Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് യൂണിഫോം ആർക്കൊക്കെ ധരിക്കാം?; വാദപ്രതിവാദം മുറുകുന്നു

Sabarimala Women Entry രഹ്ന ഫാത്തിമ, കവിത എന്നിവരെ പൊലീസ് സുരക്ഷയിൽ മല കയറ്റിയപ്പോൾ.

തിരുവനന്തപുരം ∙ ശബരിമല പ്രവേശനത്തിനെത്തിയ രണ്ടു യുവതികളില്‍ ഒരാള്‍ക്കു ഹെല്‍മറ്റും ശരീര സുരക്ഷയ്ക്കുള്ള ജാക്കറ്റും നല്‍കിയ പൊലീസ് നടപടി വിവാദമാകുമ്പോള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിയമവിദഗ്ധര്‍ക്കും ഇതേക്കുറിച്ചു വ്യത്യസ്ത അഭിപ്രായം. സ്ത്രീകളുടെ സുരക്ഷയുടെ ഭാഗമായിരുന്നു നടപടിയെന്നും നല്‍കിയതു യൂണിഫോമല്ലെന്നും പൊലീസ് വാദിക്കുന്നു. നടപടി കേരള പൊലീസ് ആക്ടിന്റെ ലംഘനമാണെന്നാണു പ്രതിപക്ഷവും ഒരു വിഭാഗം നിയമജ്ഞരും ചൂണ്ടിക്കാട്ടുന്നത്.

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ, ആന്ധ്ര സ്വദേശിയായ മാധ്യമപ്രവർത്തക കവിത എന്നിവരാണു രാവിലെ സന്നിധാനത്തേക്കു പോകാന്‍ പമ്പയിലെത്തിയത്. പ്രതിഷേധം ഉണ്ടാകാനിടയുള്ളതിനാല്‍ ഹെല്‍മറ്റും സുരക്ഷാജാക്കറ്റും നല്‍കിയാണു പൊലീസ് ഇവരെ കൊണ്ടുപോയത്. കവിതയ്ക്കാണു പൊലീസ് സേന ഉപയോഗിക്കുന്ന ഹെല്‍മറ്റും സുരക്ഷാജാക്കറ്റും നല്‍കിയത്. രഹ്നയ്ക്കു സാധാരണ ഹെല്‍മറ്റും നല്‍കി. സന്ദര്‍ശനം മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഭക്തരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഇവര്‍ക്കു നടപ്പന്തലില്‍നിന്നു മടങ്ങേണ്ടിവന്നു.

പൊലീസ് യൂണിഫോം ഉപയോഗിച്ചതു കേരള പൊലീസ് ആക്ടിന്റെ ലംഘനമെന്നാണു പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല ആരോപിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ സുരക്ഷയുടെ ഭാഗമായാണു ഹെല്‍മറ്റും ജാക്കറ്റും നല്‍കിയതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

കേരള പൊലീസ് ആക്ടില്‍ 43-ാം വകുപ്പിലാണു യൂണിഫോമിനെക്കുറിച്ചു പരാമര്‍ശിക്കുന്നത്. ഇതില്‍ നാലാം ഉപവിഭാഗത്തില്‍ പറയുന്നതിങ്ങനെ: ഔദ്യോഗിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനല്ലാത്ത യാതൊരാളും പൊലീസ് യൂണിഫോമോ പൊലീസ് യൂണിഫോമെന്നു തോന്നലുണ്ടാക്കുന്നതോ ആയ യാതൊരു വേഷവും ധരിക്കാന്‍ പാടില്ല. 117 സി പറയുന്നതു വിനോദ ആവശ്യത്തിനൊഴികെ പൊലീസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തുന്നതിനെക്കുറിച്ചാണ്.

ആക്ടിലെ ഏതെങ്കിലും ചട്ടങ്ങളോ വ്യവസ്ഥകളോ ലംഘിച്ചാല്‍ ആറു മാസത്തില്‍ കവിയാത്ത തടവോ 2,000 രൂപ വരെ പിഴയോ, ഇവ രണ്ടുംകൂടിയോ ശിക്ഷയായി നല്‍കാമെന്ന് ആക്ടിലെ 121-ാം വകുപ്പില്‍ വ്യക്തമാക്കുന്നു. ഇതനുസരിച്ചു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു ശിക്ഷ നല്‍കണമെന്നാണു പ്രതിപക്ഷത്തുനിന്ന് ഉയരുന്ന ആവശ്യം.

എന്നാല്‍ സുരക്ഷയുടെ ഭാഗമായാണ് ശരീര സുരക്ഷയ്ക്കുള്ള ജാക്കറ്റും ഹെല്‍മറ്റും നല്‍കിയതെന്നും അധികാര ചിഹ്നങ്ങളോ യൂണിഫോമോ നല്‍കിയിട്ടില്ലാത്തതിനാല്‍ ആക്ടിന്റെ ലംഘനമാകില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ‘യൂണിഫോമോ അധികാര ചിഹ്നങ്ങളോ നല്‍കാത്തതിനാല്‍ ചട്ടലംഘനം ഉണ്ടെന്നു കരുതാനാകില്ല’- മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. പൊലീസ് എന്നെഴുതിയ സുരക്ഷാജാക്കറ്റ് നല്‍കിയതു തെറ്റാണെന്നും ഇത്തരം നടപടി മുന്‍പ് ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസും ബിജെപിയും ചൂണ്ടിക്കാട്ടുന്നു. ചില നിയമവിദഗ്ധരും ഇതിനെ അനുകൂലിക്കുന്നു.