെ ‘ഓപ്പറേഷൻ ദുര്യോധന’യിലെ പ്രധാന പങ്കാളി കൂടിയായിരുന്നു സുഹാസിനി. യുപിയിലെ ലക്നൗ സ്വദേശി. മലകയറാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തിനും കയ്യേറ്റശ്രമത്തിനുമൊടുവിൽ അവർ ശ്രമമുപേക്ഷിച്ച് മടങ്ങുകയായിരുന്നു. 

suhasini-raj-at-pamba സുഹാസിനി രാജ് പമ്പയിൽ നിന്ന് ശബരിമലയിലേക്കുളള യാത്രയിൽ. – ടിവി ചിത്രം.

വിദേശിയായ സഹപ്രവർത്തകനൊപ്പം പമ്പയിൽ എത്തിയ സുഹാസിനി ഭക്തരുടെ ശ്രദ്ധയിൽപ്പെടാതെയാണ് മല കയറിയത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വനിതാ പൊലീസ് രേഖകളും മറ്റും പരിശോധിച്ച് പമ്പയിൽ സ്ത്രീകളുടെ പ്രായം വിലയിരുത്തി പ്രവേശനം അനുവദിക്കുന്നത് ഒഴിവാക്കിയതിനാൽ കാര്യമായ തടസം കൂടാതെ സുഹാസിനിക്ക് മല കയറ്റം തുടങ്ങാനായി. എന്നാൽ മല കയറിയതിനു തൊട്ടുപിന്നാലെ പ്രതിഷേധവുമായി പതിനഞ്ചോളം പേർ ഇവരെ തടഞ്ഞു.  തുടർന്ന് സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡും ആധാർ കാർഡും മറ്റും കാട്ടി പ്രതിഷേധക്കാർക്കു മുന്നിൽ പതറാതെ നിന്ന സുഹാസിനിക്കു കൂടുതൽ പൊലീസ് എത്തി വലയം തീർത്തു സുരക്ഷ ഒരുക്കുകയായിരുന്നു. പൊലീസ് അകമ്പടിയോടെയാണ് അവർ ശബരിമലയിലേക്ക് പിന്നീട് യാത്ര ചെയ്തത്.

അപ്പാച്ചിമേടിനു സമീപം ഭക്തർ ശരണംവിളികളോടെ മനുഷ്യമതിൽ തീർത്ത് പ്രതിഷേധവുമായി നിലകൊണ്ടതോടെ യാത്ര അവസാനിപ്പിച്ചു മലയിറങ്ങാൻ സുഹാസിനി തീരുമാനിക്കുകയായിരുന്നു. ഒപ്പമെത്തിയ സഹപ്രവർത്തകനും പ്രതിഷേധത്തിനിടെ യാത്ര തുടരേണ്ടെന്ന് സുഹാസിനിയോട് അഭിപ്രായപ്പെട്ടു. ജോലിയുടെ ഭാഗമായാണ് എത്തിയതെന്നും ബോധപൂർവമായ പ്രശ്നമുണ്ടാക്കാൻ താൽപര്യമില്ലെന്നും അവർ ചുറ്റുംകൂടിയവരെ അറിയിച്ച ശേഷം മലയിറങ്ങുകയായിരുന്നു. 

Suhasini Raj സുഹാസിനി രാജ് മാധ്യമങ്ങളോട് പ്രതികരിക്കുന്നു.

തനിക്ക് നേരെ കയ്യേറ്റശ്രമമുണ്ടായെന്നും കല്ലേറുണ്ടായെന്നും അതിനാലാണ് മടങ്ങിയതെന്നും പമ്പയിലെത്തിയ ശേഷം സുഹാസിനി രാജ് പ്രതികരിച്ചു. മലയിറങ്ങിയ സുഹാസിനിയുമായി ഐജി മനോജ് എബ്രഹാം സംസാരിച്ചു. സുഹാസിനിക്ക് കനത്ത സുരക്ഷയിൽ പത്തനംതിട്ടയിലേക്ക് മടങ്ങാൻ പൊലീസ് സൗകര്യമൊരുക്കി. സുപ്രീംകോടതി വിധിക്കു ശേഷം പമ്പയിൽ നിന്ന് സന്നിധാനത്തേക്കു പോകാൻ ശ്രമിച്ച പത്തിനും അൻപതിനും മധ്യേ പ്രായമുള്ള മൂന്നാമത്തെ വനിതയാണ് സുഹാസിനി. ബുധനാഴ്ച തമിഴ്നാട്, ആന്ധ്ര സ്വദേശികളായ രണ്ടു സ്ത്രീകൾ നിലയ്ക്കലിലും പമ്പയിലും പ്രതിഷേധം കാരണം മലകയറ്റം ഉപേക്ഷിച്ചിരുന്നു. കോടതി വിധിക്കു ശേഷം ശബരിമല സന്നിധാനത്തിന് ഏറെ അടുത്തെത്താൻ ശ്രമിച്ച സ്ത്രീ കൂടിയാണ് സുഹാസിനി. ഇന്നലെ പമ്പയിൽ നിന്ന് മല കയറിയ ആന്ധ്ര സ്വദേശി മാധവിക്ക് ഏറെതാമസിയാതെ തന്നെ പ്രതിഷേധത്തിനിടെ മലയിറങ്ങേണ്ടി വന്നിരുന്നു.

* ഓപ്പറേഷൻ ദുര്യോധന

2005 ഡിസംബർ 23 ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഒരു കറുത്ത ദിനമായിരുന്നു. അന്നാണ് ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയ 11 എംപിമാരെ പാർലമെന്റ് പുറത്താക്കിയത്. ലോക്‌സഭയിലെ പത്തംഗങ്ങളുടെയും രാജ്യസഭയിലെ ഒരംഗത്തിന്റേയും അംഗത്വം റദ്ദാക്കി.‘ഓപ്പറേഷൻ ദുര്യോധന’ എന്ന പേരിൽ കോബ്ര പോസ്‌റ്റ് ഡോട്ട് കോം നടത്തിയ രഹസ്യ നീക്കത്തിലാണ് പതിനൊന്ന് എംപിമാർ കുരുങ്ങിയത്. പവൻകുമാർ ബൻസലിന്റെ നേതൃത്വത്തിലുള്ള സമിതി ലോക്‌സഭയിലും ഡോ. കരൺസിങ് അധ്യക്ഷനായുള്ള സമിതി രാജ്യസഭയിലും അന്വേഷണം നടത്തി. രണ്ട് സമിതികളുടേയും റിപ്പോർട്ട് കുറ്റക്കാരെ പുറത്താക്കാൻ ശുപാർശ ചെയ്യുകയായിരുന്നു.

ഉത്തരേന്ത്യൻ ചെറുകിട ഉത്‌പാദക അസോസിയേഷൻ എന്ന നിലവിലില്ലാത്ത സംഘടനയുടെ പ്രതിനിധികളായി ചമഞ്ഞ കോബ്ര പ്രതിനിധികളിൽ നിന്നാണ് എംപിമാർ പണം കൈപ്പറ്റിയത്. സംഘടനയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഇരുസഭയിലും ഉന്നയിക്കണമെന്ന ആവശ്യം ഇവർ അംഗീകരിക്കുകയും അതു പ്രകാരം എട്ടു മാസത്തിനിടെ കോബ്ര പ്രതിനിധികൾ കൊടുത്ത അറുപതിലേറെ ചോദ്യങ്ങളിൽ 25 എണ്ണം പാർലമെന്റിന്റെ കടുത്ത ചോദ്യ തിരഞ്ഞെടുപ്പു രീതിയെ മറികടന്ന് ഉന്നയിക്കപ്പെട്ടു.

എൻഡിഎ ഭരണകാലത്തു തെഹൽക ഡോട്ട് കോമിലൂടെ പ്രതിരോധ ഇടപാടിലെ കോഴക്കഥ പുറത്തുകൊണ്ടുവന്നു ബിജെപി അധ്യക്ഷൻ ബംഗാരു ലക്ഷ്‌മണിന്റെയും പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസിന്റെയും കസേര തെറിപ്പിച്ച അനിരുദ്ധ ബഹാലിനൊപ്പം കോബ്ര പോസ്‌റ്റ് ഒരുക്കിയ‘ഓപ്പറേഷൻ ദുര്യോധന’യിൽ സുഹാസിനി രാജായിരുന്നു പ്രധാന പങ്കുവഹിച്ചത്.