Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല കേസിൽ ഇടപെടും, സുപ്രീം കോടതിക്ക് റിപ്പോർട്ട് നൽകും: ദേവസ്വം ബോർഡ്

a-padmakumar എ.പത്മകുമാർ

തിരുവനന്തപുരം∙ ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ടു നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ചു വിശദ റിപ്പോർട്ട് തയാറാക്കി സുപ്രീംകോടതിയെ സമീപിക്കുമെന്നു തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. കേസില്‍ കേരളത്തിനു വേണ്ടി നിലകൊണ്ട അഡ്വ. മനു അഭിഷേഖ് സിങ്‌വിയെത്തന്നെ ഇതിനു വേണ്ടി ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെടും. ഹൈക്കോടതിയിലും ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകും. പുനഃപരിശോധനാ ഹർജി നൽകില്ല. കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സിലുമായും മനു അഭിഷേക് സിങ്‌വിയുമായും ബോര്‍ഡ് ചർച്ച ചെയ്യും. കേസിൽ ഇടപെടാൻ തന്നെയാണു ദേവസ്വം ബോർഡ് തീരുമാനമെന്നും പത്മകുമാർ വ്യക്തമാക്കി. ദേവസ്വം ബോർഡ് യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പത്മകുമാർ.

ഇപ്പോൾത്തന്നെ ശബരിമല വിഷയത്തിൽ 25ൽ അധികം പുനഃപരിശോധന ഹർജികൾ വന്നിട്ടുണ്ട്. ഇതിലെല്ലാം ബോർഡ് കക്ഷിയാണ്. ബോർഡിന്റെ നിലപാട് എങ്ങനെ സുപ്രീകോടതിയെ അറിയിക്കുമെന്ന് അഭിഭാഷകനുമായി ചർച്ച ചെയ്തു തീരുമാനിക്കും. കോടതിയിൽ ഏതു രീതിയില്‍ റിപ്പോര്‍ട്ട് കൊടുക്കാന്‍ കഴിയുമെന്നു പരിശോധിക്കും. നിയമപരമായി എങ്ങനെ നീങ്ങണമെന്നു മുഖ്യമന്ത്രിയുമായി സംസാരിക്കും. ശബരിമല വിഷയത്തിൽ ബോര്‍ഡിന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യേണ്ടതില്ല. ഇക്കാര്യത്തിൽ വെല്ലുവിളി നടത്താന്‍ ബോര്‍ഡിനു കഴിയില്ല. ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവനെ ബോര്‍ഡ് യോഗത്തിലേക്കു ക്ഷണിച്ചില്ല എന്നതു തെറ്റാണെന്നും അദ്ദേഹത്തിന്റെ കാലാവധി ഇന്നലെ കഴിഞ്ഞതിനാലാണ് വിളിക്കാത്തതെന്നും പത്മകുമാര്‍ പറഞ്ഞു.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഗൗരവമേറിയ പ്രശ്നങ്ങളാണു നിലവിലുള്ളത്. കഴിഞ്ഞ ദിവസം പന്തളം രാജകൊട്ടാരത്തിലെയും തന്ത്രി കുടുംബത്തിലെയും ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന സംഘടനകളുടെയും യോഗം വിളിച്ചിരുന്നു. ആ യോഗത്തിൽ ഉറപ്പുകൊടുത്തതു പുനഃപരിശോധനാ ഹർജി സംബന്ധിച്ച് 19നു യോഗം കൂടി തീരുമാനമെടുക്കാം എന്നായിരുന്നു. അത് അംഗീകരിക്കാതെ അവർ പോയി. അന്യസംസ്ഥാന തീർഥാടകരെ ഉൾപ്പെടെ ബാധിക്കും വിധം നിലവിൽ ശബരിമലയിൽ ഗുരുതര സാഹചര്യങ്ങളാണുള്ളത്. അതിനാലാണ് അവധിയാണെങ്കിലും ബോർഡ് യോഗം കൂടിയത്. അടിയന്തരമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം വിളിക്കണമെന്ന് ആവശ്യപ്പെടുമെന്നും പത്മകുമാർ വ്യക്തമാക്കി.

ഒരു ഭാഗത്ത് കോടതിവിധി നടപ്പാക്കാനുള്ള ബാധ്യത ബോർഡിനുണ്ട്. ഒപ്പം ശബരിമലയിൽ ക്രമസമാധാന പ്രശ്നങ്ങളില്ലാതെ സന്ദര്‍ശനം നടത്താനാകണമെന്ന കേന്ദ്രത്തിന്റെ നിർദേശവുമുണ്ട്. എന്നാൽ നിലവിൽ അവിടെ വളരെ വ്യക്തമായ ധാരണയോടെ ഭക്തരായ ജനങ്ങൾ എന്നതു മാറി ചില കാര്യങ്ങൾ നടക്കുന്നുണ്ട്. ശബരിമലയെ ആ നിലയിലേക്കു മാറ്റാന്‍ ബോർഡിന് ആഗ്രഹമില്ല. ശബരിമയിലേക്ക് ഭക്തർ പോകുന്നത് സമാധാനത്തിനു വേണ്ടിയാണ്. അവിടമൊരു കലാപഭൂമിയാക്കാൻ ആഗ്രഹിക്കുന്നില്ല. സംയമനത്തോടെ നിലപാട് സ്വീകരിക്കണമെന്നു ഭക്തരോടു വീണ്ടും ആവശ്യപ്പെടുകയാണ്. ശബരിമലയുടെ കാര്യത്തിൽ രാഷ്ട്രീയം കളിക്കാൻ ബോർഡ് ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും തെളിയിക്കാൻ വേണ്ടി ശബരിമല കയറാനെത്തുന്നതിനോടു യോജിക്കാനാകില്ലെന്നും പത്മകുമാർ പറഞ്ഞു.