Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃപ്തി ദേശായിയുടെ ശബരിമല യാത്ര നീട്ടി; അടുത്ത മാസം സന്ദർശിക്കാൻ തീരുമാനം

Trupti Desai തൃപ്തി ദേശായി

ന്യൂഡൽഹി∙ വനിത അവകാശ പ്രവർത്തക തൃപ്തി ദേശായിയുടെ ശബരിമലയാത്ര നീട്ടിവച്ചു. അടുത്തമാസം 17ന് മണ്ഡലകാലം ആരംഭിച്ചശേഷം ശബരിമലയില്‍ എത്താനാണ് തൃപ്തി ദേശായിയുടെ പുതിയ തീരുമാനം. ഇക്കാര്യം അവർ മനോരമന്യൂസിനോടു സ്ഥിരീകരിച്ചു. യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ അടുത്ത ആഴ്ച പുണെയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കാനാണു നീക്കം.

യുവതീപ്രവേശത്തിൽ സുപ്രീംകോടതി വിധി വന്നശേഷം, ഉടൻ ശബരിമലയിലേക്കുവരുമെന്നായിരുന്നു ഭൂമാതാ ബ്രിഗേഡ് നേതാവായ അവർ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ശബരിമല വിഷയത്തിൽ കേരളത്തിലെമ്പാടും ഉയർന്ന പ്രതിഷേധവും, ശബരിമലയിലേക്കു പോയ യുവതികൾക്കു തിരികെമടങ്ങേണ്ടിവന്ന സാഹചര്യവുമാണു പുതിയ തീരുമാനത്തിനു പിന്നിലെന്നാണു സൂചന. സന്ദർശന തീരുമാനം പുനഃപരിശോധിക്കില്ലെന്നും ഒരുസംഘം യുവതികൾക്കൊപ്പം താനും മലചവിട്ടുമെന്നും അവ‍ർ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധിയുള്ളതിനാൽ മലചവിട്ടുന്നതിനു തടസ്സമില്ലെന്നു അതിനെ തടയുന്ന പ്രതിഷേധത്തോടു യോജിക്കാനാകില്ലെന്നും അവർ പറഞ്ഞു. 

ശബരിമല ഉൾപ്പെടെ സ്ത്രീ വിവേചനവിഷയങ്ങൾ ഉയർത്തിക്കാട്ടി കഴിഞ്ഞദിവസം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽകാണാനും തൃപ്തി നീക്കംനടത്തിയിരുന്നു. മോദി, മാഹാരാഷ്ട്ര ഷിർഡിക്ഷേത്രം സന്ദർശിക്കുന്നതിനിടെ ചർച്ചയ്ക്ക് അവസരമൊരുക്കണമെന്നു കാട്ടി അഹമ്മദ്നഗർ എസ്പിക്ക് അപേക്ഷ സമർപ്പിച്ചു. അനുമതിയില്ലെങ്കിൽ പ്രധാനമന്ത്രിയെ റോഡിൽതടയുമെന്നും തൃപ്തി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഷിർഡിയിലേക്കു യാത്ര തുടങ്ങുംമുൻപേ പുണെ പൊലീസ് അവരെ കരുതലിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തു. പിന്നീട് പത്ത് മണിക്കൂറിനു ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു.