Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: പൊലീസ് നടപടി ചോർന്നത് സേനയിൽനിന്നെന്ന്; അന്വേഷണം

nilakkal-stone-pelting നിലയ്ക്കലിൽ കഴിഞ്ഞ ദിവസം പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യം.

തിരുവനന്തപുരം ∙ ശബരിമലയിലെ പൊലീസ് നടപടികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോരുന്നതിനെ സംബന്ധിച്ച് സേനയ്ക്കുള്ളില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നു. നിലയ്ക്കലില്‍ പ്രതിഷേധക്കാരെ പൊലീസ് നേരിടുന്നതിന്റെ വിഡിയോകള്‍ സേനയ്ക്കുള്ളിലുള്ളവര്‍ ചിത്രീകരിച്ച് ചില സംഘടനകള്‍ക്കു കൈമാറിയെന്ന തരത്തിലാണ് ചര്‍ച്ച. ശബരിമലയിലെ പൊലീസ് വിന്യാസം സംബന്ധിച്ച വിവരങ്ങള്‍ പ്രതിഷേധക്കാർക്കു ചോർന്നുകിട്ടുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് സേനയ്ക്കുള്ളില്‍ അന്വേഷണം ആരംഭിച്ചു.

പൊലീസ് പ്രതിഷേധക്കാരെ മര്‍ദിക്കുന്നതും അവരുടെ ബൈക്കുകള്‍ മറിച്ചിടുന്നതുമായ വിഡിയോകള്‍ പൊലീസ് നിലയുറപ്പിച്ചിരിക്കുന്ന ഭാഗത്തുനിന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ വിഡിയോകള്‍ ചില വാട്‌സാപ് ഗ്രൂപ്പുകളിലേക്കെത്തുകയും പിന്നീട് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കപ്പെടുകയുമായിരുന്നു.  

പൊലീസ് വാട്‌സാപ് ഗ്രൂപ്പുകളില്‍ ശബരിമലയിലെ പൊലീസ് നടപടിയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. പൊലീസ് നടപടിയെ വിമര്‍ശിച്ചും യുവതീപ്രവേശനത്തെ അനുകൂലിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചര്‍ച്ചകള്‍ പരിധി ലംഘിക്കുന്നവയാണെന്നാണ് പൊലീസ് ആസ്ഥാനത്തു ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. 

എന്നാൽ‍, വിവരങ്ങള്‍ ചോരുന്നില്ലെന്ന നിലപാടിലാണ് പൊലീസ് നേതൃത്വം. ‘സേനയില്‍ വ്യത്യസ്ത കാഴ്ചപ്പാടുള്ളവരും വിശ്വാസമുള്ളവരും ഉണ്ട്. വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. അതൊരിക്കലും സേനയുടെ അച്ചടക്കത്തെ ബാധിക്കുന്ന തരത്തിലേക്കു വളരില്ല’ - ഇന്റലിജന്‍സ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. 

സേനയുടെ അച്ചടക്കത്തെ ബാധിക്കുന്ന തരത്തിലുള്ള, സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം, മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലും വാട്‌സാപ് ഗ്രൂപ്പുകളിലും പ്രതികരണം നടത്തുന്നവരെ പൊലീസ് നിരീക്ഷിക്കുന്നുമുണ്ട്. ഒരു സംഘടനയുടെ വാട്‌സാപ് ഗ്രൂപ്പില്‍വന്ന, കലാപത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദരേഖ ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചു. ഈ സംഘടനയുടെ വിവിധ വാട്‌സാപ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തിലാണ്.  ഇന്റലിജന്‍സ് എഡിജിപിക്കാണ് അന്വേഷണത്തിന്റെ ചുമതല. 

സോഷ്യല്‍ മീഡിയയില്‍ ശബരിമല വിഷയത്തെക്കുറിച്ച് തെറ്റായതും നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെക്കുറിച്ച് ഹൈടെക് സെല്ലും സൈബര്‍സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബര്‍സെല്‍ ഇതിനുവേണ്ടി ഒരു സിഐയുടെ നേതൃത്വത്തില്‍ സൈബര്‍ പട്രോളിങ് ടീം രൂപീകരിച്ചു. സമൂഹ മാധ്യമങ്ങളിലെ ട്രോളുകളും പോസ്റ്റുകളും നിരീക്ഷിക്കുകയാണ് ഇവരുടെ ചുമതല. മുഖ്യമന്ത്രിക്കെതിരെ മോശമായ രീതിയില്‍ വിമര്‍ശനം ഉന്നയിക്കുകയും കലാപ ആഹ്വാനം നടത്തുകയും ചെയ്ത ആളിനെതിരെ സൈബര്‍സെല്‍ കേസ് റജിസ്റ്റര്‍ ചെയ്തു. കലാപ ആഹ്വാനത്തിന് ഐപിസി 153 എ അനുസരിച്ചാണ് കേസ്.